വണ്ണം കുറയ്ക്കാം, ഒപ്പം ഷുഗറും കുറയും; പതിവാക്കൂ ഈ ഭക്ഷണങ്ങള്‍...

Published : Jul 31, 2023, 08:07 PM IST
വണ്ണം കുറയ്ക്കാം, ഒപ്പം ഷുഗറും കുറയും; പതിവാക്കൂ ഈ ഭക്ഷണങ്ങള്‍...

Synopsis

വണ്ണം കുറയ്ക്കാൻ മിക്കവരും ചില ഭക്ഷണങ്ങളെല്ലാം പൂര്‍ണമായും ഡയറ്റില്‍ നിന്ന്  ഒഴിവാക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കിയാല്‍ മാത്രം പോര, ചിലതൊക്കെ ഡയറ്റിലുള്‍പ്പെടുത്തുന്നതും വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് നല്ല ഫലം നല്‍കും

വണ്ണം കുറയ്ക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെടുന്നവരുണ്ട്. കൃത്യമായ ഡയറ്റും, ഒപ്പം വര്‍ക്കൗട്ടുമെല്ലാം ഉണ്ടെങ്കില്‍ മാത്രമേ വണ്ണം കുറയ്ക്കാൻ സാധിക്കുകയുള്ളൂ. എന്നാല്‍ ചിലര്‍ ഡയറ്റില്‍ മാത്രം ശ്രദ്ധ നല്‍കിയും വണ്ണം കുറയ്ക്കാറുണ്ട്. ഇത് അല്‍പം പ്രയാസം തന്നെയാണ്. എങ്കിലും നല്ലതുപോലെ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെയെല്ലാം ഫലം കാണാം. 

വണ്ണം കുറയ്ക്കാൻ മിക്കവരും ചില ഭക്ഷണങ്ങളെല്ലാം പൂര്‍ണമായും ഡയറ്റില്‍ നിന്ന്  ഒഴിവാക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കിയാല്‍ മാത്രം പോര, ചിലതൊക്കെ ഡയറ്റിലുള്‍പ്പെടുത്തുന്നതും വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് നല്ല ഫലം നല്‍കും. ഇത്തരത്തില്‍ കഴിക്കാവുന്ന അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഇവ ഹൃദയാരോഗ്യത്തിനും അതുപോലെ തന്നെ ഷുഗര്‍ കുറയ്ക്കാനും (പ്രമേഹം) എല്ലാം സഹായകമാണ്.

പാലക് ചീര...

ഇലക്കറികള്‍ എപ്പോഴും ഡയറ്റിലുള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. വൈറ്റമിനുകളുടെയും ധാതുക്കളുടെയും ആന്‍റി-ഓക്സിഡന്‍റുകളുടെയുമെല്ലാം മികച്ച സ്രോതസാണ് ഇലക്കറികള്‍. പാലക് ചീരയും അങ്ങനെ തന്നെ. ഉയര്‍ന്ന അളവില്‍ ഫൈബറുള്ളതും, ജലാംശം കാര്യമായി അടങ്ങിയതിനാലും പാലക് ചീര, വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്കും പ്രമേഹമുള്ളവര്‍ക്കും യോജിച്ചൊരു ഭക്ഷണമാണ്. പാലക് ചീരയില്‍ അടങ്ങിയിട്ടുള്ള നൈട്രേറ്റ്സ് ആകട്ടെ, ബിപി നിയന്ത്രിക്കാനും ഇതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം സഹായിക്കുന്നു. 

ബദാം...

പ്രോട്ടീനിന്‍റെ സമ്പന്നമായൊരു ഉറവിടമാണ് ബദാം. അതിനാല്‍ തന്നെ വിശപ്പിനെ ശമിപ്പിക്കാനും ദീര്‍ഘനേരത്തേക്ക് ഭക്ഷണം കഴിക്കാതെ നമ്മെ പിടിച്ചുനിര്‍ത്താനുമെല്ലാം ബദാം സഹായിക്കുന്നു. ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് യോജിച്ചതാണ്. 

ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ബിപി നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് ഹൃദയത്തിന് ഗുണകരമാവുകയും ചെയ്യുന്നു. ബദാമിലുള്ള ഫൈബര്‍ മൂലം ഇത് പ്രമേഹരോഗികള്‍ക്കും അനുയോജ്യമാകുന്നു. എന്നാല്‍ മിതമായ അളവില്‍ മാത്രം ബദാം ദിവസവും കഴിക്കാൻ ശ്രദ്ധിക്കുക. കഴിയുന്നതും എല്ലാ ദിവസവും ഒരേ സമയത്ത്, ഒരേ അളവില്‍ തന്നെ ബദാം കഴിക്കുന്നതാണ് ഏറ്റവും നല്ലത്. 

ചെറുപയര്‍...

ധാരാളം ആരോഗ്യഗുണങ്ങളുള്ളൊരു ഭക്ഷണസാധനമാണ് ചെറുപയര്‍. കൊളസ്ട്രോളിനെ ചെറുക്കാൻ ചെറുപയറിന് വിശേഷിച്ച് കഴിവുണ്ട്. ഇത് വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് അനുയോജ്യമായ സവിശേഷതയാണ്. അതുപോലെ തന്നെ കൊളസ്ട്രോള്‍ നിയന്ത്രിക്കപ്പെടുന്നത് ഹൃദയത്തിനും നല്ലതാണ്. ഗ്ലൈസമിക് സൂചിക (മധുരത്തിന്‍റെ അളവിനെ സൂചിപ്പിക്കുന്നത്) കുറവായതിനാല്‍ പ്രമേഹരോഗികള്‍ക്കും പേടി കൂടാതെ കഴിക്കാവുന്ന ഭക്ഷണമാണിത്. ദീര്‍ഘനേരത്തേക്ക് വിശപ്പിനെ ശമിപ്പിക്കുന്നതിനാല്‍ ഭക്ഷണം നിയന്ത്രിക്കാൻ സാധിക്കുമെന്നതും ചെറുപയറിന്‍റെ വലിയ ഗുണമാണ്. 

ഓട്ട്സ്...

മാംഗനീസ്, ഫോസ്ഫറസ്, മഗ്നീഷ്യം, കോപ്പര്‍, സിങ്ക്, അയേണ്‍ എന്നീ ധാതുക്കളുടെയെല്ലാം മികച്ചൊരു സ്രോതസാണ് ഓട്ട്സ്. ഇതിലടങ്ങിയിരിക്കുന്ന 'ബീറ്റ ഗ്ലൂക്കൻ' കൊളസ്ട്രോളും ഷുഗറും നിയന്ത്രിക്കാൻ സഹായിക്കുന്നു. ഓട്ട്സിലുള്ള വിവിധ പോഷകങ്ങളും അതിന്‍റെ സവിശേഷതകളുമെല്ലാം വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്കും അനുയോജ്യമായ ഭക്ഷണമാക്കി ഇതിനെ മാറ്റുന്നു. 

റാഗി...

പരമ്പരാഗതമായിത്തന്നെ ഏറെ ആരോഗ്യഗുണങ്ങളുള്ള ഭക്ഷണമായി കണക്കാക്കപ്പെടുന്നതാണ് റാഗി. മഗ്നീഷ്യം, പൊട്ടാസ്യം, ഫൈബര്‍, ഫൈറ്റോ-ന്യൂട്രിയന്‍റ്സ് എന്നിവയുടെയെല്ലാം സ്രോതസായ റാഗി കൊളസ്ട്രോള്‍ കുറയ്ക്കാനും ബിപി കുറയ്ക്കാനും ഇതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം സഹായിക്കുന്നു. ഇതിലുള്ള ആന്‍റി-ഓക്സിഡന്‍റ്സ് ആകട്ടെ പ്രമേഹനിയന്ത്രണത്തിനും സഹായിക്കുന്നു. അതേസമയം റാഗിയില്‍ ഉയര്‍ന്ന അളവില്‍ കാണുന്ന ഫൈബറാണ് ഇതിനെ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് അനുയോജ്യമായ ഭക്ഷണമാക്കി മാറ്റുന്നത്.

Also Read:- കാഴ്ചയെ ബാധിക്കുന്ന ഗ്ലൂക്കോമ; അറിയാം ഗ്ലൂക്കോമയുടെ ലക്ഷണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ