
അമിതമായി ഭക്ഷണം കഴിക്കുന്നതോ, ദീര്‍ഘനേരം കഴിക്കാതിരുന്ന ശേഷം കഴിക്കുന്നതോ എല്ലാം ചിലരില്‍ ഗ്യാസ്ട്രബിള്‍ പ്രശ്‌നവും അസിഡിറ്റിയുടെ പ്രശ്‌നവുമെല്ലാം സൃഷ്ടിക്കാറുണ്ട്. അതുപോലെ അമിതമായി എണ്ണ ചേര്‍ത്ത ഭക്ഷണം, സ്‌പൈസിയായ ഭക്ഷണം തുടങ്ങി ഭക്ഷണത്തിന്റെ പ്രത്യേകത മൂലവും അസിഡിറ്റി നേരിടാം.
ചിലര്‍ക്ക് ഉദരസംബന്ധമായ രോഗങ്ങളുണ്ടാകുന്നത് മൂലം ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ പതിവായിരിക്കും. സാധാരണനിലയില്‍ നിന്ന് തീവ്രവുമായിരിക്കും ഇവരുടെ ഈ പ്രശ്‌നങ്ങള്‍. അത്തരക്കാര്‍ ഡോക്ടറെ കണ്ട് ആവശ്യമായ ചികിത്സ തേടുന്നത് തന്നെയാണ് ഉചിതം.
എന്നാല്‍ ആദ്യം സൂചിപ്പിച്ചത് പോലെ ഡയറ്റിലെ പോരായ്കകള്‍ മൂലം അസിഡിറ്റി നേരിടുന്നവര്‍ക്ക് വീട്ടില്‍ വച്ചുതന്നെ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങളുണ്ട്. അങ്ങനെയുള്ള അഞ്ച് പൊടിക്കൈകളാണ് ഇനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
ഭക്ഷണശേഷം അല്‍പം പെരുഞ്ചീരകം കഴിച്ചാല്‍ അസിഡിറ്റിയെ അകറ്റാന്‍ സാധിക്കും. ഇതിലടങ്ങിയിരിക്കുന്ന പ്രത്യേകതരം ഓയില്‍ ദഹനം എളുപ്പത്തിലാക്കാനും വയറ് കെട്ടിവീര്‍ക്കുന്നത് തടയാനും സഹായിക്കുമെന്ന് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് ശില്‍പ അറോറ പറയുന്നു. പെരുഞ്ചീരകം അങ്ങനെ കഴിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇത് തിളപ്പിച്ച വെള്ളത്തില്‍ ചേര്‍ത്ത് ആ വെള്ളം കഴിക്കാം.
രണ്ട്...
മുന്‍കാലങ്ങളില്‍ മിക്ക വീടുകളിലും കണ്ടിരുന്നൊരു ചേരുവയാണ് കരിപ്പട്ടി. ശര്‍ക്കരയില്‍ നിന്ന് ഇത് വ്യത്യസ്തമാണ്. ചായ വെക്കാനും മറ്റുമാണ് കാര്യമായി ഉപയോഗിക്കുക. ഭക്ഷണശേഷം ഇത് അല്‍പം കഴിക്കുന്നതും അസിഡിറ്റി അകറ്റാന്‍ നല്ലതാണ്. ഇതിലടങ്ങിയിരികകുന്ന മഗ്നീഷ്യമാണ് ദഹനം സുഗമമാക്കുന്നത്.
മൂന്ന്...
പാലോ പാലുത്പന്നങ്ങളോ പ്രശ്‌നമില്ലാത്തവരാണെങ്കില്‍ അസിഡിറ്റിയുടെ പ്രശ്‌നമനുഭവപ്പെടുമ്പോള്‍ ഒരു ഗ്ലാസ് തണുത്ത പാല്‍ കഴിച്ചാല്‍ മതിയാകും.
നാല്...
പാല് പോലെ തന്നെ പ്രയോജനപ്രദമാണ് തൈരും. അസിഡിറ്റി അകറ്റാന്‍ തൈരും കഴിക്കാവുന്നതാണ്. വയറ്റിനകത്തെ നല്ലയിനം ബാക്ടീരയകളെ നിലനിര്‍ത്തുന്നതിലും തൈരിനുള്ള പങ്ക് ചെറുതല്ല.
അഞ്ച്...
ഇളനീര്‍ വെള്ളവും അസിഡിറ്റിയകറ്റാന്‍ നല്ലതാണ്. ഇളനീര്‍ വെള്ളം കഴിക്കുമ്പോള്‍ ശരീരത്തിന്റെ പിഎച്ച് അളവ് മാറി ആല്‍ക്കലൈന്‍ ആകുന്നു. ഇതോടെ അസിഡിറ്റിയും കുറയുന്നു.
Also Read:- ശരീരഭാരം കുറയ്ക്കാം; ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam