കൊവിഡ് രോഗിയുടെ മരണം; 'പ്ലാസ്മ തെറാപ്പി' അപകടമോ?

By Web TeamFirst Published May 4, 2020, 8:59 PM IST
Highlights

കൊവിഡ് 19 രോഗത്തില്‍ നിന്ന് മുക്തരായവരുടെ രക്തത്തിലെ 'പ്ലാസ്മ'യിലടങ്ങിയിരിക്കുന്ന 'ആന്റിബോഡി', രോഗിയായ ആളിലേക്ക് പകര്‍ത്തിനല്‍കി, അയാളെ രോഗത്തോട് പോരാടാന്‍ പ്രാപ്തനാക്കുന്നതാണ് 'പ്ലാസ്മ തെറാപ്പി'. ആദ്യഘട്ടത്തില്‍ വളരെ ഫലപ്രദമായ ചികിത്സയാണിതെന്ന തരത്തിലായിരുന്നു പ്രചാരണങ്ങള്‍ വന്നിരുന്നത്. എന്നാല്‍ പിന്നീടങ്ങോട്ട് ഇതില്‍ ഉള്‍പ്പെടുന്ന വെല്ലുവിളികളെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചു
 

കൊറോണ വൈറസിനെതിരെ പോരാടാന്‍ കഴിയുന്ന വാക്‌സിന്‍ കണ്ടെത്തുന്ന നാളിനായി ലോകം കാത്തിരിക്കുകയാണിപ്പോള്‍. എന്നാല്‍ വൈറസ് പടര്‍ന്നുപിടിക്കുന്ന നിര്‍ണ്ണായകമായ ഇക്കാലയളവില്‍ ലഭ്യമായ ചികിത്സാരീതികളും മരുന്നുകളുമെല്ലാം ആരോഗ്യരംഗം പരീക്ഷിക്കുന്നുമുണ്ട്. ഇതിനിടയില്‍ നമ്മള്‍ ഏറ്റവുമധികം കേട്ട ചികിത്സാരീതിയാണ് 'കോണ്‍വാലസെന്റ് പ്ലാസ്മ തെറാപ്പി'.

കൊവിഡ് 19 രോഗത്തില്‍ നിന്ന് മുക്തരായവരുടെ രക്തത്തിലെ 'പ്ലാസ്മ'യിലടങ്ങിയിരിക്കുന്ന 'ആന്റിബോഡി', രോഗിയായ ആളിലേക്ക് പകര്‍ത്തിനല്‍കി, അയാളെ രോഗത്തോട് പോരാടാന്‍ പ്രാപ്തനാക്കുന്നതാണ് 'പ്ലാസ്മ തെറാപ്പി'. ആദ്യഘട്ടത്തില്‍ വളരെ ഫലപ്രദമായ ചികിത്സയാണിതെന്ന തരത്തിലായിരുന്നു പ്രചാരണങ്ങള്‍ വന്നിരുന്നത്. 

എന്നാല്‍ പിന്നീടങ്ങോട്ട് ഇതില്‍ ഉള്‍പ്പെടുന്ന വെല്ലുവിളികളെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചു. ഇപ്പോഴിതാ മഹാരാഷ്ട്രയില്‍ 'പ്ലാസ്മ തെറാപ്പി' പരീക്ഷിച്ച കൊവിഡ് രോഗി മരണത്തിന് കീഴടങ്ങിയതോടെ ഈ ചര്‍ച്ചകള്‍ക്ക് ആക്കം കൂടുകയാണ്. 'പൊസിറ്റീവ്' ആയ ഫലം കാണാനാകില്ലെന്ന് മാത്രമല്ല, 'നെഗറ്റീവ്' ആയി ഈ ചികിത്സ തിരിച്ചടി നല്‍കുമോയെന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്. 

ഇക്കാര്യത്തില്‍ വ്യക്തമായ വിശദീകരണങ്ങളുമായി ആരോഗ്യവിദഗ്ധര്‍ തന്നെ രംഗത്ത് വരികയാണ്. 'കോണ്‍വാലസെന്റ് പ്ലാസ്മ തെറാപ്പി'യെ ഒരു അത്ഭുതമായി കാണരുതെന്നും അത്തരത്തിലൊരു കഴിവ് ഈ ചികിത്സാരീതിക്ക് ഇല്ലെന്നുമാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ചില രോഗികളില്‍ ഇത് കൃത്യമായി ഫലം കാണിച്ചേക്കാം. എന്നാല്‍ എല്ലാം രോഗികളിലും പരീക്ഷിക്കാമെന്നോര്‍ത്താല്‍ അത് അപകടം വരുത്തിവച്ചേക്കും. നിലവില്‍ പരീക്ഷണഘട്ടത്തില്‍ മാത്രമാണ് 'പ്ലാസ്മ തെറാപ്പി'യുള്ളത്- വിദഗ്ധര്‍ വിശദീകരിക്കുന്നു. 

'ഇതുവരെ വളരെ ചെറിയൊരു വിഭാഗം കൊവിഡ് രോഗികളില്‍ മാത്രമാണ് പ്ലാസ്മ തെറാപ്പി പരീക്ഷിച്ചിട്ടുള്ളത്. ഇതില്‍ ഒരു വിഭാഗത്തിന് മാത്രമാണ് ഫലപ്രദമായ മാറ്റം കണ്ടിട്ടുള്ളൂ. നമുക്കിന്ന് ലഭ്യമായ പല ചികിത്സാരീതികളില്‍ ഒന്ന് മാത്രമായേ പ്ലാസ്മ തെറാപ്പിയേയും കാണാനാകൂ. അല്ലാതെ കൃത്യമായ ഗുണം ഇതുകൊണ്ട് കിട്ടുമെന്ന് സമര്‍ത്ഥിക്കാനാകില്ല. അങ്ങനെ അവകാശപ്പെടുന്ന ഒരു പഠനം പോലും ഇതുവരെ വന്നിട്ടുമില്ല...

...ഇതിലെ പ്രധാനപ്പെട്ട സംഗതി എന്തെന്നാല്‍, എല്ലാ രോഗികള്‍ക്കും ഇതുപോലെ രോഗം ഭേദമായവരുടെ പ്ലാസ്മ നല്‍കാനാവില്ല. അതിന് രക്തപരിശോധന നടത്തണം. അത് സുരക്ഷിതമായാല്‍ത്തന്നെ നല്‍കുന്ന പ്ലാസ്മയില്‍ ആവശ്യത്തിന് ആന്റിബോഡികളുണ്ടാകണം. ഇതിനും പരിശോധന ആവശ്യമാണ്. ഇപ്പോള്‍ എത്ര പേരിലാണോ നമ്മളിത് പരീക്ഷിച്ചത് അതിലധികം പേരില്‍ ഇനിയും ഇത് പരീക്ഷിക്കേണ്ടിയിരിക്കുന്നു. അതിന് ശേഷം മാത്രമേ ഇതിന്റെ സാധ്യതകളെ അംഗീകരിക്കാനാകൂ...'- ദില്ലി എയിംസ് ആശുപത്രി ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേരിയ പറയുന്നു. 

Also Read:- മഹാരാഷ്ട്രയിൽ ആദ്യമായി പ്ലാസ്മാ തെറാപ്പി നടത്തിയ കൊവിഡ് രോഗി മരിച്ചു...

'പ്ലാസ്മ തെറാപ്പി' പരീക്ഷണഘട്ടത്തിലാണുള്ളതെന്ന് നേരത്തേ കേന്ദ്ര ആരോഗ്യമന്ത്രാലയവും വ്യക്തമാക്കിയിരുന്നു. കൂടുതല്‍ പഠനങ്ങളും നിരീക്ഷണങ്ങളും ഈ ചികിത്സാരീതിയില്‍ നടത്താന്‍ ചില ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് 'ICMR' (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. 

'പരിപൂര്‍ണ്ണമായി പ്ലാസ്മ തെറാപ്പിയെ സംശയിക്കേണ്ടതില്ല. കാരണം, ചില ശുഭകരമായ ഫലം ഇത് മൂലം നേരത്തേ ഉണ്ടായിട്ടുണ്ട്. എങ്കില്‍പ്പോലും പരീക്ഷണഘട്ടത്തിലിരിക്കുന്ന ചികിത്സാരീതിയെന്ന നിലയില്‍ നിലവില്‍ അംഗീകരിക്കാനും നിര്‍വാഹമില്ല. ചില കൊവിഡ് രോഗികളെ സംബന്ധിച്ച്, നമുക്കിനി ഒന്നും ചെയ്യാനില്ല എന്ന അവസ്ഥ വരാറുണ്ട്. അത്തരം രോഗികളില്‍ രക്ഷയ്ക്കായി എന്ത് മാര്‍ഗവും തേടാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകാറുണ്ട്. അങ്ങനെയുള്ള സന്ദര്‍ഭങ്ങളിലെല്ലാം പ്ലാസ്മ തെറാപ്പിയെ ആശ്രയിക്കാവുന്നതും പരീക്ഷിക്കാവുന്നതുമാണ്. അതായത്, ചില ഗുണങ്ങളും അതുപോലെ തന്നെ ചില ദോഷങ്ങളും ഇതിനുണ്ടെന്ന് സാരം...'- ദില്ലി ഫോര്‍ട്ടിസ് ആശുപത്രിയിലെ ഡോ. വിവേക് നാംഗ്യ പറയുന്നു. 

രാജസ്ഥാന്‍, പഞ്ചാബ്, മഹാരാഷ്ട്ര, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങള്‍ 'പ്ലാസ്മ തെറാപ്പി'യില്‍ പ്രകടമായി വിശ്വാസം അര്‍പ്പിച്ചിരുന്നു. തുടക്കത്തില്‍ നടത്തിയ പരീക്ഷണങ്ങള്‍ വിജയം കണ്ടതിനാല്‍ ഇനിയും പരീക്ഷണങ്ങള്‍ തുടരാനാണ് തീരുമാനമെന്ന് കഴിഞ്ഞയാഴ്ചയില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചിരുന്നു. 'ICMR'ന്റെ അനുവാദത്തോടെ രാജസ്ഥാനിലും 'പ്ലാസ്മ തെറാപ്പി'യുടെ 'ക്ലിനിക്കല്‍' പരീക്ഷണങ്ങള്‍ തുടങ്ങാനിരിക്കുകയാണ്. എന്നാല്‍ മഹാരാഷ്ട്രയില്‍ 'പ്ലാസ്മ തെറാപ്പി' പരീക്ഷിച്ച രോഗി മരിച്ചതോടെയാണ് ഈ ചികിത്സാരീതിയിലുള്‍പ്പെട്ടിരിക്കുന്ന അപകടസാധ്യതകള്‍ കൂടി ഇപ്പോള്‍ ചര്‍ച്ചകളില്‍ സജീവമാകുന്നത്. 

Also Read:- ശ്രീചിത്ര ആശുപത്രിയിൽ പ്ലാസ്മാ തെറാപ്പി പരീക്ഷണത്തിന് ഐസിഎംആറിന്റെ പ്രാഥമിക അനുമതി...

click me!