Belly Fat : ഗ്രീന്‍ ടീ കഴിക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കുമോ?

Published : May 13, 2022, 05:25 PM IST
Belly Fat : ഗ്രീന്‍ ടീ കഴിക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കുമോ?

Synopsis

ഗ്രീന്‍ ടീ ധാരാളം ആരോഗ്യഗുണങ്ങളുള്ളൊരു പാനീയമാണ്. പ്രമേഹം, ഹൃദ്രോഗം തുടങ്ങി ക്യാന്‍സര്‍ സാധ്യത വരെ കുറയ്ക്കാന്‍ പതിവായി ഗ്രീന്‍ ടീ കഴിക്കുന്നത് കൊണ്ട് കഴിയുമെന്ന് നിങ്ങള്‍ കേട്ടിരിക്കും. ഒപ്പം തന്നെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും അഴകിനുമെല്ലാം ഗ്രീന്‍ ടീ നല്ലതാണ്

വണ്ണം കുറയ്ക്കുകയെന്നത് ഒട്ടും ( Weight Loss ) എളുപ്പമുള്ള കാര്യമല്ല. കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം ( Diet and Workout )  ഇതിനാവശ്യമായി വരാറുണ്ട്. ശരീരത്തിന്റെ ആകെ വണ്ണം കുറയ്ക്കാന്‍ ഇത്തരത്തിലെടുക്കുന്ന പ്രയത്‌നത്തിന്റെ ഇരട്ടിയെങ്കിലും വേണം വയര്‍ കുറയ്ക്കാന്‍. വയര്‍ മാത്രമായി കൂടുന്നത് അത്രയും പ്രശ്‌നഭരിതമായ അവസ്ഥയാണ്. 

വയറിന് ചുറ്റുമായി കൊഴുപ്പ് അടിയുന്നതാണ് പൊതുവേ വയര്‍ കൂടുന്നതിന് കാരണമായി വരാറ്. ഇത് കുറയ്ക്കണമെങ്കില്‍ അതിന് വേണ്ടി തന്നെയുള്ള വ്യായാമങ്ങളും ഡയറ്റും പാലിക്കേണ്ടിവരും. എന്നാല്‍ വയര്‍ കുറയ്ക്കുന്ന കാര്യം ചര്‍ച്ചയില്‍ വരുമ്പോഴെല്ലാം നിങ്ങള്‍ കേട്ടിരിക്കാന്‍ സാധ്യതയുള്ളൊരു കാര്യമാണ് ഗ്രീന്‍ ടീ ഇതിന് സഹായകമാകുമെന്ന വാദം.

ഗ്രീന്‍ ടീ ധാരാളം ആരോഗ്യഗുണങ്ങളുള്ളൊരു പാനീയമാണ്. പ്രമേഹം, ഹൃദ്രോഗം തുടങ്ങി ക്യാന്‍സര്‍ സാധ്യത വരെ കുറയ്ക്കാന്‍ പതിവായി ഗ്രീന്‍ ടീ കഴിക്കുന്നത് കൊണ്ട് കഴിയുമെന്ന് നിങ്ങള്‍ കേട്ടിരിക്കും. ഒപ്പം തന്നെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും അഴകിനുമെല്ലാം ഗ്രീന്‍ ടീ നല്ലതാണ്. എങ്കിലും വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നൊരു പാനീയം എന്ന നിലയിലാണ് ഗ്രീന്‍ ടീയുടെ പേര് അധികവും ഉയര്‍ന്നുകേള്‍ക്കാറ്. യഥാര്‍ത്ഥത്തില്‍ ഗ്രീന്‍ ടീ പതിവായി കഴിക്കുന്നത് കൊണ്ട് വണ്ണം കുറയ്ക്കാനോ വയര്‍ കുറയ്ക്കാനോ സാധിക്കുമോ? 

ഇല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. തീര്‍ച്ചയായും വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ ത്വരിതപ്പെടുത്തുന്നതിന് ഗ്രീന്‍ ടീ സഹായിക്കും. എന്നാല്‍ ഗ്രീന്‍ ടീ കുടിക്കുന്നത് കൊണ്ട് മാത്രം ഒരിക്കലും വണ്ണം കുറയ്ക്കാനോ വയര്‍ കുറയ്ക്കാനോ സാധിക്കുകയില്ല. 

'മീഡിയകളിലും മറ്റും ഡയറ്റുമായി ബന്ധപ്പെട്ട് വലിയ രീതിയില്‍ ഗ്രീന്‍ ടീക്ക് ശ്രദ്ധ ലഭിക്കാറുണ്ട്. വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന പാനീയം എന്ന പേരിലാണ് ഇത്. എന്നാലിത് തെളിയിക്കുന്ന ഒരു പഠനം പോലും ഇതുവരെ പുറത്തുവന്നിട്ടില്ല. ഏതെങ്കിലുമൊരു ഭക്ഷണമോ പാനീയമോ കഴിക്കുന്നതോ ഒഴിവാക്കുന്നതോ കൊണ്ട് മാത്രം വണ്ണം കുറയ്ക്കാന്‍ ആര്‍ക്കും സാധിക്കില്ല. അതിന് ആകെ ജീവിതരീതി തന്നെ മാറ്റേണ്ടിവരും. എടുക്കുന്ന കലോറിയുടെ അളവ് ശ്രദ്ധിക്കേണ്ടിവരും. വര്‍ക്കൗട്ട് ആവശ്യമായി വരും...'- കണ്‍സള്‍ട്ടന്റ് ന്യൂട്രീഷ്യനിസ്റ്റായ നൂപുര്‍ സറഫ് പറയുന്നു. 

നിത്യവും നാം ചായ കഴിക്കാറുണ്ടല്ലോ. ഇതിലടങ്ങിയിരിക്കുന്ന പാലും പഞ്ചസാരയും ശരീരത്തിന് അത്ര നല്ലതല്ല. ഈ ചായക്ക് പകരം ഗ്രീന്‍ ടീ പതിവാക്കുന്നത് നല്ലത് തന്നെയാണ്. അതുപോലെ തന്നെ ഗ്രീൻ ടീയില്‍ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ വണ്ണം കുറയ്ക്കുന്നതിനെ അനുകൂലമായി സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ ഇതുകൊണ്ടൊന്നും മാത്രം ഗ്രീന്‍ ടീ വണ്ണം കുറയ്ക്കാനോ വയര്‍ കുറയ്ക്കാനോ സഹായിക്കുന്ന പാനീയമാകുന്നില്ല. 

'ബാലന്‍സ്ഡ് ഡയറ്റ്' ( പഴങ്ങളും പച്ചക്കറികളും കാര്യമായി അടങ്ങിയത്), വര്‍ക്കൗട്ട്, ആവശ്യത്തിന് വെള്ളം കുടിക്കുന്നത്, ഉറക്കം എന്നിവയെല്ലാം ഒരുപോലെ വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ ആക്കപ്പെടുത്തുന്നുണ്ട്. ഇവയെല്ലാം തന്നെ ഒരുമിച്ച് വന്നെങ്കില്‍ മാത്രമേ ആരോഗ്യകരമായി വണ്ണം കുറയ്ക്കാന്‍ ഒരു വ്യക്തിക്ക് സാധിക്കുകയുള്ളൂവെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.

Also Read:- മധുരം കുറച്ചാല്‍ വയര്‍ കുറയ്ക്കാന്‍ സാധിക്കുമോ? അറിയാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അനീമിയ : ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ചെയ്യേണ്ട 6 ദൈനംദിന ശീലങ്ങൾ