Asianet News MalayalamAsianet News Malayalam

പിസയ്ക്കുള്ള മാവിന് മുകളില്‍ കക്കൂസ് കഴുകുന്ന ബ്രഷും മോപ്പും; വീഡിയോ

പിസ തയ്യാറാക്കാൻ വേണ്ടി കുഴച്ചുവച്ചിരിക്കുന്ന മാവിന് തൊട്ടുമുകളിലായി കക്കൂസ് കഴുകുന്ന ബ്രഷും തറ തുടയ്ക്കുന്ന മോപ്പും തൂക്കിയിട്ടിരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. തീര്‍ച്ചയായും മനം മടുപ്പിക്കുന്നൊരു കാഴ്ച തന്നെയാണിത്

mops and toilet brushes hanging upon pizza dough video goes viral
Author
Bengaluru, First Published Aug 15, 2022, 11:17 PM IST

പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ നമ്മെ ഏവരെയും ഒരുപോലെ അലട്ടുന്നൊരു പ്രശ്നമാണ് ശുചിത്വം. വൃത്തിയായ സാഹചര്യത്തില്‍ വൃത്തിയായ രീതിയിലാണോ നാം കഴിക്കാൻ പോകുന്ന ഭക്ഷണം തയ്യാറാക്കിയിട്ടുണ്ടാവുക, അങ്ങനെയല്ലെങ്കില്‍ എന്തെല്ലാം അസുഖങ്ങളും ആരോഗ്യപ്രശ്നങ്ങളും ഇതുമൂലമുണ്ടാകാം എന്നെല്ലാം നാം ആശങ്കപ്പെടാറുണ്ട്.

ഇങ്ങനെയുള്ള ആശങ്കകളെ മുൻനിര്‍ത്തിയാണ് മിക്കവരും പേരുകേട്ട റെസ്റ്റോറന്‍റുകളില്‍ നിന്ന് തന്നെ ഭക്ഷണം വാങ്ങിക്കുന്നത്. ഇവിടങ്ങളില്‍ എന്തായാലും ഒരു പരിധി വരെയെങ്കിലും വൃത്തിയുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ആത്മവിശ്വാസത്തോടെ ഇവരില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത്. 

എന്നാലിപ്പോഴിതാ പ്രമുഖ ബ്രാൻഡായ 'ഡോമിനോസി'ന്‍റെ ഔട്ട്ലെറ്റില്‍ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പിസയുണ്ടാക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ബംഗലൂരുവിലെ ഹോസ റോഡിലുള്ള ഔട്ട്ലെറ്റില്‍ നിന്നുള്ളതാണ് വീഡിയോ. ഇവിടെ പിസ വാങ്ങിക്കാനെത്തിയ ആളാണ് യാദൃശ്ചികമായി കണ്ട സംഭവം വീഡിയോയില്‍ പകര്‍ത്തിയത്. 

പിസ തയ്യാറാക്കാൻ വേണ്ടി കുഴച്ചുവച്ചിരിക്കുന്ന മാവിന് തൊട്ടുമുകളിലായി കക്കൂസ് കഴുകുന്ന ബ്രഷും തറ തുടയ്ക്കുന്ന മോപ്പും തൂക്കിയിട്ടിരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. തീര്‍ച്ചയായും മനം മടുപ്പിക്കുന്നൊരു കാഴ്ച തന്നെയാണിത്. രാത്രി വൈകി പിസ വാങ്ങിക്കാനെത്തിയപ്പോള്‍ കടയുടെ മുൻവശം അടയ്ക്കേണ്ടതിനാല്‍ പിൻവാതിലില്‍ കാത്തുനില്‍ക്കാൻ പറഞ്ഞതോടെ, ഇവിടെ വച്ചാണ് സാഹില്‍ കര്‍നാനി എന്നയാള്‍ ഈ രംഗം കണ്ടത്. 

ഉടൻ തന്നെ ഇദ്ദേഹം അത് ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. ജൂലൈ 23നാണ് സംഭവം നടന്നിരിക്കുന്നത്. 

സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ തന്നെ വീഡിയോയും ഫോട്ടോകളും വൈറലായി. ഇതിന് പിന്നാലെ പ്രതികരണവുമായി കമ്പനിയും രംഗത്തെത്തി. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും, ഇതിനുത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കാൻ കമ്പനി തീരുമാനിച്ചു, ഇനിയും ഇത്തരത്തിലുള്ള അനിഷ്ടസംഭവങ്ങള്‍ തങ്ങളുടെ ഔട്ട്ലെറ്റുകളില്‍ ഉണ്ടാകില്ലെന്നും 'ഡോമിനോസ്' അറിയിച്ചു. 

സാഹിൽ പങ്കുവച്ച വീഡിയോ...

 

 

Also Read:- 'ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ എട്ടുകാലി'; പരാതിയുമായി യുവതി

Follow Us:
Download App:
  • android
  • ios