Mental Health : മനസുഖം നഷ്ടപ്പെടുന്നുവോ? ശ്രദ്ധിക്കാം ഈ അഞ്ച് കാര്യങ്ങള്‍

By Web TeamFirst Published May 19, 2022, 7:28 PM IST
Highlights

മാനസികാരോഗ്യത്തിന് നിത്യജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ടെന്നതില്‍ തര്‍ക്കം തോന്നേണ്ട കാര്യമില്ല. ഇനി മാനസികമായി നമ്മള്‍ നേരിടുന്ന ചില പ്രശ്നങ്ങളെ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന ലൈഫ്സ്റ്റൈല്‍ ടിപ്സ് ആണ് പങ്കുവയ്ക്കുന്നത്. 

ശരീരത്തിന്‍റെ ആരോഗ്യം പോലെ ( Physical Health )  തന്നെ പ്രധാനമാണ് മനസിന്‍റെ ആരോഗ്യവും ( Mental Health ). എന്നാല്‍ പലപ്പോഴും മാനസികാരോഗ്യത്തിന് നമ്മുടെ സമൂഹത്തില്‍ വേണ്ടവിധം പ്രാധാന്യം ലഭിക്കാറില്ല എന്നതാണ് സത്യം. ലോകത്ത് തന്നെ വിഷാദരോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന രാജ്യമായി ഇന്ത്യ രേഖപ്പെടുത്തപ്പെടുന്നതും ഒരുപക്ഷേ ഇക്കാരണം കൊണ്ടാകാം. 

എന്തായാലും മാനസികാരോഗ്യത്തിന് നിത്യജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ടെന്നതില്‍ തര്‍ക്കം തോന്നേണ്ട കാര്യമില്ല. ഇനി മാനസികമായി നമ്മള്‍ നേരിടുന്ന ചില പ്രശ്നങ്ങളെ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന ലൈഫ്സ്റ്റൈല്‍ ടിപ്സ് ആണ് പങ്കുവയ്ക്കുന്നത്. 

നാം ശരീരത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ പോലെ തന്നെ മനസിന് വേണ്ടിയും ചിലത് ചെയ്യേണ്ടതുണ്ട്. അത്തരത്തിലുള്ള അഞ്ച് കാര്യങ്ങള്‍...

ഒന്ന്...

രാവിലെ ഉറക്കമുണര്‍ന്നയുടന്‍ തന്നെ അല്‍പനേരം സൂര്യപ്രകാശമേല്‍ക്കുക. ഈ സമയം മൊബൈല്‍ ഫോണോ പത്രമോ ഒന്നും നോക്കേണ്ട. നമ്മുടെ ബോഡി ക്ലോക്ക് കൃത്യമായി പോകാനും (ചര്യ), ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാര്യമായി സംഭവിക്കാതിരിക്കാനും ഈ ശീലം ഏറെ സഹായിക്കും. 

ഇതിന് പുറമെ വെളിച്ചവും ഇരുട്ടുമെല്ലാം തിരിച്ചറിഞ്ഞ് നമ്മെ സ്ഥലകാലബോധത്തിലേക്ക് നയിക്കുന്ന തലച്ചോറിലെ 'പീനിയല്‍ ഗ്രന്ഥി'നന്നായി പ്രവര്‍ത്തിക്കുന്നതിനും ഈ ശീലം സഹായകമാണ്. രാപ്പകല്‍ ഇല്ലാതെ മൊബൈല്‍- ലാപ്ടോപ്- ടിവി സ്ക്രീനുകളിലും വീട്ടകങ്ങളിലും സമയം ചെലവിടുമ്പോള്‍ തലച്ചോര്‍ തന്നെ ആശയക്കുഴപ്പത്തിലായേക്കാം. 

രാവിലെ സൂര്യപ്രകാശമേല്‍ക്കുന്നത് ദിവസം മുഴുവന്‍ ഊര്‍ജ്ജം പകര്‍ന്നുനല്‍കും. ഒപ്പം തന്നെ ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍-ഡിയും ഇതില്‍ നിന്ന് ലഭിക്കും. 

രണ്ട്...

കൊവിഡ് 19ന്‍റെ വരവോടെ ജോലി വീട്ടിലിരുന്ന് തന്നെയായ നിരവധി പേരുണ്ട്. ഇപ്പോഴും ഇവരില്‍ പലരും വീട്ടില്‍ തന്നെയാണ് ജോലിയുമായി തുടരുന്നത്. ഇത്തരക്കാരാണ് നിലവില്‍ മാനസികമായി ഏറെ പ്രയാസങ്ങള്‍ നേരിടുന്നത്. വീട്ടിലിരുന്ന് തന്നെ ജോലിയാകുമ്പോള്‍ അത് മടുപ്പുണ്ടാക്കാനുള്ള സാധ്യതകളേറെയാണ്. അതിനാല്‍ ജോലിസമയം കൃത്യമായി പാലിക്കുക. അതിനുള്ളില്‍ തന്നെ ആവശ്യമായ ബ്രേക്കുകളെടുക്കുക. സമയം കഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കാതിരിക്കുക. 

മൂന്ന്...

ഇന്ന് സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്തവര്‍ വിരളമാണ്. എന്നാല്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവിടാതെ സോഷ്യല്‍ മീഡിയയില്‍ ഏറെ നേരം തുടരുന്നത് മനസിനെ ദോഷകരമായി ബാധിക്കാം. അതിനാല്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം ചെലവിടാനും സമയം കണ്ടെത്താം. ഇതിന് പുറമെ മനസിനെ മോശമായി ബാധിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാതിരിക്കുക. അത്തരം കാര്യങ്ങളെ കണ്ടെത്തി, തിരിച്ചറിഞ്ഞ്, ഒഴിവാക്കി ആരോഗ്യപൂര്‍വം സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യാം. 

നാല്...

മെഡിറ്റേഷന്‍ എന്ന് കേട്ടിട്ടില്ലേ? ധ്യാനനിരതരായിരിക്കുന്നത് മനസിന് ഒരുപാട് ഗുണം ചെയ്യുന്ന കാര്യമാണ്. എന്നാല്‍ മിക്കവര്‍ക്കും ഇപ്പോഴും ഇതിന്‍റെ അര്‍ത്ഥം അറിയില്ല എന്നതാണ് സത്യം. യോഗ മാത്രമല്ല, മെഡിറ്റേഷന്‍. 

പാചകം, പൂന്തോട്ട പരിപാലനം, സംഗീത-നൃത്ത പരിശീലനം, തയ്യല്‍ എന്നുതുടങ്ങി മെഡിറ്റേഷന്‍ ചെയ്യാവുന്ന ഏരിയകള്‍ പലതാണ്. ഒരേയൊരു കാര്യം മാത്രം ശ്രദ്ധിക്കുക. മറ്റ് സംസാരങ്ങളോ മറ്റ് വിഷയങ്ങളിലേക്ക് ശ്രദ്ധ പതറിപ്പോകുന്നതോ ഒഴിവാക്കിക്കൊണ്ട് സ്വയം മാത്രം കേന്ദ്രീകരിച്ചായിരിക്കണം ഈ സമയം ചെലവിടാന്‍. ഇത് മാനസികാരോഗ്യത്തെ വളരെ നല്ലരീതിയില്‍ സ്വാധീനിക്കും. 

അഞ്ച്...

ശരീരത്തിന്‍റെ ആരോഗ്യത്തിനും മനസിന്‍റെ ആരോഗ്യത്തിനും ഒരുപോലെ ഗുണകരമാകുന്നൊരു ശീലമാണ് വ്യായാമം. ഇത് പതിവായി ചെയ്യുന്നതിലൂടെ തീര്‍ച്ചയായും മനസുഖം നേടാനാകും. 'എന്‍ഡോര്‍ഫിന്‍', 'സെറട്ടോണിന്‍' പോലുള്ള സന്തോഷം നല്‍കുന്ന ഹോര്‍മോണുകള്‍ കൂടുതലായി ഉത്പാദിപ്പിക്കാൻ വ്യായാമം സഹായിക്കും. അതുപോലെ ശരീരത്തിന് ഉന്മേഷം ലഭിക്കുന്നതിലൂടെയും, ആത്മവിശ്വാസം വര്‍ധിക്കുന്നതിലൂടെയുമെല്ലാം വ്യായാമം നമ്മുടെ മനസിനെ 'പോസിറ്റീവ്' ആയി സ്വാധീനിക്കും.

Also Read:- 'വന്ധ്യത സ്ത്രീകളെയും പുരുഷന്മാരെയും മാനസികമായി ബാധിക്കുന്നു'

click me!