വണ്ണം കുറയ്ക്കാനുള്ള 'പ്ലാന്‍' ഉണ്ടോ? എങ്കിലറിയണം ഈ നാല് കാര്യങ്ങള്‍...

By Web TeamFirst Published Dec 28, 2019, 6:02 PM IST
Highlights

കൃത്യമായ ഡയറ്റും വ്യായാമവും ആണ് വണ്ണം കുറയ്ക്കാനായി നമ്മള്‍ തെരഞ്ഞെടുക്കുന്ന രണ്ടേ രണ്ട് മാര്‍ഗങ്ങള്‍. എന്നാല്‍ ചിലരിലെങ്കിലും ഡയറ്റും വ്യായാമവുമൊന്നും ഗുണം കാണിക്കാത്ത സാഹചര്യങ്ങളുണ്ടാക്കാറുണ്ട്. അതായത് എത്ര ശ്രമിച്ചിട്ടും ഒന്നും ചിട്ടയോടെ കൊണ്ടുപോകാന്‍ കഴിയാതിരിക്കുക. വിചാരിച്ച പോലെ വണ്ണം കുറയുന്നില്ല. അത് ഇരട്ടി നിരാശയിലേക്ക് പിന്നീട് കൊണ്ടെത്തിക്കുന്നു. എന്തായിരിക്കാം ഇതിനൊക്കെ പിന്നിലെ കാരണങ്ങള്‍?

അനാരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായി ശരീരവണ്ണം വര്‍ധിക്കുന്നതും അതുവഴി വിവിധ അസുഖങ്ങള്‍ പിടിപെടുന്നതുമെല്ലാം പുതിയ തലമുറയെ സംബന്ധിച്ച് സാധാരണവിഷയങ്ങളാണ്. എന്നാല്‍ ഇതിലെ അപകടം തിരിച്ചറിയുകയും അത് പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരും ഏറെയാണ്. വളരെ നല്ല കാര്യം തന്നെ. കൃത്യമായ ഡയറ്റും വ്യായാമവും ആണ് വണ്ണം കുറയ്ക്കാനായി നമ്മള്‍ തെരഞ്ഞെടുക്കുന്ന രണ്ടേ രണ്ട് മാര്‍ഗങ്ങള്‍. 

എന്നാല്‍ ചിലരിലെങ്കിലും ഡയറ്റും വ്യായാമവുമൊന്നും ഗുണം കാണിക്കാത്ത സാഹചര്യങ്ങളുണ്ടാക്കാറുണ്ട്. അതായത് എത്ര ശ്രമിച്ചിട്ടും ഒന്നും ചിട്ടയോടെ കൊണ്ടുപോകാന്‍ കഴിയാതിരിക്കുക. വിചാരിച്ച പോലെ വണ്ണം കുറയുന്നില്ല. അത് ഇരട്ടി നിരാശയിലേക്ക് പിന്നീട് കൊണ്ടെത്തിക്കുന്നു. എന്തായിരിക്കാം ഇതിനൊക്കെ പിന്നിലെ കാരണങ്ങള്‍?

നാല് സുപ്രധാന കാരണങ്ങള്‍ ആരോഗ്യ വിദഗ്ധര്‍ വിശദീകരിക്കുന്നുണ്ട്. നാലും ശരീരവുമായി പ്രത്യക്ഷ ബന്ധം പുലര്‍ത്തുന്ന വിഷയങ്ങളല്ല. മനസുമായിട്ടാണ് ഇവയ്ക്ക് കൂടുതല്‍ ബന്ധം. എന്തായാലും ആ നാല് കാരണങ്ങള്‍ ഏതെല്ലാമാണെന്ന് ഒന്ന് നോക്കാം. 

ഒന്ന്...

നമ്മളെക്കൊണ്ട് കഴിയാത്ത അത്രയും തീവ്രമായ തീരുമാനങ്ങള്‍ എടുക്കുന്നു എന്നതാണ് ആദ്യത്തെ പ്രശ്‌നം. ഉദാഹരണം പറയാം, ആഴ്ചയില്‍ അഞ്ച് കിലോ തൂക്കം കുറയ്ക്കണം എന്ന് ഒരാള്‍ തീരുമാനിക്കുന്നുവെന്ന് കരുതുക. 

 

 

സാമാന്യമായി ചിന്തിക്കുകയാണെങ്കില്‍ സാധാരണക്കാര്‍ക്ക് അത് സാധ്യമല്ലാത്ത കാര്യമാണ്. അപ്പോള്‍ സ്വാഭാവികമായും ഓരോ ആഴ്ചയും നിരാശയായിരിക്കും ഫലം. അതിനാല്‍ അവരവരുടെ ആരോഗ്യവും മറ്റ് ജീവിതസാഹചര്യങ്ങളും കണക്കിലെടുത്ത് മിതമായ രീതിയില്‍ മാത്രം 'ഗോള്‍' സെറ്റ ്‌ചെയ്യുക. 

രണ്ട്...

വണ്ണം കുറയ്ക്കണമെന്ന് തീരുമാനമെടുക്കുകയും അതിന് വേണ്ടി ആവേശത്തോടെ പലതും ചെയ്ത് തുടങ്ങുകയുമെല്ലാം ചെയ്യും. എന്നാല്‍ പിന്നീട് മടി തുടങ്ങും. ഇത് മിക്കവരും നേരിടുന്ന ഒരു പ്രശ്‌നമാണ്. വ്യായാമം മുടക്കാനും ഡയറ്റ് ഒഴിവാക്കാനും ഇഷ്ടഭക്ഷണം കഴിക്കാനുമെല്ലാം ഓരോ കാരണങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നതാണ് ഇതിലെ ഏറ്റവും വലിയ തിരിച്ചടി. അത്തരത്തില്‍ കാരണങ്ങള്‍ കണ്ടെത്തിത്തുടങ്ങുന്നു എന്ന് തോന്നുന്നയുടന്‍ തന്നെ സ്വയം തിരുത്താന്‍ ശ്രമിക്കുക. ഇല്ലെങ്കില്‍ പിന്നീട് 'പ്ലാന്‍' കയ്യില്‍ നില്‍ക്കാത്ത സാഹചര്യമുണ്ടായേക്കും. 

മൂന്ന്...

ആത്മവിശ്വാസക്കുറവാണ് വണ്ണം കുറയ്ക്കാനുള്ള പദ്ധതിക്ക് തിരിച്ചടിയാകുന്ന മറ്റൊരു പ്രശ്‌നം. എന്നെക്കൊണ്ട് ഇത് കഴിയില്ല, എനിക്കിത് സാധിക്കില്ല എന്ന ചിന്ത നിരന്തരം ഉണ്ടാകുന്നത് വലിയ തോതില്‍ ശാരീരികവിഷയങ്ങളേയും സ്വാധീനിക്കും. 

 

 

അതിനാല്‍ വണ്ണം കുറയ്ക്കാനുള്ള തീരുമാനം എടുക്കുന്നതിനൊപ്പം തന്നെ, ആത്മവിശ്വാസം ഉയര്‍ത്താനുള്ള മാര്‍ഗങ്ങള്‍ കൂടി അവലംബിക്കേണ്ടത് അത്യാവശ്യമാണ്. വേണമെങ്കില്‍ ഒരു പരിശീലകനെയോ പരിശീലകയേയോ ഇക്കാര്യത്തില്‍ ആശ്രയിക്കാവുന്നതുമാണ്. 

നാല്...

മേല്‍ പറഞ്ഞ മൂന്ന് സാഹചര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഡയറ്റും വ്യായാമവും കൃത്യമായി പിന്തുടര്‍ന്നിട്ടും വണ്ണം കുറയാത്തവരുണ്ട്. മിക്കവാറും കേസുകളിലും 'സ്‌ട്രെസ്' ആണ് ഇതില്‍ വില്ലനായി വരുന്നത്. കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോകുന്ന ഒരാളെ സംബന്ധിച്ച്, ശാരീരിക കാര്യങ്ങളിലുള്ള നിയന്ത്രണം പലപ്പോഴും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായേക്കാം. ഓര്‍ക്കുക, അനവധി അസുഖങ്ങളുടെ കാരണമോ ലക്ഷണമോ പരിണിതഫലമോ ആയി 'സ്‌ട്രെസ്' ചൂണ്ടിക്കാട്ടപ്പെടാറുണ്ട്. അതായത്, അത്രയും പ്രധാനമാണ് 'സ്‌ട്രെസ്' എന്ന് സാരം. അത്തരത്തില്‍ അപകടകരമായ തരത്തില്‍ നിങ്ങളില്‍ സമ്മര്‍ദ്ദം കുമിഞ്ഞുകൂടുകയാണെങ്കില്‍ തീര്‍ച്ചയായും ഒരു സൈക്യാട്രിസ്റ്റിനെ സമീപിച്ച് ഇതിന് പരിഹാരം കാണേണ്ടതാണ്.

click me!