Latest Videos

പുകവലി കൊല്ലുന്നത് നിങ്ങളെ മാത്രമല്ല; പാസീവ് സ്മോക്കിങ് ബാധിക്കുന്നത് എങ്ങനെ?

By Web TeamFirst Published May 31, 2019, 9:38 AM IST
Highlights

ഇന്ന് ലോക പുകയില വിരുദ്ധ ദിനം. പുകവലിയുടെ ദൂഷ്യഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നത് പുകവലിക്കുന്നവർ മാത്രമല്ല,അവര്‍ക്കൊപ്പമുള്ളവര്‍ കൂടിയാണ്. ഇന്ത്യയിലെ യുവാക്കളില്‍ നാൽപ്പത് ശതമാനത്തോളം പേർ ഇത്തരം നിഷ്ക്രിയ പുകവലിക്ക് ഇരയാകേണ്ടി വരുന്നുവെന്നാണ് കണക്കുകൾ. 

ഇന്ന് ലോക പുകയില വിരുദ്ധ ദിനം. പുകവലിയുടെ ദൂഷ്യഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നത് പുകവലിക്കുന്നവർ മാത്രമല്ല,അവര്‍ക്കൊപ്പമുള്ളവര്‍ കൂടിയാണ്. ഇന്ത്യയിലെ യുവാക്കളില്‍ നാൽപ്പത് ശതമാനത്തോളം പേർ ഇത്തരം നിഷ്ക്രിയ പുകവലിക്ക് ഇരയാകേണ്ടി വരുന്നുവെന്നാണ് കണക്കുകൾ. കൂടാതെ സ്ത്രീകളും കുട്ടികളുമെല്ലാം നിഷ്ക്രിയ പുകവലിയുടെ ഭാഗമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരാണ്. 

പാസീവ് സ്മോക്കിങ് അഥവാ നിഷ്ക്രിയ പുകവലിയാണ് ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്ത് . മറ്റൊരാളുടെ സിഗരറ്റിന്‍ തുമ്പത്തുനിന്നും വരുന്ന പുക ശ്വസിക്കുന്നത്, പുകവലിക്കുന്നവരെക്കാള്‍ അപകടമാണ്. ഇങ്ങിനെ പുകവലിക്കുന്നവരുമായുള്ള സഹവാസത്തിലൂടെ മറ്റുള്ളവർക്കും മാരക രോഗങ്ങൾ പിടികൂടുന്നു എന്നതാണ് ഇതിന്റെ അനന്തരഫലം. 4000 ത്തോളം കെമിക്കലുകളും കാര്‍ബണ്‍ മോണോക്സൈഡ് അടക്കം 150 ലധികം മാരകവിഷങ്ങളുമാണ് പുകവലിക്കാര്‍ സമൂഹത്തിന് സംഭാവന ചെയ്യുന്നത്. രണ്ടു മാസത്തിനും അഞ്ചു വയസ്സിനും ഇടയിലുള്ള 38 ശതമാനം കുഞ്ഞുങ്ങള്‍ വീടുകളിലെ പാസീവ് സ്മോക്കിംഗിന്റെ ഇരകളാണെന്നാണ് പഠന റിപ്പോർട്ടുകൾ. 

പാസീവ് സ്മോക്കിംഗ് മൂലമുള്ള അര്‍ബുദം വര്‍ധിക്കുന്നതായി ക്യാന്‍സര്‍ രോഗ വിദഗ്ധര്‍ പോലും പറയുന്നു. പുകവലിച്ച ഒരാള്‍ എടുക്കുന്ന കുട്ടിക്ക് വരെ ക്യാന്‍സര്‍ സാധ്യതയുണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു. പുകവലിക്കുന്നവരേക്കാള്‍ അപകടമുണ്ടാവുക പുക ശ്വസിക്കുന്ന മറ്റുള്ളവര്‍ക്കാണെന്ന് അര്‍ബുദ രോഗ വിദഗ്ധര്‍ പറയുന്നു. ഈ പാസീവ് സ്മോക്കിംഗ് ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു.

രക്തസമ്മർദ്ദം കൂടുന്നതിന് ഏറ്റവും വലിയ കാരണക്കാരൻ സെക്കൻഡ് ഹാൻഡ് സ്മോക്കിങ് അഥവാ പാസീവ് സ്മോക്കിങ്ങാണെന്നും ചില പഠനങ്ങള്‍ പറയുന്നു. ഒരാൾ വലിച്ചു പുറത്തേക്ക് വിടുന്ന പുക പുകവലിക്കാത്തവരെ മാരകമായി ബാധിക്കും.സ്ത്രീകളും കുട്ടികളുമാകും ഇതിലെ പ്രധാന ഇരകൾ. പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നത് മൂലം ഒരുപാട് പേർ ഈ ദുരിതം അനുഭവിക്കുകയും പല അസുഖങ്ങൾ വരുകയും ചെയ്യുന്നു. 

സെക്കൻഡ് ഹാൻഡ് സ്മോക്കിങ് രക്തസമ്മർദ്ദം കൂട്ടുന്നത് മാത്രമല്ല ഹൃദ്രോ​ഗം ഉണ്ടാകുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു. ഓഫീസിലായാലും വീട്ടിലായാലും മാറി നിന്ന് പുകവലിക്കുന്ന നിരവധി പേരുണ്ട്. പുറത്തേക്ക് വിടുന്ന പുക മറ്റുള്ളവരിൽ 13 ശതമാനാണ് രക്തസമ്മർദ്ദം കൂടുന്നതിനുള്ള സാധ്യതയെന്നും പഠനത്തിൽ പറയുന്നു. ഇറ്റലിയിൽ സംഘടിപ്പിച്ച യൂറോപ്യൻ സൊസെെറ്റി ഓഫ് കാർഡിയോളജിയുടെ വാർഷിക പരിപാടിയിൽ അവതരിപ്പിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 

ഗര്‍ഭിണികളില്‍ അമ്പത് ശതമാനം സ്ത്രീകളും പാസീവ് സ്‌മോക്കിംഗിന്റെ ഇരകളാണെന്നാണ് അടുത്തിടെ പുറത്ത് വിട്ട റിപ്പോർട്ടുകളിൽ പറയുന്നത്.പുകവലിയേക്കാള്‍ ദോഷകരമായി ഗര്‍ഭിണികളെ ബാധിക്കുന്നത് പാസീവ് സ്‌മോക്കിംഗ് ആണെന്നാണ് പഠനത്തിൽ പറയുന്നത്.

പുകവലിക്കാരുമായുള്ള സഹവാസം കുറയ്ക്കുക, പൊതുഇടങ്ങളിലെ പുകവലി നിരോധന നിയമം കര്‍ക്കശമാക്കുക തുടങ്ങിയവയാണ് നിഷ്ക്രിയ പുകവലിയെ തടയാനുള്ള മാർഗങ്ങൾ.

click me!