ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടുന്നുണ്ടോ? കാരണം നിർജ്ജലീകരണമാകാം; ഈ മുന്നറിയിപ്പുകൾ അവഗണിക്കരുത്

Published : Jun 26, 2026, 03:24 PM IST
drinking water

Synopsis

ശരീരത്തിലുണ്ടാകുന്ന ജലാംശത്തിന്റെ കുറവ് നമ്മുടെ മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങളെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് മനസിലാക്കാം.

ചില സമയങ്ങളിൽ നമുക്ക് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് തോന്നുകയും, പെട്ടെന്ന് ദേഷ്യം വരികയും, അല്ലെങ്കിൽ വിട്ടുമാറാത്ത ക്ഷീണം അനുഭവപ്പെടുകയുമൊക്കെ ചെയ്യാറുണ്ട്. പലപ്പോഴും നമ്മൾ ഇതിന് കാരണം അമിത ജോലിഭാരമോ, ഉറക്കക്കുറവോ, മാനസിക സമ്മർദ്ദമോ ആണെന്ന് കരുതി തള്ളിക്കളയാറാണ് പതിവ്. എന്നാൽ ഇതിനെല്ലാം പിന്നിലെ യഥാർത്ഥ കാരണം അതൊന്നുമായിരിക്കില്ല. അത്തരത്തിൽ ഒന്നാണ് നിർജ്ജലീകരണം. ശരീരത്തിലുണ്ടാകുന്ന ജലാംശത്തിന്റെ കുറവ് നമ്മുടെ മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങളെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് മനസിലാക്കാം.

ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്, കാരണം?

മനുഷ്യ മസ്തിഷ്കത്തിന്റെ ഏകദേശം 75 ശതമാനവും ജലം അടങ്ങിയതാണ്. അതിനാൽ തന്നെ തലച്ചോറിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിന് ആവശ്യത്തിന് വെള്ളം ശരീരത്തിൽ ഉണ്ടാകേണ്ടത് അനിവാര്യമാണ്. തലച്ചോറിലേക്കുള്ള രക്തചംക്രമണം സുഗമമാക്കാനും, നാഡീകോശങ്ങൾ തമ്മിലുള്ള ആശയവിനിമയം മികച്ചതാക്കാനും, ശരീര താപനിലയും ഊർജ്ജ നിലയും നിയന്ത്രിക്കാനും വെള്ളം പ്രധാന പങ്ക് വഹിക്കുന്നു.

നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങൾ

ശരീരത്തിൽ വെള്ളം കുറയുന്നു എന്ന് കാണിക്കാൻ എപ്പോഴും കടുത്ത ദാഹം അനുഭവപ്പെടണം എന്നില്ല. പലപ്പോഴും ശരീരം നൽകുന്ന ലളിതമായ ചില സൂചനകൾ നമ്മൾ മാനസിക സമ്മർദ്ദം മൂലമാണെന്ന് കരുതി അവഗണിക്കാറുണ്ട്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.

കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്

  1. ചിന്തകളിൽ വ്യക്തതക്കുറവ്

2. അടിക്കടിയുണ്ടാകുന്ന തലവേദന

3. കാരണമില്ലാതെ ദേഷ്യവും അസ്വസ്ഥതയും വരിക

4. നന്നായി ഉറങ്ങിയിട്ടും അനുഭവപ്പെടുന്ന കടുത്ത ക്ഷീണം

5. വായ ഉണങ്ങിപ്പോകുക

6. കാര്യങ്ങൾ പെട്ടെന്ന് ഗ്രഹിക്കാനുള്ള ശേഷി കുറയുക

ഈ ലക്ഷണങ്ങൾ സാധാരണയായി തോന്നാമെങ്കിലും ഇവ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ സാരമായി ബാധിക്കും.

വെറും വെള്ളം കുടിച്ചതുകൊണ്ട് മാത്രം ആയോ?

ശരീരത്തിൽ ജലാംശം നിലനിർത്താൻ വെള്ളം കുടിക്കുന്നത് അത്യാവശ്യമാണെങ്കിലും, അതോടൊപ്പം ശരീരത്തിലെ ഫ്ലൂയിഡ്, ഇലക്ട്രോലൈറ്റ് സന്തുലിതാവസ്ഥ നിലനിർത്തുന്നതും പ്രധാനമാണ്. സോഡിയം, പൊട്ടാസ്യം, ക്ലോറൈഡ് തുടങ്ങിയ ഇലക്ട്രോലൈറ്റുകളാണ് നാഡികളുടെ പ്രവർത്തനം, പേശികളുടെ ചലനം, കോശങ്ങളിലേക്കുള്ള വെള്ളത്തിന്റെ സുഗമമായ പ്രവാഹം എന്നിവ നിയന്ത്രിക്കുന്നത്. അമിതമായി വിയർക്കുമ്പോഴും, രോഗബാധയുള്ളപ്പോഴും, കഠിനമായ ശാരീരിക അധ്വാനത്തിൽ ഏർപ്പെടുമ്പോഴും വെറും വെള്ളത്തിന് പകരം ഇലക്ട്രോലൈറ്റുകൾ അടങ്ങിയ പാനീയങ്ങൾ കൂടി ശരീരത്തിൽ എത്തേണ്ടതുണ്ട്.

ദിവസവും ശരീരത്തിൽ ജലാംശം നിലനിർത്താൻ ചെയ്യേണ്ടത്

  1. ദിവസവും രാവിലെ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് ശീലമാക്കാം.

2. യാത്ര ചെയ്യുമ്പോഴും ജോലിസ്ഥലത്തും എപ്പോഴും ഒരു വാട്ടർ ബോട്ടിൽ കരുതുക.

3. ദാഹം തോന്നുന്നത് വരെ കാത്തുനിൽക്കാതെ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുക.

4. ചൂടുള്ള കാലാവസ്ഥയിലും വ്യായാമത്തിന് ശേഷവും കുടിക്കുന്ന വെള്ളത്തിന്റെ അളവ് വർദ്ധിപ്പിക്കുക.

5. ഭക്ഷണത്തിൽ ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക.

ഈ ശീലങ്ങളിലൂടെ നിങ്ങളുടെ തലച്ചോറിനെ കൂടുതൽ ഉന്മേഷമുള്ളതാക്കി മാറ്റാനും കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിറ്റാമിൻ ഡിയുടെ കുറവ് പരിഹരിക്കാൻ ഇവ കഴിക്കാം
ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ