ഹൃദയം സുരക്ഷിതമാക്കാന്‍ ചെയ്യാം ഈ മുന്നൊരുക്കങ്ങള്‍...

Web Desk   | others
Published : Sep 27, 2021, 05:43 PM IST
ഹൃദയം സുരക്ഷിതമാക്കാന്‍ ചെയ്യാം ഈ മുന്നൊരുക്കങ്ങള്‍...

Synopsis

അടുത്ത കാലങ്ങളിലായി ആളുകളുടെ ജീവിതത്തിന്റെ 'ക്വാളിറ്റി' കുറഞ്ഞുവരുന്നതായാണ് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്. ജീവിതശൈലികളിലെ പോരായ്കകള്‍ മൂലം ജീവിതശൈലീരോഗങ്ങള്‍ പിടിപെടുകയും ഇത് ക്രമേണ മറ്റ് രോഗങ്ങളിലേക്ക് വഴിവയ്ക്കുകയും ചെയ്യുന്നതോടെയാണ് മിക്കവരുടെയും ജീവിതത്തിന്റെ 'ക്വാളിറ്റി' നഷ്ടപ്പെടുന്നതെന്നും പഠനങ്ങൾ പറയുന്നു

രാത്രി ഉറങ്ങുന്നതിന് മുമ്പായി അന്നേ ദിവസത്തെ ജീവിതത്തെ കുറിച്ച് വിലയിരുത്തുന്നവരാണോ നിങ്ങള്‍? അല്‍പസമയം കൂടി മാറ്റിവച്ചിരുന്നെങ്കില്‍ ചെയ്തുതീര്‍ക്കാനുള്ള ജോലി ചെയ്തുതീര്‍ക്കാമായിരുന്നുവെന്നും, പ്രിയപ്പെട്ട ആരെയെങ്കിലും വിളിച്ച് സംസാരിക്കാമായിരുന്നുവെന്നും, വായിച്ച് പകുതിക്ക് വച്ച് നിര്‍ത്തിയ പുസ്തകത്തിന്റെ ഏതാനും പേജുകള്‍ കൂടി പൂര്‍ത്തിയാക്കാമായിരുന്നുവെന്നുമെല്ലാം ചിന്തിക്കാറുണ്ടോ? 

എന്തുകൊണ്ടാണ് ഈ ചോദ്യമെന്ന് സംശയിക്കേണ്ട. മനുഷ്യരില്‍ എല്ലായ്‌പോഴും ഈ നഷ്ടബോധത്തിനുള്ള സാധ്യതകള്‍ കിടപ്പുണ്ട്. ജീവിതത്തെ ആകെയും കണക്കിലെടുക്കുമ്പോഴും ഇതേ വിലയിരുത്തല്‍ ഉണ്ടാകാം. 

എത്ര കാലം ജീവിക്കുന്നു എന്നത് പോലെ തന്നെ പ്രധാനമാണ് എങ്ങനെ ജീവിക്കുന്നു എന്നതും. ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്ത്, അതിനെല്ലാം സമയം കണ്ടെത്തി, അവയിലെല്ലാം സന്തോഷം അനുഭവിച്ച് വേണം ജീവിക്കാന്‍, അല്ലേ? 

എന്നാല്‍ അടുത്ത കാലങ്ങളിലായി ആളുകളുടെ ജീവിതത്തിന്റെ 'ക്വാളിറ്റി' കുറഞ്ഞുവരുന്നതായാണ് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത് ( Disability Adjusted Life years ). ജീവിതശൈലികളിലെ പോരായ്കകള്‍ മൂലം ജീവിതശൈലീരോഗങ്ങള്‍ പിടിപെടുകയും ഇത് ക്രമേണ മറ്റ് രോഗങ്ങളിലേക്ക് വഴിവയ്ക്കുകയും ചെയ്യുന്നതോടെയാണ് മിക്കവരുടെയും ജീവിതത്തിന്റെ 'ക്വാളിറ്റി' നഷ്ടപ്പെടുന്നതെന്നും പഠനങ്ങള്‍ പറയുന്നു. 

ഇതില്‍ തന്നെ ഹൃദയത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ് (Cardiovascular Diseases ) മുന്‍പന്തിയിലുള്ളതെന്നും വിദഗ്ധര്‍ തങ്ങളുടെ ഗവേഷണങ്ങളിലൂടെ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയെങ്കില്‍ ഹൃദയത്തെ സുരക്ഷിതമാക്കി വയ്ക്കാനുള്ള ശ്രമങ്ങള്‍ നാം നേരത്തെ തന്നെ നടത്തേണ്ടതില്ലേ? 

 

 

ജീവിതശൈലിയുമായി ബന്ധപ്പെട്ട കാരണങ്ങള്‍ മൂലം ഹൃദയം പ്രശ്‌നത്തിലാകുന്നത് തടയാന്‍ നാം വിചാരിച്ചാല്‍ സാധ്യമാണ്. അതിന് ജീവിതശൈലി തന്നെ ആകുന്ന രീതിയില്‍ ചിട്ടപ്പെടുത്തിയാല്‍ മതിയാകും. അതിന് സഹായകമാകുന്ന നാല് 'ടിപ്‌സ്' ആണ് ഇനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ഹൃദയാരോഗ്യത്തെ അവതാളത്തിലാക്കുന്നതിന് ഒരു പ്രധാന കാരണമായി വരുന്നത് വര്‍ധിച്ചുവരുന്ന മാനസിക സമ്മര്‍ദ്ദമാണ്. അതിനാല്‍ തന്നെ സമ്മര്‍ദ്ദം കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ തേടാം. നീണ്ട മണിക്കൂറുകളുടെ ജോലിയാണ് നിങ്ങള്‍ ചെയ്യുന്നതെങ്കില്‍ ഇടയ്ക്ക് ഇടവേളകളെടുക്കുക. 

ജോലിയില്‍ അടക്കം നിത്യജീവിതത്തില്‍ ചെയ്യുന്ന കാര്യങ്ങളിലെല്ലാം മനസ് അര്‍പ്പിക്കാന്‍ പരമാവധി ശ്രമിക്കുക ( Mindfulness ) . ഇത് ചെയ്യാന്‍ കഴിയില്ലെന്ന് ആദ്യം തോന്നാം. പക്ഷേ പരിശീലനത്തിലൂടെ തീര്‍ച്ചയായും സാധ്യമാകും. ഓരോ കാര്യത്തിനെയും ആത്മാര്‍ത്ഥമായി സമീപിക്കുക, അതിനെ ഇഷ്ടപ്പെടാന്‍ ശ്രമിക്കുക, ചേര്‍ത്തുവയ്ക്കാന്‍ ശ്രമിക്കുക, ആസ്വദിക്കുക- ഇതെല്ലാം സ്‌ട്രെസ് വളരെയധികം കുറയ്ക്കാന്‍ സഹായിക്കും. 

രണ്ട്...

ഒരിടത്തും അധികനേരം ചടഞ്ഞുകൂടി ഇരിക്കാതിരിക്കുക. ഉറങ്ങുന്ന സമയം മാത്രം കൃത്യമായി, തുടര്‍ച്ചയായി മണിക്കൂറുകള്‍ കിടക്കാം. ബാക്കി സമയത്ത് ഊര്‍ജ്ജസ്വലതയോടെ മുന്നോട്ടുപോവുക. ഇടയ്ക്കിടെ ചെറിയ നടത്തം, പാട്ട്, എളുപ്പത്തില്‍ ചെയ്യാവുന്ന വ്യായാമങ്ങളെല്ലാം ആവാം. ഇത് ശരീരത്തെയും മനസിനെയും ഒരുപോലെ 'ഫ്രഷ്' ആക്കുന്നു. 

മൂന്ന്...

ഇനി ഡയറ്റിന്റെ കാര്യത്തിലേക്ക് വന്നാല്‍, സമഗ്രമായ ഡയറ്റാണ് പിന്തുടരേണ്ടത്. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ ഇക്കാര്യത്തില്‍ ഉത്കണ്ഠയേ വേണ്ട. 

 

 

എണ്ണമയമുള്ള ഭക്ഷണം കുറച്ചത് കൊണ്ടോ, കലോറി കുറച്ചത് കൊണ്ടോ, പഞ്ചസാര കുറച്ചത് കൊണ്ടോ മാത്രമായില്ല. ഇതിനെല്ലാം പകരം നല്ല ഭക്ഷണം കഴിക്കുകയും വേണം. 

ധാരാളം പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, മത്സ്യ-മാംസാദികള്‍, പാല്‍ അങ്ങനെ സമഗ്രമായി ഡയറ്റിനെ കൊണ്ടുപോകേണ്ടതുണ്ട്. ആരോഗ്യപ്രശ്‌നങ്ങളുള്ളവരാണെങ്കില്‍ അതിന് അനുസരിച്ച് ഡയറ്റ് മാറ്റി ക്രമീകരിക്കുക. എന്തായാലും ഭക്ഷണത്തില്‍ 'കോംപ്രമൈസ്' വേണ്ട.

നാല്...

ഏറ്റവും അവസാനമായി ശ്രദ്ധിക്കേണ്ട കാര്യം ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങളുണ്ടായാലും അത് സമയത്തിന് കണ്ടെത്താനുള്ള ശ്രമം നടത്തേണ്ടതുണ്ട് എന്നതാണ്. ഹൃദയത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. അതിനാല്‍ കൃത്യമായ ഇടവേളകളില്‍ ചെക്കപ്പ് നടത്താനും ശ്രദ്ധിക്കുക.

Also Read:- ശ്വാസകോശാർബുദം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?