പുകയിലയുടെ ഉപയോഗം; അറിഞ്ഞിരിക്കേണ്ട ചിലത്

By Web TeamFirst Published May 31, 2019, 9:51 AM IST
Highlights

ശ്വാസകോശത്തെ മാത്രമല്ല ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും പുകയില താറുമാറാക്കും. ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുന്ന രണ്ടാമത്തെ ഏറ്റവും വലിയ ഘടകമാണ് പുകയില എന്നാണ് ലോകാരോഗ്യസംഘടന റിപ്പോർട്ട് ചെയ്യുന്നത്. ലോകത്താകമാനം നടക്കുന്ന 12 ശതമാനം ഹൃദ്രോഗമരണങ്ങള്‍ക്കും കാരണമാകുന്നത് ഈ പുകയില തന്നെയാണ്. പുകയിലയുടെ ഉപയോഗവും പുകവലിയുമാണ് ഇതിനു പിന്നില്‍.

പുകയിലയുടെ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന കാര്യം എല്ലാവർക്കുമറിയാം. പുകയില ഏറ്റവും അധികവും ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. ശ്വാസകോശാര്‍ബുദത്തിന് കാരണമാകുന്ന ഏറ്റവും വലിയ ഘടകവും ഈ പുകയിലയാണ്. ഓരോ മിനിറ്റിലും ലോകത്താകമാനം ഏകദേശം രണ്ടുപേരുടെ ജീവനെടുക്കുന്ന മാരകവിഷമാണ് പുകയില. 

ശ്വാസകോശത്തെ മാത്രമല്ല ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും പുകയില താറുമാറാക്കും. ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുന്ന രണ്ടാമത്തെ ഏറ്റവും വലിയ ഘടകമാണ് പുകയില എന്നാണ് ലോകാരോഗ്യസംഘടന റിപ്പോർട്ട് ചെയ്യുന്നത്. ലോകത്താകമാനം നടക്കുന്ന 12 ശതമാനം ഹൃദ്രോഗമരണങ്ങള്‍ക്കും കാരണമാകുന്നത് ഈ പുകയില തന്നെയാണ്. പുകയിലയുടെ ഉപയോഗവും പുകവലിയുമാണ് ഇതിനു പിന്നില്‍.

പുകയില കൊണ്ടുള്ള സിഗരറ്റുകളുടെ അമിതഉപയോഗം രക്തക്കുഴലുകളെ ചുരുക്കി സ്ട്രോക്ക് പോലെയുള്ള ആരോഗ്യപ്രശ്നങ്ങളും ഹൃദ്രോഗവും ഉണ്ടാക്കുന്നുണ്ട്. പുകവലിക്കുന്നവരുടെ ഹൃദയഭിത്തികളില്‍  atheroma  എന്നൊരു വസ്തു അടിയുന്നുണ്ട്. ഇത് ആര്‍ട്ടറികളുടെ ഉള്ളില്‍ കേടുപാടുകള്‍ ഉണ്ടാക്കുകയും അവയെ ക്രമേണ ചുരുക്കുകയും ചെയ്യുന്നു. 

സിഗരറ്റിലെ നിക്കോട്ടിന്‍ രക്തസമ്മര്‍ദം വര്‍ധിപ്പിക്കും. ഇതും വൈകാതെ ഹൃദ്രോഗത്തിന് കാരണമാകുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. പുകയിലയിലെ കാര്‍ബണ്‍ മോണോക്സൈഡ് രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേര്‍ന്ന് ശരീരത്തിലെ ഓക്സിജന്‍ വിതരണത്തെ സാരമായി ബാധിക്കും. 

ഇത് ശരീരത്തിലെ മൊത്തം അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കാം.സ്ത്രീ–പുരുഷവന്ധ്യതയ്ക്കും പുകവലി കാരണമാണ്. പുകവലി പ്രത്യുത്‌പാദനശേഷി കുറയ്ക്കുകയും പുരുഷന്മാരിൽ ലൈംഗികശേഷി കുറയ്ക്കുകയും ചെയ്യുന്നുവെന്നാണ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവെൻഷൻ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നത്. ഇം​ഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

click me!