
ഹൃദയാഘാതം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് ക്യാന്‍സര്‍ മൂലമാണ്. ഇന്ത്യയില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ക്യാന്‍സര്‍ ബാധിതരെന്നാണ് പഠനങ്ങള്‍. പുകയില, മദ്യം തുടങ്ങിയവയുടെ ഉപയോഗവും, ഭക്ഷണത്തിലെ അപാകതയുമാണ് ഈ വര്‍ധനയ്ക്ക് കാരണമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. മറ്റ് ഹോര്‍മോണ്‍ വ്യതിയാനങ്ങളും ക്യാന്‍സര്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണമാകാം.
നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചിരിക്കും നമുക്ക് വരാന്‍ പോകുന്ന അസുഖങ്ങളും. ശരീരം കൃത്യമായ രീതിയില്‍ ജോലി ചെയ്യണമെങ്കില്‍ അതിന് പറ്റിയ ഭക്ഷണം വേണം. ഭക്ഷണ രീതികളില്‍ എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ ശരീരത്തിന്‍റെ നിലനില്പിനെ തന്നെ അത് ബാധിക്കും.
മാറുന്ന ജീവിതശൈലിയും ഭക്ഷണ രീതികളുമാണ് പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, ക്യാന്‍സര്‍ എന്നീ രോഗങ്ങള്‍ക്കുള്ള സാധ്യത കൂട്ടുന്നത്. ക്യാൻസർ തടയാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
പഴങ്ങളിലും പച്ചക്കറികളിലും ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. കാരറ്റിനോയ്ഡുകള്‍, ഫ്ലാവനോയ്ഡുകള്‍, ബീറ്റാ കരോട്ടിന്‍, ഫൈറ്റോ കെമിക്കലുകള്‍, ഫൊലേറ്റുകള്‍, വിറ്റാമിന്‍ എ, സി, ഇ, കെ എന്നീ പോഷകങ്ങളാണ് ഇവയിലുള്ളത്. ആന്‍റിഓക്സിഡന്റുകളായി പ്രവര്‍ത്തിക്കുന്ന ഇവ കോശങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി കൂട്ടുകയും ചെയ്യും.
രണ്ട്...
ബീറ്റാ കരോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ക്യാന്‍സര്‍ തടയാന്‍ നല്ലതാണ്. ഇവ ശരീരത്തിലെ ഫ്രീറാഡിക്കലുകളെ(രാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം കോശങ്ങളില്‍ അവശേഷിക്കുന്ന രാസവസ്തു) പുറം തള്ളുന്നു. നല്ല മഞ്ഞ നിറമുള്ള മത്തങ്ങ, കാരറ്റ്, പച്ച നിറമുള്ള ഇലക്കറികള്‍, പഴുത്ത പപ്പായ, ചുവന്ന നിറത്തിലുള്ള മറ്റ് പഴങ്ങള്‍ എന്നിവ ബീറ്റാ കരോട്ടിന്‍ കൊണ്ട് സമൃദ്ധമാണ്.
മൂന്ന്...
സിട്രസ് പഴങ്ങളായ നാരങ്ങ, ഓറഞ്ച്, മുസംബി എന്നിവയ്ക്ക് ക്യാന്‍സര്‍ തടയാനുള്ള ശേഷിയുണ്ട്. നാരങ്ങയുടെ പുറം തൊലിയില്‍ നിന്ന് തിരിച്ചെടുത്ത സത്തില്‍ ലിംഫോമ എന്ന രക്താര്‍ബുദത്തെ തടയുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. നാരങ്ങയില്‍ വിറ്റാമിന്‍ സി ധാരാളമുണ്ട്. ഇവ ക്യാന്‍സര്‍ തടയാന്‍ സഹായിക്കും. ഇതോടൊപ്പം ശ്വാസകോശ രോഗങ്ങളെ പ്രതിരോധിക്കാനും നാരങ്ങ നല്ലതാണ്.
നാല്...
ബീറ്റ്റൂട്ടില്‍ അടങ്ങിയിട്ടുള്ള നാരുകള്‍, ആന്‍റി ഓക്സിഡന്‍റ്സ്, ധാതുക്കള്‍ എന്നിവ ക്യാന്‍സറിനെ പ്രതിരോധിക്കുന്നു. അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച കുറക്കാന്‍ ഇവ സഹായിക്കും.
അഞ്ച്...
വെളുത്തുള്ളിയും ക്യാന്‍സര്‍ തടയാന്‍ ഉത്തമമാണ്. ഇതില്‍ അടങ്ങിയിട്ടുള്ള അലിസിന്‍ എന്ന ഘടകം അര്‍ബുദ കോശങ്ങളെ തുരത്തുന്നു. ഇതോടൊപ്പം വിറ്റാമിന്‍, കാത്സ്യം, ധാതുക്കള്‍ എന്നിവയും വെളുത്തുള്ളിയിലുണ്ട്. ഇവയിലുള്ള സള്‍ഫര്‍ സംയുക്തങ്ങള്‍ ട്യൂമര്‍ സെല്ലുകള്‍ കൂടുതല്‍ വളരാതിരിക്കാന്‍ സഹായിക്കുന്നു.
ആറ്...
മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്‍കുമിന്‍ അര്‍ബുദ ചികിത്സക്ക് നല്ലതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ ഇത് സഹായിക്കും.
ഏഴ്...
മത്തി, അയല പോലെയുള്ള മീനുകളില്‍ അടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റി ആസിഡും വിറ്റാമിന്‍ ഡിയും ക്യാന്‍സര്‍ സാധ്യത കുറക്കാന്‍ സഹായിക്കുന്നു. ആഴ്ചയില്‍ രണ്ട് നേരമെങ്കിലും ഇവ കഴിച്ചാല്‍ ആവശ്യത്തിനുള്ള പോഷകങ്ങള്‍ ശരീരത്തിന് ലഭ്യമാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam