
ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. പുകവലി മൂലം നിരവധി രോഗങ്ങളാണ് നിങ്ങളെ തേടിയെത്തുന്നത്. പുകവലിയുടെ ദൂഷ്യഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നത് പുകവലിക്കുന്നവർ മാത്രമല്ല,അവര്‍ക്കൊപ്പമുള്ളവര്‍ കൂടിയാണ്. ഇന്ത്യയിലെ യുവാക്കളില്‍ നാൽപ്പത് ശതമാനത്തോളം പേർ ഇത്തരം നിഷ്ക്രിയ പുകവലിക്ക് ഇരയാകേണ്ടി വരുന്നുവെന്നാണ് കണക്കുകൾ.
എത്ര ശ്രമിച്ചിട്ടും പുകവലി നിര്‍ത്താന്‍ കഴിയുന്നില്ല എന്ന് പറയുന്നവര്‍ക്കായി പുകവലി കുറയ്ക്കാന്‍ ഇതാ ചില മാര്‍ഗങ്ങള്‍.
ഒന്ന്..
പുകവലിക്കാന്‍ തുടങ്ങിയതിന്‍റെ കാരണത്തെ തിരിച്ചറിയാന്‍ ശ്രമിക്കുന്നത് പുകവലി കുറയ്ക്കുന്നതിന് ആക്കം കൂട്ടും. പലപ്പോഴും പരിഹരാക്കാന്‍ കഴിയുന്ന കാരണമായിരിക്കും . ഇതു പരിഹരിച്ചാല്‍ തന്നെ നമുക്കുള്ളിലെ ആത്മവിശ്വാസം രണ്ടിരട്ടിയാകും.
രണ്ട്..
പുകവലി നിര്‍ത്തുകയാണെന്ന് പ്രതിജ്ഞയെടുക്കുന്നതോടൊപ്പം അതിനായി മനസ്സുകൊണ്ട് തയ്യാറെടുക്കുകയും വേണം.എന്നാല്‍ മാത്രമെ പരിശ്രമം കൊണ്ട് ഫലമുണ്ടാവുകയുള്ളു. നിങ്ങളുടെ ഉറച്ച തീരുമാനമായിരിക്കും ഫലത്തിന്‍റെ വേഗതയെ കൂട്ടുന്നത്.
മൂന്ന്..
അവനവനെക്കുറിച്ചുള്ള ചിന്തയാണ് മനുഷ്യനെ പല കാര്യങ്ങള്‍ ചെയ്യാനും ചെയ്യാതിരിക്കാനും പ്രേരിപ്പിക്കുന്നത്. പുകവലി നിര്‍ത്താനും ഇതൊരു മാര്‍ഗ്ഗമായി സ്വീകരിക്കാം. തന്നെക്കുറിച്ചും, തന്‍റെ ചുറ്റുപാടുകളെക്കുറിച്ചും നിരന്തരമായി ചിന്തിച്ചുകൊണ്ടിരിക്കുക. കൂടാതെ പുകവലിയില്‍ നിന്ന് വിമുക്തനാക്കാന്‍ കുടുംബത്തിന്‍റെ പിന്തുണകൂടെയുണ്ടെങ്കില്‍ നിങ്ങളുടെ പരിശ്രമം ഫലവത്താകും.
നാല്..
പുകവലിയെക്കുറിച്ചോര്‍ക്കാതിരിക്കാന്‍ മികച്ച മാര്‍ഗ്ഗങ്ങളിലൊന്നാണ് പുകവലിവിരുദ്ധരുടെ കൂടെ ചേരുന്നത്. അവര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കാലക്രമേണ മനസ്സില്‍ പതിയുന്നത് പിന്നീട് ഈ ശീലത്തെ മറക്കാനുള്ള ഒരു വഴിയാകും.
അഞ്ച്..
മിക്കവരും മാനസ്സിക സമ്മര്‍ദത്തെ കുറയ്ക്കാനാണ് പുകവലി ശീലമാക്കുന്നത്. എന്നാല്‍ മാനസിക സമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ തേടുന്നത് നല്ലതാണ്. ബോളുകള്‍ കയ്യില്‍ വച്ചു മസ്സാജുചെയ്യുന്നതും, ദീര്‍ഘശ്വാസമെടുക്കുന്നതും, ശരീരത്തില്‍ മസ്സാജ് ചെയ്യുന്നതും സമ്മര്‍ദം കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങളാണ്.
ആറ്..
പുകവലി ഉപേക്ഷിക്കാന്‍ നിങ്ങള്‍ക്കനുയോജ്യമായ മാര്‍ഗ്ഗമേതെന്ന് അറിയാന്‍ വിദഗ്ധരുടെ ഉപദേശം തേടുന്നതും നല്ലതാണ്. പുകവലി ഉപേക്ഷിക്കുമ്പോഴുണ്ടാകുന്ന വൈകാരികമാറ്റങ്ങള്‍ നിയന്ത്രിക്കാനും ഡോക്ടര്‍മാരുടെ സേവനം തേടുന്നതും നല്ലതാണ്.
ഏഴ്..
പുകവലിക്കണമെന്ന് തോന്നുമ്പോള്‍ ബദല്‍ മാര്‍ഗ്ഗങ്ങളെ കുറിച്ച് ചിന്തിച്ചുതുടങ്ങാം. പുതിന, ഗ്രാമ്പു, ചോക്ലേറ്റ്, ച്യൂയിംഗം എന്നിവയിലേതെങ്കിലും തിരഞ്ഞെടുക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam