
പ്രമേഹത്തെ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി അല്‍പം കൂടി ഗൗരവത്തോടെ ഇന്ന് മിക്കവരും സമീപിക്കുന്നുണ്ട്. പ്രമേഹം അനുബന്ധമായി സൃഷ്ടിച്ചേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളെയോ അസുങ്ങളെയോ കുറിച്ചുള്ള അവബോധത്തെ തുടര്‍ന്നാണ് അധികപേരും പ്രമേഹത്തെ ഗൗരവമായി എടുത്തുതുടങ്ങുന്നത്.
പ്രമേഹം വന്നാല്‍ നമുക്കറിയാം, അത് ചികിത്സയിലൂടെ മാറ്റിയെടുക്കല്‍ സാധ്യമല്ല, മറിച്ച് ജീവിതരീതികളിലൂടെ നിയന്ത്രിക്കുന്നത് തന്നെയാണ് അധികവും ചെയ്യാവുന്ന പരിഹാര മാര്‍ഗം. ജീവിതരീതികളില്‍ തന്നെ ഏറ്റവും പ്രധാനം ഡയറ്റ് ആണ്. പ്രമേഹമുള്ളവര്‍ക്ക് കഴിക്കാൻ പാടില്ലാത്തതും കഴിക്കാവുന്നതുമായ ഭക്ഷണ-പാനീയങ്ങളുണ്ട്. ഇവയില്‍ പ്രമേഹമുള്ളവര്‍ക്ക് കഴിക്കാവുന്നതും പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് സഹായകമാകുന്നതുമായ ചില പാനീയങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
കരിക്ക്, അല്ലെങ്കില്‍ ഇളനീര്‍ ആണ് ഇതിലൊന്ന്. ആരോഗ്യത്തിന് പലവിധ ഗുണങ്ങളുമേകുന്നൊരു 'നാച്വറല്‍' പാനീയമാണിത്. കലോറി കുറവായതിനാലും പൊട്ടാസ്യം, ഇലക്ട്രോലൈറ്റ്സ്, വൈറ്റമിൻ-ബി, അമിനോ ആസിഡ്സ് എന്നിവയാലെല്ലാം സമ്പന്നമായതിനാലും ഇത് രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ദഹനം വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനുമെല്ലാം ഇളനീര്‍ സഹായകമാണ്.
രണ്ട്...
മോരാണ് പ്രമേഹരോഗികള്‍ക്ക് ധൈര്യമായി കഴിക്കാവുന്ന മറ്റൊരു പാനീയം. മധുരം ചേര്‍ക്കേണ്ടതില്ലാത്ത പാലുത്പന്നമാണ് മോര്. ഇതുകൊണ്ട് തന്നെ പ്രമേഹരോഗികള്‍ക്ക് വലിയ വെല്ലുവിളിയില്ല. അതേസമയം പോഷകങ്ങളാല്‍ സമ്പന്നവുമാണ്.
മൂന്ന്...
പാവയ്ക്ക ജ്യൂസ് പ്രമേഹരോഗികള്‍ കഴിക്കുന്നതിനെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പാവയ്ക്ക ജ്യൂസ് കഴിച്ചാല്‍ പ്രമേഹം കുറയുമോ എന്നതിനെ കുറിച്ച് പലരും സംശയം പ്രകടിപ്പിക്കാറുണ്ട്. പ്രമേഹമുള്ളവര്‍ പാവയ്ക്കാ ജ്യൂസ് കഴിക്കുന്നത് വളരെ നല്ലത് തന്നെയാണ്. തീര്‍ച്ചയായും ഇത് രക്തത്തിലെ ഷുഗര്‍ നില താഴ്ത്താൻ സഹായിക്കുന്നതാണ്.
നാല്...
നെല്ലിക്ക ജ്യൂസാണ് അടുത്തതായി ഈ പട്ടികയിലുള്‍പ്പെടുന്നത്. നെല്ലിക്കയിലടങ്ങിയിരിക്കുന്ന ക്രോമിയം എന്ന ധാതു ഷുഗര്‍നില നിയന്ത്രിക്കാൻ സഹായിക്കുന്നതാണ്.
അഞ്ച്...
ഉലുവ വെള്ളവും പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്നൊരു പാനീയമാണ്. ഇതിലടങ്ങിയിരിക്കുന്ന വിവിധ ധാതുക്കള്‍ ഷുഗര്‍ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
ആറ്...
കറുവപ്പട്ട ചേര്‍ത്ത വെള്ളവും പ്രമേഹരോഗികള്‍ കുടിക്കുന്നത് നല്ലതാണ്. രാവിലെ ഉറക്കമെഴുന്നേറ്റ് കുടിക്കുന്ന വെള്ളം കറുവപ്പട്ട ചേര്‍ത്തത് ആക്കുന്നത് ഉചിതം. പ്രമേഹത്തിന്‍റെ പ്രശ്നങ്ങളെ ലഘൂകരിക്കുന്നതിന് ഇത് ഏറെ സഹായകമാണ്.
Also Read:- വണ്ണം കുറയ്ക്കാൻ പനീര്‍? പക്ഷേ കഴിക്കുന്നതിന് ചില രീതികളുണ്ടെന്ന് മാത്രം...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-