രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഈ ഭക്ഷണം കഴിക്കാം

By Web TeamFirst Published May 19, 2019, 9:44 PM IST
Highlights

ചില പ്രത്യേക ഭക്ഷണങ്ങൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള കഴിവുണ്ടെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. അതിൽ ഒന്നാണ് മുട്ട. പ്രഭാത ഭക്ഷണത്തിൽ ദിവസവും മുട്ട ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാൻ സഹായിക്കുമെന്ന് യുകെയിലെ നാഷനൽ ഹെൽത്ത് സ്റ്റഡിയിൽ പറയുന്നു.

പ്രമേഹം ഇന്ന് മിക്കവരെയും അലട്ടുന്ന അസുഖമാണ്. പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. 

പണ്ടുകാലങ്ങളിൽ മുതിർന്നവരിൽ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു. 95% പ്രമേഹ രോഗികളിലും കാണപ്പെടുന്നത് ടൈപ്പ്  2 പ്രമേഹം ആണ്. സാധാരണയായി  35 വയസ്സിന് മുകളിൽ  ഉള്ളവർക്കാണ് ഈ രോഗം കൂടുതലും കാണപ്പെടുന്നത്. ഇൻസുലിന്റെ  ഉല്പാദനക്കുറവോ അല്ലെങ്കിൽ ഉല്പാദിപ്പിക്കാതെയിരിക്കുകയോ ചെയ്യുമ്പോഴാണ് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നത്. 

ടൈപ്പ് 2 പ്രമേഹത്തിന് ഒരു കാരണം ഭക്ഷണരീതി കൂടിയാണ്. ഭക്ഷണത്തിൽ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഇവ കുറയ്ക്കുകയും പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുകയും ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ചില പ്രത്യേക ഭക്ഷണങ്ങൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള കഴിവുണ്ടെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

അതിൽ ഒന്നാണ് മുട്ട. പ്രഭാത ഭക്ഷണത്തിൽ ദിവസവും മുട്ട ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാൻ സഹായിക്കുമെന്ന് യുകെയിലെ നാഷനൽ ഹെൽത്ത് സ്റ്റഡിയിൽ പറയുന്നു. പ്രോട്ടീൻ ഡയറ്റിന്റെ ഭാഗമായി ദിവസവും രണ്ടു മുട്ട കഴിച്ച പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെട്ടതായി കണ്ടു. മുട്ട, ടൈപ്പ് 2 പ്രമേഹത്തിന് ആരോഗ്യകരമായ സമീകൃതാഹാരത്തിന്റെ ഭാഗമാക്കണമെന്ന് പഠനം പറയുന്നു.

പ്രോട്ടീന്റെ കലവറയായ മുട്ടയിൽ ജീവകങ്ങളും ധാതുക്കളും ധാരാളമുണ്ട്.  ഉപ്പോ കൊഴുപ്പോ ചേർക്കാതെ വേവിച്ചു വേണം മുട്ട കഴിക്കാൻ. അതുപോലെ കറുവപ്പട്ട 90 ദിവസം കഴിച്ച പ്രമേഹരോഗികളിൽ ഗ്ലൂക്കോസുമായി ബന്ധപ്പെട്ട ഹീമോഗ്ലോബിൻ A1C യുടെ അളവ് ഇരട്ടിയിലധികം കുറ‍ഞ്ഞതായും പഠനം പറയുന്നു.

click me!