എപ്പോഴും ചെയ്യുന്ന ഒരു തെറ്റ്; അതാകാം ഇടവിട്ടുള്ള നിങ്ങളുടെ തലവേദനയ്ക്ക് കാരണം...

By Web TeamFirst Published Jan 14, 2020, 1:33 PM IST
Highlights

മുടി മുറുകെ കെട്ടിവയ്ക്കുമ്പോള്‍ തലയോട്ടിയിലും രോമകൂപങ്ങളിലുമെല്ലാം സമ്മര്‍ദ്ദമുണ്ടാകുന്നു. ഇതാണ് വിങ്ങുന്ന തലവേദനയ്ക്ക് കാരണമാകുന്നത്. മൈഗ്രേയ്ന്‍ ഉള്ളവരിലാണ് മുടി കെട്ടുന്ന രീതി തലവേദനയ്ക്ക് ഇടയാക്കാന്‍ ഏറെ സാധ്യതകളുള്ളത്. ഹെയര്‍സ്റ്റൈല്‍ മൂലമുള്ള തലവേദന സ്ഥിരമായാല്‍ പിന്നെ അടുത്ത പടി, മുടി കൊഴിച്ചിലാണ്

വീട്ടിനകത്തിരിക്കുമ്പോഴോ, വീട്ടുജോലികള്‍ ചെയ്യുമ്പോഴോ ഒക്കെ മിക്ക സ്ത്രീകളും മുടി മുഴുവനായി മുകളിലേക്ക് വലിച്ചുചേര്‍ത്ത് കെട്ടിവയ്ക്കുന്നത് കാണാം. അതല്ലെങ്കില്‍ പോണി ടെയ്ല്‍ പോലെ മുകളിലേക്ക് പിടിച്ച് ബണ്‍ പോലുള്ള എന്തെങ്കിലും കൊണ്ട് കെട്ടിയിടും. ഇടയ്ക്കിടെ മുടി മുഖത്തേക്ക് പാറി, ശല്യമാകുന്നത് ഒഴിവാക്കാനായിരിക്കാം ഇങ്ങനെ ചെയ്യുന്നത്.

എന്നാല്‍ ഇത്തരത്തില്‍ എപ്പോഴും മുടി മുഴുവന്‍ വലിച്ച് മുകളിലേക്ക് കെട്ടിവയ്ക്കുന്നത് തലവേദനയ്ക്ക് കാരണമാകുമെന്ന് നിങ്ങളില്‍ എത്ര പേര്‍ക്കറിയാം?

മുടി മുറുകെ കെട്ടിവയ്ക്കുമ്പോള്‍ തലയോട്ടിയിലും രോമകൂപങ്ങളിലുമെല്ലാം സമ്മര്‍ദ്ദമുണ്ടാകുന്നു. ഇതാണ് വിങ്ങുന്ന തലവേദനയ്ക്ക് കാരണമാകുന്നത്. മൈഗ്രേയ്ന്‍ ഉള്ളവരിലാണ് മുടി കെട്ടുന്ന രീതി തലവേദനയ്ക്ക് ഇടയാക്കാന്‍ ഏറെ സാധ്യതകളുള്ളത്. ഹെയര്‍സ്റ്റൈല്‍ മൂലമുള്ള തലവേദന സ്ഥിരമായാല്‍ പിന്നെ അടുത്ത പടി, മുടി കൊഴിച്ചിലാണ്. നെറ്റിക്ക് മുകളില്‍ നിന്നായാണ് ആദ്യപടിയായി മുടി കൊഴിഞ്ഞുപോവുക. മാത്രമല്ല, മുടി ചീകാന്‍ പോലും കഴിയാത്ത തരത്തില്‍ തലയോട്ടി 'സെന്‍സിറ്റീവ്' ആവുകയും വേദന പതിവാകുകയും ചെയ്യുന്ന സാഹചര്യവും ഇതോടൊപ്പമുണ്ടായേക്കാം.

മുടി വലിച്ച് ടൈറ്റായി കെട്ടുന്നത് ഒഴിവാക്കുകയാണ് ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചെയ്യേണ്ടത്. അതുപോലെ ഇടയ്ക്കിടെ ഹെയര്‍സ്‌റ്റൈല്‍ മാറ്റിക്കൊണ്ടിരിക്കാം. ഏത് ഹെയര്‍സ്‌റ്റൈല്‍ സ്വീകരിച്ചാലും അത് തലയ്ക്ക് സമ്മര്‍ദ്ദം കൊടുക്കുന്നതാകരുത്. അയഞ്ഞ മട്ടിലുള്ള സ്‌റ്റൈലുകള്‍ മാത്രം തെരഞ്ഞെടുത്താല്‍ ഈ പ്രശ്‌നം ഒഴിവാക്കാവുന്നതേയുള്ളൂ, ഇടയ്ക്ക് വീട്ടില്‍ വെറുതെയിരിക്കുന്ന സമയങ്ങളിലെല്ലാം മുടി അഴിച്ചിട്ട്, സ്വന്തമായിത്തന്നെ ചെറിയ രീതിയില്‍ വിരലറ്റങ്ങള്‍ കൊണ്ട് മസാജ് ചെയ്യാവുന്നതുമാണ്.

click me!