
വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നതോ, വിളമ്പുന്നതോ കഴിക്കുന്നതോ എല്ലാം കാര്യമായ ആരോഗ്യപ്രശ്നങ്ങൾക്കോ അസുഖങ്ങൾക്കോ ഭക്ഷ്യവിഷബാധയ്ക്കോ കാരണമാകാം. പ്രത്യേകിച്ച് ടോയ്‍ലറ്റിന് സമീപത്ത്. പൊതുവെ നമ്മൾ വീടുകളിൽ ടോയ്‍ലറ്റിന് അടുത്തായി ഭക്ഷണം പാകം ചെയ്യുകയോ വിളമ്പുകയോ ഒന്നും ചെയ്യാറില്ല. എന്നാൽ ഹോട്ടലുകളിൽ പലപ്പോഴും ഇത്തരത്തിലുള്ള അനാരോഗ്യകരമായ പ്രവണതകള്‍ കാണാറുണ്ട്.
ഭക്ഷണം വയ്ക്കുകയോ വിളമ്പുകയോ ചെയ്യുന്നത് ടോയ്‍ലറ്റ് പരിസരത്താകുമ്പോൾ അസുഖങ്ങൾ വരാനുള്ള സാധ്യതകള്‍ പതിന്മടങ്ങ് കൂടുതലാകും. സാധാരണഗതിയിൽ നമുക്കത് മാനസികമായി ഉള്‍ക്കൊള്ളാനും സാധിക്കാറില്ല.
എന്നാൽ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ വമ്പിച്ച പ്രതിഷേധങ്ങൾക്കാണ് ഇടയാക്കുന്നത്. ഉത്തര്‍പ്രദേശിലെ സഹരാൻപൂരിൽ സെപ്തംബര്‍ 16ന് നടന്ന അണ്ടര്‍ 17 സ്റ്റേറ്റ് ലെവല്‍ കബഡി മത്സരത്തിനെത്തിയ മത്സരാര്‍ത്ഥികള്‍ക്ക് ടോയ്‍ലറ്റിനകത്ത് വച്ച് ഭക്ഷണം നല്‍കുന്നതാണ് വീഡിയോ.
തീര്‍ത്തും വൃത്തിയില്ലാത്ത സാഹചര്യമാണിവിടെ. തറയിലെല്ലാം അഴുക്കും പാടുകളും കാണാം. വാഷ് ബേസിനുകളും, മൂത്രമൊഴിക്കാനുപയോഗിക്കുന്ന യൂറിനൽസും ഉള്ളിടത്ത് വെറും തറയില്‍ തുറന്നുവച്ച വലിയ പാത്രത്തില് ചോറ് കാണാം. അതിനടുത്തായി കറിയും. അടുത്ത് തന്നെ ഒരു കടലാസ് വിരിച്ച് അതിൽ ബാക്കി വന്നിരിക്കുന്ന പൂരി അടുക്കിയിട്ടിരിക്കുന്നത് കാണാം.
മത്സരാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ഇതിനകത്ത് വന്ന് ഭക്ഷണമെടുത്ത് പുറത്തേക്ക് പോകുന്നത് വീഡിയോയില്‍ കാണാം. നിരവധി പേരാണ് ഇത്തരത്തില്‍ ഭക്ഷണം കഴിച്ചിരിക്കുന്നതെന്ന് വീഡിയോയില്‍ തന്നെ വ്യക്തമാണ്. വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായതിനെ തുടര്‍ന്ന് വിശദീകരവുമായി അധികൃതര്‍ രംഗത്തെത്തി. സ്ഥല പരിമിതി മൂലമാണത്രേ ടോയ്‍ലറ്റിനകത്ത് വച്ച് ഭക്ഷണം നല്‍കിയത്. ഇതാണ് അധികൃതരുടെ വിശദീകരണം.
സ്ഥലമില്ലെങ്കില്‍ പുറത്തുവച്ച് ഭക്ഷണം നല്‍കിയിരുന്നെങ്കിലും പ്രശ്നമില്ലായിരുന്നു, ഇതൊരിക്കലും ഉള്‍ക്കൊള്ളാവുന്നതോ അംഗീകരിക്കാവുന്നതോ അല്ലെന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. ബിജെപി സര്‍ക്കാരിനെതിരെയും വിമര്‍ശനങ്ങളുയരുന്നുണ്ട്. സംഭവം വിവാദമായതോടെ സഹരാൻപൂര്‍ സ്പോര്‍ട്സ് ഓഫീസറെ സസ്പെൻഡ് ചെയ്തതായാണ് വിവരം.
പൊതുവെ കായികതാരങ്ങളോട് പലയിടങ്ങളിലും കാണിക്കാറുള്ള വിവേചനവും സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ചര്‍ച്ചയാകുന്നുണ്ട്.
ഏത് ടോയ്‍ലറ്റിലാണെങ്കിലും ദശലക്ഷക്കണക്കിന് ബാക്ടീരിയകളാണുണ്ടാവുക. തറ തൊട്ട് ഫ്ളഷ് ഹാൻഡിലിൽ വരെ രോഗാണുക്കളുണ്ടായിരിക്കും. നാം പാചകത്തിനുപയോഗിക്കുന്ന പാത്രങ്ങളോ കപ്പുകളോ ബക്കറ്റോ പോലും ടോയ്‍ലറ്റിനകത്ത് വയ്ക്കാൻ പാടുള്ളതല്ല. അത്രമാത്രം ശ്രദ്ധിക്കേണ്ട കാര്യമാണിത്.
നേരത്തെ ഷവര്‍മ്മ കഴിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ മരണകാരണമായ ഷിജെല്ല ബാക്ടീരിയ എല്ലാം മലിനമായ സാഹചര്യത്തിലൂടെ ശരീരത്തിലെത്തുന്നതാണ്. ഇത് ബാധിച്ചയൊരാളുടെ വിസര്‍ജ്യത്തിലൂടെ മറ്റുള്ളവരിലേക്കും രോഗകാരിയെത്താം. ഇ-കോളി, ക്ലബ്സെല്ല തുടങ്ങിയ ടോയ്‍ലറ്റ് ബാക്ടീരിയകളും വൃത്തിഹീനമായ സാഹചര്യങ്ങിൽ വയ്ക്കുന്ന ഭക്ഷണത്തിൽ കാണപ്പെടാറുണ്ട്.
ഇത്രയധികം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അറിഞ്ഞിട്ടും ആവര്‍ത്തിച്ച് ഇത്തരം പിഴവുകള്‍ വരുത്തുന്നത് തീര്‍ച്ചയായും പ്രതിഷേധാര്‍ഹം തന്നെ. എല്ലാത്തിനും പുറമെ മാനസികമായ സംതൃപ്തിയും വലിയ പ്രശ്നം തന്നെയാണ്. ഇത്തരത്തിലുള്ള മലിനമായ സാഹചര്യങ്ങളില്‍ ഭക്ഷണം നല്‍കുകയെന്നത് തന്നെ മാനുഷികതയ്ക്ക് നിരക്കാത്ത പ്രവര്‍ത്തിയാണെന്ന് വീഡിയോ കണ്ടവരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നു.
വിവാദമായ വീഡിയോ...
Also Read:- പിസയ്ക്കുള്ള മാവിന് മുകളില്‍ കക്കൂസ് കഴുകുന്ന ബ്രഷും മോപ്പും; വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam