Asianet News MalayalamAsianet News Malayalam

Infertility Treatment : 'വന്ധ്യത സ്ത്രീകളെയും പുരുഷന്മാരെയും മാനസികമായി ബാധിക്കുന്നു'

സ്ത്രീകള്‍ക്ക് മാത്രമാണ് വന്ധ്യതയുണ്ടാവുക, വഴിവിട്ട ജീവിതമാണ് വന്ധ്യതയുണ്ടാക്കുന്നത് എന്ന് തുടങ്ങി അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെടുത്തി പോലും ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്നവരുണ്ട്. എന്തായാലും വന്ധ്യതയുടെ കാരണങ്ങള്‍ ഇത്തരത്തിലുള്ള ഘടകങ്ങളൊന്നുമല്ല

infertility diagnosis and treatment do severe mental impact on patients
Author
UK, First Published Apr 22, 2022, 11:15 PM IST

വന്ധ്യതയെക്കുറിച്ച് മുന്‍കാലങ്ങളെ അപേക്ഷിച്ച് കുറെക്കൂടി തുറന്ന ചര്‍ച്ചകളും ( Open Discussion ) വിശകലനങ്ങളും ഇപ്പോള്‍ നടന്നുവരുന്നുണ്ട്. എങ്കില്‍ പോലും സാമൂഹികമായി വന്ധ്യത സൃഷ്ടിക്കുന്ന ( Infertility Misconceptions) പ്രശ്‌നങ്ങള്‍ തുടരുകയാണ്. പുരുഷനെയും സ്ത്രീയെയും ( Men and Women ) ഇത് ഒരുപോലെ ബാധിക്കാം. 

പ്രത്യുത്പാദന വ്യവസ്ഥയില്‍ കാണുന്ന ഏതെങ്കിലും വിധത്തിലുള്ള പ്രശ്‌നങ്ങള്‍ മൂലം കുട്ടികളുണ്ടാകാതിരിക്കുന്ന അവസ്ഥയാണ് വന്ധ്യതയിലുണ്ടാകുന്നത്. 12 മാസങ്ങള്‍, അതായത് ഒരു വര്‍ഷത്തോളം ഗര്‍ഭനിരോധന മാര്‍ഗങ്ങളേതും ഉപയോഗിക്കാതെ ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടും സ്ത്രീ ഗര്‍ഭിണിയാകുന്നില്ല എങ്കില്‍ അക്കാര്യം പരിശോധിക്കേണ്ടതാണ്. 

വന്ധ്യത സംബന്ധിച്ച് ധാരാളം തെറ്റായ സങ്കല്‍പങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ആദ്യമേ സൂചിപ്പിച്ചത് പോലെ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ സ്ഥിതിഗതികളില്‍ കാര്യമായ വ്യത്യാസമുണ്ട്. എങ്കില്‍പോലും പല തെറ്റിദ്ധാരണകളും ഇന്നും നിലനില്‍ക്കുന്നുണ്ട്. 

സ്ത്രീകള്‍ക്ക് മാത്രമാണ് വന്ധ്യതയുണ്ടാവുക, വഴിവിട്ട ജീവിതമാണ് വന്ധ്യതയുണ്ടാക്കുന്നത് എന്ന് തുടങ്ങി അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെടുത്തി പോലും ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്നവരുണ്ട്. എന്തായാലും വന്ധ്യതയുടെ കാരണങ്ങള്‍ ഇത്തരത്തിലുള്ള ഘടകങ്ങളൊന്നുമല്ല. 

ജനിതകമായ കാരണങ്ങള്‍, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, കാലാവസ്ഥ, ജീവിതരീതി തുടങ്ങി പല ഘടകങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. വന്ധ്യതയിലേക്ക് സംശയം നീളുന്ന സാഹചര്യത്തില്‍ ഇത് ഒരു ഡോക്ടറുടെ സഹായത്തോടെ തന്നെ നിര്‍ണയിക്കുകയും ചികിത്സയെടുക്കുകയുമാണ് വേണ്ടത്. 

എന്നാല്‍ ഇത്തരത്തില്‍ വന്ധ്യത കണ്ടെത്തപ്പെടുമ്പോഴും ചികിത്സ നടക്കുമ്പോഴും രോഗികളും അവരുടെ പങ്കാളികളും കടുത്ത മാനസികപ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നുവെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്. യുകെയിലെ കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയും 'ഫെറിംഗ് ഫാര്‍മസ്യൂട്ടിക്കല്‍സ്'ഉം സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തപ്പെട്ടിരിക്കുന്നത്. 

സ്വാഭാവികമായും രോഗനിര്‍ണയവേളയിലും ചികിത്സയിലും രോഗികള്‍ മാനസികസമ്മര്‍ദ്ദത്തിലാകാം. എന്നാല്‍ വന്ധ്യതയുടെ കാര്യത്തില്‍ ഇത് വളരെ കൂടുതലാണെന്ന് പഠനം രേഖപ്പെടുത്തുന്നു. പഠനത്തില്‍ പങ്കെടുത്ത രോഗികളില്‍ 60 ശതമാനം പേരും തങ്ങളെ വന്ധ്യത മാനസികമായി തളര്‍ത്തിയതായി സാക്ഷ്യപ്പെടുത്തി. 

മൂന്നിലൊരാളെങ്കിലും രോഗനിര്‍ണയത്തെ തുടര്‍ന്ന് പങ്കാളിയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ നേരിട്ടതായും ചൂണ്ടിക്കാട്ടുന്നു. വന്ധ്യത കണ്ടെത്തപ്പെടാതിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുപോകും വിധത്തിലുള്ള മാനസികപ്രശ്‌നങ്ങളാണ് തങ്ങള്‍ നേരിട്ടതെന്ന് ഇവര്‍ ഗവേഷകരോട് സമ്മതിച്ചതായി റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. 

ചികിത്സാഘട്ടങ്ങളെ അപേക്ഷിച്ച് രോഗനിര്‍ണയസമയത്താണ് മിക്കവരിലും വിഷാദം, ഞെട്ടല്‍, ഒറ്റപ്പെടല്‍, പരാജയഭീതി എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ കണ്ടതെന്നും റിപ്പോര്‍ട്ട് പറയുന്നു. അതുപോലെ തന്നെ ചികിത്സ നീണ്ടുപോകുന്ന അവസ്ഥ, ഗര്‍ഭധാരണത്തിന് ശേഷം അത് അലസിപ്പോകുന്ന സാഹചര്യം തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിലും രോഗികളും പങ്കാളികളും വളരെയധികം മാനസികസമ്മര്‍ദ്ദങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

'പഠനത്തില്‍ പങ്കെടുത്ത പകുതിയിലധികം പേരും, അതായത് 53 ശതമാനം പേരും വന്ധ്യത നിര്‍ണയിക്കുന്ന സമയത്തും തുടര്‍ന്നുള്ള ചികിത്സാവേളകളിലും മാനസിക പിന്തുണ ആവശ്യപ്പെട്ടു എന്നത് ഏറെ ശ്രദ്ധേയമാണ്. ചികിത്സയുടെ ഭാഗമായി തന്നെ ഇത് നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച വിദഗ്ധരെയാണ് വയ്‌ക്കേണ്ടതെന്നും ഇവര്‍ അഭിപ്രായപ്പെട്ടു...'- പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ ജാക്കി ബോയ്വിന്‍ പറയുന്നു.

Also Read:- സെക്‌സും നാം കഴിക്കുന്ന ഭക്ഷണവും തമ്മിലുള്ള ബന്ധം...

Follow Us:
Download App:
  • android
  • ios