
മാറിയ ജീവിതശൈലിയും വ്യായാമക്കുറവും മൂലമാണ് ഉയര്‍ന്ന കൊളസ്‌ട്രോള്‍ പലരെയും തേടിയെത്തുന്നത്. ശരീരത്തില്‍ കൊളസ്‌ട്രോളിന്‍റെ അളവ് അധികമായാല്‍ അത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടാന്‍ വരെ ഇത് കാരണമാകാം. തുടര്‍ന്ന് ഇത് ഹൃദയാരോഗ്യത്തെ പോലും ബാധിക്കാം.
നെഞ്ചുവേദന, തലക്കറക്കം, അമിത ക്ഷീണം, രക്തസമ്മര്‍ദ്ദം ഉയരുക തുടങ്ങിയ പലതും ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ ലക്ഷണങ്ങളാകാം. ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും കൊളസ്‌ട്രോളിനെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില പഴങ്ങളെയും പച്ചക്കറികളെയും പരിചയപ്പെടാം.
ഒന്ന്...
ആപ്പിളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം എന്നു പറയുന്നത് ശരിയാണ്. ഔഷധഗുണങ്ങളുടെ കലവറയാണ് ആപ്പിൾ. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന പെക്ടിന്‍, ഫൈബര്‍, ആന്‍റിഓക്സിഡന്‍റുകള്‍ എന്നിവ എല്‍ഡിഎല്‍ കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. ഇവ കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
രണ്ട്...
ബീന്‍സ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. എൽഡിഎൽ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ബീന്‍സ്. അതിനാല്‍ ബീന്‍സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്.
മൂന്ന്...
നാരങ്ങ, ഓറഞ്ച്, മുന്തിരി പോലുള്ള സിട്രസ് പഴങ്ങളെല്ലാം കൊളസ്ട്രോള്‍ തോത് നിയന്ത്രിക്കുന്നവയാണ്. അതിനാല്‍ ഇവയുടെ ജ്യൂസുകളും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന പെക്ടിന്‍, ഫൈബറും ലിമോനോയ്ഡ് സംയുക്തങ്ങളും രക്തധമനികള്‍ കട്ടിയാകുന്നത് തടഞ്ഞ് എല്‍ഡിഎല്‍ തോത് കുറച്ച് കൊണ്ടു വരുന്നു. സിട്രസ് പഴങ്ങളിലെ ആന്‍റിഓക്സിഡന്‍റുകള്‍ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയുടെ സാധ്യതയും കുറയ്ക്കുന്നു. അതിനാല്‍ നാരങ്ങാ ജ്യൂസ്, ഓറഞ്ച് ജ്യൂസ്, മുന്തിരി ജ്യൂസ് എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
നാല്...
ചീരയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്ന ഭക്ഷണങ്ങളില്‍ മുന്നിലാണ് ചീര. വിറ്റാമിന്‍ ബി, മഗ്നീഷ്യം, വിറ്റാമിന്‍ ഇ എന്നിവയുടെ കലവറയാണ് ചീര. അതിനാല്‍ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
അഞ്ച്...
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെണ്ടയ്ക്ക. ഇവയില്‍ കലോറിയും കുറവാണ്. ഫൈബര്‍ ധാരാളം അടങ്ങിയതുമാണ് ഇവ. അതിനാല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വെണ്ടയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ആറ്...
പപ്പായ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പപ്പായയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദവും ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്ട്രോളും കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ പപ്പായ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ഏഴ്...
തക്കാളിയാണ് ഏഴാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ, ബി, കെ, സി എന്നിവയെല്ലാം അടങ്ങിയ തക്കാളി കണ്ണിന്‍റെയും ചര്‍മത്തിന്‍റെയും ഹൃദയത്തിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ സഹായിക്കും.
എട്ട്...
ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. കൊളസ്ട്രോൾ കുറയ്ക്കാന്‍ ദിവസവും ഒരു അവക്കാഡോ പഴം കഴിക്കുന്നത് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒപ്പം ഹൃദയത്തിന്‍റെ ആരോഗ്യത്തെയും ഇവ സംരക്ഷിക്കും.
ഒമ്പത്...
ആരോഗ്യകരമായ പോഷകങ്ങൾ നിറഞ്ഞതാണ് ബ്രൊക്കോളി. ഉയർന്ന അളവിലുള്ള നാരുകളും വിറ്റാമിൻ സിയും ഉള്ളതിനാൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള മറ്റൊരു മികച്ച പച്ചക്കറി കൂടിയാണിത്. ബ്രൊക്കോളിയിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് രക്തപ്രവാഹത്തിലെ എൽഡിഎൽ കൊളസ്ട്രോൾ ഓക്സീകരണം തടയാൻ സഹായിക്കുന്നു.
Also Read: വണ്ണം കുറയ്ക്കണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ ഈ ഭക്ഷണങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam