വാക്‌സിന്‍ ക്ഷാമം രൂക്ഷമായേക്കും; ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കാനുള്ള തീരുമാനത്തിലുറച്ച് സമ്പന്ന രാജ്യങ്ങള്‍

By Web TeamFirst Published Aug 5, 2021, 9:45 PM IST
Highlights

സമ്പന്ന രാജ്യങ്ങള്‍ അധിക വാക്‌സിന്‍ ശേഖരിക്കുന്നതോടെ മറ്റ് രാജ്യങ്ങളില്‍ ആവശ്യമായ വാക്‌സിന്‍ പോലുമെത്താത്ത സാഹചര്യമുണ്ടാകുമെന്നും അതിനാല്‍ ഈ തീരുമാനത്തില്‍ നിന്ന് സമ്പന്ന രാജ്യങ്ങള്‍ പിന്മാറണമെന്നുമായിരുന്നു ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അറിയിച്ചിരിക്കുകയാണ് ഫ്രാന്‍സും ജര്‍മ്മനിയും
 

കൊവിഡ് 19 മഹാമാരിയെ പിടിച്ചുകെട്ടാന്‍ വാക്‌സിനേഷന്‍ പ്രക്രിയ ത്വരിതപ്പെടുത്തുന്ന തിരക്കിലാണ് മിക്ക രാജ്യങ്ങളും. എന്നാല്‍ സമ്പന്ന രാജ്യങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ കാര്യമായ വാക്‌സിന്‍ ക്ഷാമമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. 

ആഗോളതലത്തില്‍ ഈ വാക്‌സിന്‍ ക്ഷാമം ഇനിയും രൂക്ഷമാകാനാണ് സാധ്യത. രണ്ട് ഡോസ് വാക്‌സിനാണ് സാധാരണഗതിയില്‍ കൊവിഡ് പ്രതിരോധത്തിന് നല്‍കിവരുന്നത്. ചില വാക്‌സിനുകള്‍ ഒരു ഡോസില്‍ മാത്രം ഒതുക്കാവുന്നതുമാണ്. എന്നാല്‍ ആവശ്യമായ ഡോസിന് പുറമെ അധികമായി ഒരു ഡോസ് വാക്‌സിന്‍ കൂടി നല്‍കുന്ന രീതി (ബൂസ്റ്റര്‍ ഷോട്ട്) സമ്പന്ന രാജ്യങ്ങളില്‍ വ്യാപകമാകന്നതോടെ മറ്റ് രാജ്യങ്ങള്‍ നിലവില്‍ നേരിടുന്ന വാക്‌സിന്‍ ക്ഷാമം വര്‍ധിക്കുകയാണ് ചെയ്യുന്നത്.

ഇത് സംബന്ധിച്ച് ശ്രദ്ധേയമായ പ്രസ്താവന കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന പുറത്തിറക്കിയിരുന്നു. സമ്പന്ന രാജ്യങ്ങള്‍ അധിക വാക്‌സിന്‍ ശേഖരിക്കുന്നതോടെ മറ്റ് രാജ്യങ്ങളില്‍ ആവശ്യമായ വാക്‌സിന്‍ പോലുമെത്താത്ത സാഹചര്യമുണ്ടാകുമെന്നും അതിനാല്‍ ഈ തീരുമാനത്തില്‍ നിന്ന് സമ്പന്ന രാജ്യങ്ങള്‍ പിന്മാറണമെന്നുമായിരുന്നു ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നത്. 

എന്നാല്‍ ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അറിയിച്ചിരിക്കുകയാണ് ഫ്രാന്‍സും ജര്‍മ്മനിയും. നേരത്തേ തീരുമാനിച്ച പ്രകാരം ആരോഗ്യപരമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തിന് കൊവിഡ് സുരക്ഷ മുന്‍നിര്‍ത്തി ബൂസ്റ്റര്‍ വാക്‌സിന്‍ ഷോട്ട് നല്‍കാന്‍ തന്നെയാണ് തയ്യാറെടുപ്പ് എന്ന് ഇരുരാജ്യങ്ങളും അറിയിച്ചു. സെപ്തംബറില്‍ തന്നെ ഇതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും ഇവര്‍ അറിയിച്ചു. 

'എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഷോട്ടിന്റെ ആവശ്യമില്ല. ആരോഗ്യപരമായി മോശം അവസ്ഥയിലുള്ളവര്‍ക്ക് അത് കൂടിയേ മതിയാകൂ. പ്രത്യേകിച്ച് പ്രായമേറിയവര്‍ക്ക്...'- ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രണ്‍ അറിയിച്ചു. 

ജര്‍മ്മനിയും മുതിര്‍ന്നവര്‍ക്ക് വേണ്ടിയാണ് തങ്ങള്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കുകയെന്ന് അറിയിച്ചിട്ടുണ്ട്. തങ്ങളെ പോലെ ചില രാജ്യങ്ങള്‍ ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കുന്നു എന്നതിനാല്‍ മറ്റ് രാജ്യങ്ങളില്‍ വാക്‌സിന്‍ ക്ഷാമം നേരിട്ടേക്കുമെന്ന ലോകാരോഗ്യ സംഘടനയുടെ വാദം ശരിയല്ലെന്നും ജര്‍മ്മനി അവകാശപ്പെട്ടു. ഇതിന് പുറമെ 30 മില്യണ്‍ വാക്‌സിന്‍ ഡോസുകള്‍ തങ്ങള്‍ മറ്റുള്ളവര്‍ക്കായി സംഭാവന ചെയ്യുമെന്നും ജര്‍മ്മനി അറിയിച്ചിട്ടുണ്ട്. 

Also Read:- കൊവിഡ് 19; വാക്‌സിന്‍ ബൂസ്റ്റര്‍ നിര്‍ത്തലാക്കാന്‍ ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന

click me!