വവ്വാലുകളിലാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. ഇത് പതിയെ മനുഷ്യരിലേക്കും പിന്നീട് പകര്‍ച്ചയാവുകയുമാണ് ചെയ്യുകയത്രേ.

കൊവിഡ് 19 രോഗവുമായുള്ള നമ്മുടെ പോരാട്ടം ഇപ്പോഴും തുടരുകയാണ്. ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങളാണ് വലിയ രീതിയില്‍ ഭീഷണി ഉയര്‍ത്തിയിരുന്നത്. നിലവില്‍ ഒമിക്രോണ്‍ വകഭേദവും അതിന്‍റെ ഉപവകഭേദങ്ങളുമാണ് ലോകമെമ്പാടും കൊവിഡ് കേസുകള്‍ സൃഷ്ടിക്കുന്നത്.

ഇപ്പോഴിതാ കൊവിഡ് വൈറസുമായി സമാനതകളുള്ള മറ്റൊരു വൈറസ് കൂടി സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. റഷ്യയിലാണ് ഖോസ്ത-2 എന്ന വൈറസിന്‍റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. 2020 അവസാനത്തോടെ തന്നെ ഈ വൈറസിനെ കണ്ടെത്തിയിരുന്നുവെങ്കിലും അന്ന് അത് മനുഷ്യരെ ബാധിക്കില്ലെന്നായിരുന്നു ഗവേഷകരുടെ നിഗമനം.

മനുഷ്യരെ ബാധിക്കില്ലെന്ന നിഗമനത്തില്‍ തുടര്‍ന്നെങ്കിലും പിന്നീട് നടന്ന പഠനങ്ങള്‍ക്കൊടുവിലാണ് ഖോസ്ത-2 മനുഷ്യരെ ബാധിക്കുമെന്ന് കണ്ടെത്തിയത്. രണ്ട് തരത്തിലാണ് ഈ വൈറസുള്ളത് ഖോസ്ത-1ഉം ഖോസ്ത-2ഉം. ഇതില്‍ ഖോസ്ത-2 ആണ് മനുഷ്യരെ ബാധിക്കുക. 

വവ്വാലുകളിലാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. ഇത് പതിയെ മനുഷ്യരിലേക്കും പിന്നീട് പകര്‍ച്ചയാവുകയുമാണ് ചെയ്യുകയത്രേ. കൊവിഡ് വൈറസിന് സമാനമായി നാരുകള്‍ പോലുള്ള സ്പൈക്ക് പ്രോട്ടീൻ ഉപയോഗിച്ചാണ് ഖോസ്തയും മനുഷ്യശരീരത്തിലെ കോശങ്ങളിലേക്ക് പ്രവേശിക്കുകയത്രേ. 

എന്നാലിത് തീവ്രമായ രോഗത്തിന് ഇടയാക്കില്ലെന്നാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ള വിവരം. ഇത് സംബന്ധിച്ച പഠനങ്ങള്‍ നടന്നുവരികയാണ്. കൊവിഡ് വാക്സിൻ ഇതിന് പ്രയോജനപ്പെടില്ലെന്നും ഗവേഷകര്‍ പ്രത്യേകം അറിയിക്കുന്നു. ഇത് മനുഷ്യരെ ബാധിച്ച് തുടങ്ങും മുമ്പ് തന്നെ ഇതിനെതിരെയുള്ള വാക്സിൻ വികസിപ്പിച്ചെടുക്കണമെന്ന ആവശ്യവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. 

ഖോസ്ത-2ന്‍റെ രോഗലക്ഷണങ്ങള്‍ സംബന്ധിച്ച് ഒരു വിവരവും ഇതുവരെ ലഭ്യമായിട്ടില്ല. അതിനാല്‍ തന്നെ രോഗം ബാധിച്ചാലും രോഗി ഏതെല്ലാം തരത്തിലുള്ള അവസ്ഥകളിലൂടെ കടന്നുപോകുമെന്നതിനെ കുറിച്ച് ആര്‍ക്കും അറിവില്ല. നിലവില്‍ തീവ്രമായ പ്രശ്നങ്ങള്‍ക്ക് ഖോസ്ത-2 ഇടയാക്കില്ലെന്ന വിവരം വരുന്നുണ്ടെങ്കില്‍ പോലും ഈ വൈറസ് കൊവിഡ് വൈറസ് ജീനുകളുമായി സംയോജിക്കുന്ന സാഹചര്യം വന്നാല്‍ അത് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. 

Also Read:- 'കൊവിഡ് 19 ചില കുട്ടികളിൽ മരണസാധ്യത കൂട്ടുന്നു'; പുതിയ പഠനം