
ജൂൺ 21. അന്താരാഷ്ട്ര യോഗ ദിനം (International Day of Yoga). 'വസുധൈവ കുടുംബത്തിന് യോഗ' എന്നതാണ് ഈ വർഷത്തെ യോഗദിന സന്ദേശം. യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായി 2015 മുതൽ എല്ലാ വർഷവും ജൂൺ 21 ന് രാജ്യങ്ങളിൽ അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആഘോഷിക്കുന്നു.
ശരീരം, മനസ്സ്, ആത്മാവ് എന്നിവ സന്തുലിതാവസ്ഥയിൽ കൊണ്ടുവരുന്നതിനാണ് ഈ ദിവസം ആചരിക്കുന്നത്. ഒരു പ്രത്യേക ഭക്ഷണക്രമം നിലനിർത്തുക, ഒരു പ്രത്യേക ശാരീരിക നില നിലനിർത്തുക, ശ്വസനരീതികൾ പരിശീലിക്കുക എന്നിവ ഉൾപ്പെടുന്ന ഈ വ്യായാമരീതി ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ നിന്നാണ് ഉത്ഭവിച്ചത്.
ഇന്ന് അധികം ആളുകളും ദീർഘനേരം ഇരുന്നുള്ള ജോലിയാണ് ചെയ്യുന്നത്. ഇത് വളരെയധികം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ദീർഘകാല ആരോഗ്യപ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിന് പ്രതിരോധശേഷി കൂട്ടേണ്ടത് പ്രധാനമാണ്. അതിന് യോഗ വളരെ വലിയ പങ്കാണ് വഹിക്കുന്നത്. ജീവിതകാലം മുഴുവൻ ആരോഗ്യത്തോടെയിരിക്കാൻ ശീലമാക്കാം ഈ യോഗാസനങ്ങൾ...
സന്തോലനാസനം...
കൈപ്പത്തികൾ തോളിന് നേരെ വെക്കുക. പതുക്കെ പുഷ് അപ് പൊസിഷനിൽ വന്ന് ശരീരത്തിന്റെ മുകൾ ഭാഗം, പെൽവിസ്, കൈൽമുട്ടുകൾ എന്നിവ മുകളിലേക്ക് ഉയർത്തുക. കൈകൾ നേരെ പുഷ് അപ് പൊസിഷനിൽ ആയിരിക്കുന്നതിന് ശ്രദ്ധിക്കണം. സാധാരണ ഗതിയിൽ ശ്വാസോച്ഛ്വാസം നടത്തുക. ഇത് നിങ്ങളുടെ ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് ചെയ്യുന്നത് എല്ലുകളെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നു.
വസിഷ്ഠാസന...
വസിഷ്ഠാസനം ചെയ്യുന്നതും ആരോഗ്യത്തിന് വളരെ മികച്ച ഗുണങ്ങൾ നൽകുന്നതാണ്. ഇത് ആരോഗ്യത്തിനും അതുപോലെ തന്നെ ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും സഹായകമാണ്. ഇത് ചെയ്യുന്നതിന് വേണ്ടി ആദ്യം പുഷ് അപ് പൊസിഷനിൽ നിൽക്കുക. ശേഷം ഒരു വശത്തേക്ക് ചരിഞ്ഞ് കാലുകൾ നീട്ടി വച്ച് വലതു കാൽ ഇടത് കാലിന് മുകളിൽ ചിത്രത്തിൽ കാണുന്നത് പോലെ വെച്ച് വലത് കൈ തലക്ക് മുകളിൽ ഉയർത്തി ഇടത് കൈ നിലത്ത് കുത്തി വയ്ക്കുക. ശ്വാസോച്ഛ്വാസം സാധാരണ പോലെ എടുക്കുന്നതിന് ശ്രദ്ധിക്കുക. ഇത് രണ്ട് വശത്തേക്കും ആവർത്തിക്കാവുന്നതാണ്. ഈ യോഗാസനം ചെയ്യുന്നതിലൂടെ അത് ശ്വാസകോശത്തിന്റെ ആരോഗ്യം കൃത്യമായി നിലനിർത്തുന്നതിന് സഹായിക്കുന്നു. കൈകൾ, നെഞ്ച്, ഉദരം, കാലുകളുടെ പിൻഭാഗം, കണങ്കാൽ എന്നിവയ്ക്ക് ഈ ആസനം സഹായിക്കുന്നു.
ചക്രാസനം...
പലരോഗത്തിനും പരിഹാരമാകുന്നതാണ് ചക്രാസനം. ഹൃദ്രോഗം ഉള്ളവരും മാനസിക പിരിമുറുക്കം ഉള്ളവരും ആസ്‌ത്‌മയുടെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരും ഈ യോഗ പരിശീലിക്കണം. ചക്രാസനം ചെയ്യുന്നതിന് വേണ്ടി ആദ്യം യോഗ മാറ്റിൽ മലർന്ന് കിടക്കുക. അതിന് ശേഷം കൈകൾ രണ്ടും പതുക്കെ തലക്ക് പുറകിൽ കുത്തുക. പിന്നീട് പതുക്കെ ശരീരം നെഞ്ചുൾപ്പടെയുള്ള ഭാഗം ഉയർത്തുക. ശേഷം ശ്വാസം മുകളിലേക്ക് എടുത്ത് ശരീരം ഒരു വില്ല് പോലെ ഉള്ളിലേക്ക് ചിത്രത്തിൽ കാണുന്നത് പോലെ വളക്കുക. ശ്വാസം പിടിച്ച് വെക്കാതെ കൃത്യമായ രീതിയിൽ എടുക്കുന്നതിന് ശ്രദ്ധിക്കണം. ഇതിലൂടെ ശ്വാസകോശത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സാധിക്കുന്നു.
എന്താണ് ഉയർന്ന കൊളസ്ട്രോൾ? ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?