Asianet News MalayalamAsianet News Malayalam

Sunburn : യുവതിയുടെ മുഖത്തിന്‍റെ നിറം മാറി, സ്കിൻ പ്ലാസ്റ്റിക് പോലെയായി; കാരണം എന്തെന്നറിയുമോ?

എഴുന്നേറ്റപ്പോഴേക്ക് നെറ്റിയില്‍ ചുവന്ന നിറത്തില്‍ ചെറുതായി പൊള്ളലേറ്റിരുന്നു. ഇതിന്‍റെ നീറ്റലും അനുഭവപ്പെട്ടിരുന്നു. എന്നാലിത് ഇവര്‍ കാര്യമാക്കിയില്ല. പിറ്റേന്ന് നെറ്റിയിലെ തൊലിയും പുരികവും അടക്കമുള്ള ഭാഗങ്ങള്‍ മുറുകുകയും പ്ലാസ്റ്റിക് പരുവത്തിലായി വരികയും ചെയ്തു.

girls face turned like plastic after sunburn
Author
UK, First Published Aug 22, 2022, 1:58 PM IST

നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ത്വക്ക് അഥവാ സ്കിൻ. ഓരോ വ്യക്തിയുടെയും ചര്‍മ്മം അവരുടെ ആകെ ആരോഗ്യം, പ്രായം, ജീവിതരീതികള്‍ എന്നിവയെ എല്ലാം ആശ്രയിച്ചിരിക്കും. എങ്കിലും പൊതുവില്‍ പെട്ടെന്ന് ബാധിക്കപ്പെടുന്നൊരു ഭാഗം തന്നെയാണ് സ്കിൻ. 

അതുകൊണ്ട് തന്നെ ചര്‍മ്മ പരിപാലനം ഏറെ പ്രധാനമാണ്. പ്രത്യേകിച്ച് കാലാവസ്ഥ മാറിവരുമ്പോള്‍. ചൂടുകാലത്താണെങ്കില്‍ വെയിലേല്‍ക്കുന്നത് പരമാവധി കുറയ്ക്കുകയും അല്‍ട്രാവയലറ്റ് കിരണങ്ങളേല്‍പിക്കുന്ന ആഘാതങ്ങളില്‍ നിന്ന് മുക്തരാവുകയും വേണം. 'യുവി' കിരണങ്ങള്‍ കാര്യമായ രീതിയില്‍ തന്നെയാണ് നമ്മുടെ സ്കിന്നിനെ ബാധിക്കുക.

ചില ഘട്ടങ്ങളില്‍ സൂര്യാതപമേറ്റ് മനുഷ്യരുടെ സ്കിൻ പൊള്ളിയടര്‍ന്ന് പോകുന്നത് പോലും കണ്ടിട്ടില്ലേ? സമാനമായൊരു അനുഭവം പങ്കുവയ്ക്കുകയാണ് യുകെയില്‍ നിന്നുള്ള ഒരു ഇരുപത്തിയഞ്ചുകാരി. ബ്യൂട്ടീഷ്യനായി ജോലി ചെയ്യുന്ന സിറിൻ മുറാദ് എന്ന യുവതിയാണ് തനിക്കുണ്ടായ അസാധാരണമായ അനുഭവത്തെ കുറിച്ച് പങ്കുവച്ചിരിക്കുന്നത്. 

ബള്‍ഗേറിയയില്‍ അവധിയാഘോഷത്തിനിടെ പൂളിന് അടുത്തായി കിടന്ന് ഉറങ്ങിപ്പോയതാണ് സിറിൻ. തുറസായ സ്ഥലമായിരുന്നു അത്. സൂര്യപ്രകാശം ധാരാളമായി ഏല്‍ക്കുന്നയിടം. ഇവിടെ മുപ്പത് മിനുറ്റോളമാണ് സിറിൻ കിടന്നുറങ്ങിയത്. എഴുന്നേറ്റപ്പോഴേക്ക് നെറ്റിയില്‍ ചുവന്ന നിറത്തില്‍ ചെറുതായി പൊള്ളലേറ്റിരുന്നു. ഇതിന്‍റെ നീറ്റലും അനുഭവപ്പെട്ടിരുന്നു. 

എന്നാലിത് ഇവര്‍ കാര്യമാക്കിയില്ല. പിറ്റേന്ന് നെറ്റിയിലെ തൊലിയും പുരികവും അടക്കമുള്ള ഭാഗങ്ങള്‍ മുറുകുകയും പ്ലാസ്റ്റിക് പരുവത്തിലായി വരികയും ചെയ്തു. അപ്പോഴും ഇത് മാറുമെന്ന് തന്നെ ഇവര്‍ കരുതി. പക്ഷേ പിന്നീടുള്ള ദിവസങ്ങളില്‍ മുഖത്തിന്‍റെ നിറം മാറുകയും മുഖത്തെ തൊലി അടര്‍ന്നുപോരാൻ തുടങ്ങുകയും ചെയ്തു.

ഈ ദിവസങ്ങളിലെല്ലാം മുഖത്ത് അസഹനീയമായ വേദനയുണ്ടായിരുന്നുവെന്നും തൊലി മുഴുവനായി അടര്‍ന്നുപോന്നതിന് ശേഷമാണ് അല്‍പം ആശ്വാസം ലഭിച്ചതെന്നും സിറിൻ പറയുന്നു. വെയിലേല്‍ക്കുമ്പോള്‍ ചില സന്ദര്‍ഭങ്ങളിലെങ്കിലും ഇത്രയും ഗുരുതരമായ രീതിയില്‍ പൊള്ളലേല്‍ക്കാമെന്ന് ഏവരെയും അറിയിക്കുന്നതിനും ഇക്കാര്യത്തിലൊരു അവബോധമുണ്ടാക്കുന്നതിനുമാണ് തന്‍റെ അനുഭവം തുറന്ന് പങ്കുവച്ചിരിക്കുന്നതെന്ന് സിറിൻ പറയുന്നു. 

ഒരു ബ്യൂട്ടീഷ്യനെന്ന നിലയിൽ എപ്പോഴും സണ്‍ സ്ക്രീൻ അപ്ലൈ ചെയ്യാനാണ് ഇവര്‍ നിര്‍ദേശിക്കുന്നത്.  അല്ലാത്തപക്ഷം നമ്മള്‍ പ്രതീക്ഷിക്കാത്തപ്പോള്‍ പോലും ഇത്തരത്തിലുള്ള അപകടമുണ്ടാകാമെന്നും ഇവര്‍ പറയുന്നു.

Also Read:- 'സ്വകാര്യഭാഗങ്ങളില്‍ ഏറ്റവുമധികം ടാറ്റൂ ചെയ്ത യുവതി'

Follow Us:
Download App:
  • android
  • ios