
കൊവിഡ് 19 മഹാമാരിയുടെ വരവോടുകൂടിയായിരിക്കും മിക്കവരും 'ബ്രെയിന്‍ ഫോഗ്' ( Brain Fog ) എന്ന വാക്ക് തന്നെ കേള്‍ക്കുന്നത്. കൊവിഡ് ലക്ഷണമായും കൊവിഡാനന്തരം നീണ്ടുനില്‍ക്കുന്ന ( Long Covid ) ആരോഗ്യപ്രശ്‌നങ്ങളിലൊന്നായുമെല്ലാം 'ബ്രെയിന്‍ ഫോഗ്' വരുന്നുണ്ട്.
പേരില്‍ സൂചനയുള്ളത് പോലെ തന്നെ 'ബ്രെയിന്‍' അഥവാ തലച്ചോറിനെ ബാധിക്കുന്നൊരു പ്രശ്‌നമാണിത്. ഒരു രോഗമെന്ന് ഇതിനെ വിളിക്കുക സാധ്യമല്ല. പല പ്രശ്‌നങ്ങള്‍ കൂടിച്ചേരുന്നൊരു അവസ്ഥയെന്ന് വിശേഷിപ്പിക്കാം. 'ഫോഗ്' എന്നാല്‍ മൂടല്‍ മഞ്ഞ് എന്നോ പുകയെന്നോ അര്‍ത്ഥം വരാം.
തലച്ചോറില്‍ പുക മൂടുന്നത് പോലൊരു അവസ്ഥ തന്നെയാണിത്. ഓര്‍മ്മക്കുറവ്, കാര്യങ്ങള്‍ കൃത്യമായി മനസിലാകായ്ക, എപ്പോഴും ക്ഷീണം അനുഭവപ്പെടുക തുടങ്ങി പല പ്രശ്‌നങ്ങളും 'ബ്രെയിന്‍ ഫോഗി'ന്റെ ഭാഗമായി ഉണ്ടാകാം. കൊവിഡ് മൂലം മാത്രമല്ല, സ്‌ട്രെസ്, ഉത്കണ്ഠ, വിഷാദം തുടങ്ങി 'ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം', 'ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍', 'ന്യൂറോസൈക്യാട്രിക് ഡിസോര്‍ഡറുകള്‍' തുടങ്ങി പല അവസ്ഥകളുടെയും ഭാഗമായി ബ്രെയിന്‍ ഫേഗ് പിടിപെടാം.
മിക്കവാറും ദിവസങ്ങളോ മാസങ്ങളോ നീണ്ടുനില്‍ക്കുന്ന കാലാവധിയുള്ള അവസ്ഥയായേ ഇത് നിലനില്‍ക്കൂ. ഫലപ്രദമായ ചികിത്സ കൂടിയുണ്ടെങ്കില്‍ പെട്ടെന്നുതന്നെ ഇതില്‍ നിന്ന് രക്ഷ നേടാം. എന്നാല്‍ സമയബന്ധിതമായി രോഗത്തെ തിരിച്ചറിയണമെന്ന് മാത്രം. ചില ലക്ഷണങ്ങളിലൂടെ ഇത് മനസിലാക്കിയെടുക്കാവുന്നതേയുള്ളൂ. അത്തരത്തില്‍ ബ്രെയിന്‍ ഫോഗിനെ തിരിച്ചറിയാന്‍ സഹായിക്കുന്ന നാല് പ്രധാന ലക്ഷണങ്ങളെ കുറിച്ചാണിനി പറയുന്നത്...
ഒന്ന്...
ഒന്നിലും ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ബ്രെയിന്‍ ഫോഗിന്റെ ഒരു പ്രധാന ലക്ഷണം. ഏറ്റവും ചെറുതും എളുപ്പമേറിയതുമായ ഒരു പ്രവര്‍ത്തിയില്‍ പോലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണിത്. എത്ര പരിശ്രമിക്കുമ്പോഴും ചിന്തകള്‍ നാലുപാട് ചിതറി ജോലി ചെയ്യാന്‍ കഴിയാതിരിക്കുന്ന സാഹചര്യം. ഇങ്ങനെ പതിവാകുന്നുവെങ്കില്‍ തീര്‍ച്ചയായും പരിശോധന നടത്തുക.
രണ്ട്...
ചിന്താശക്തി കാര്യമായി കുറയുന്നതും ബ്രെയിന്‍ ഫോഗിന്റെ ലക്ഷണമാകാം. അതായാത് 10 മിനുറ്റ് കൊണ്ട് ചെയ്ത് തീര്‍ക്കേണ്ടുന്ന ജോലി 30 മിനുറ്റ്- 40 മിനുറ്റിലേക്കെല്ലാം നീളുന്നു. ഇത് ചിന്തകളുടെ വേഗതയും തീവ്രതയും കുറയുന്നതിന്റെ സൂചനയാണ്. ഇതുമൂലം സാരമായ വൈകാരികപ്രശ്‌നങ്ങളും നേരിടാം. ദേഷ്യം, അസ്വസ്ഥത, നിരാശയെല്ലാം അനുഭവപ്പെടാം.
മൂന്ന്...
ബ്രെയിന്‍ ഫോഗ് ഉള്ളവര്‍ക്ക് മറ്റുള്ളവരുമായുള്ള സംഭാഷണം തന്നെ ഭാരിച്ച ജോലിയായി അനുഭവപ്പെടാം. സംസാരിക്കുമ്പോള്‍ വാക്കുകള്‍ കിട്ടാതിരിക്കുക, തപ്പലുണ്ടാവുക, മനസിലുണ്ടെങ്കിലും പറയാന്‍ സാധിക്കാതിരിക്കുക എന്നീ പ്രശ്‌നങ്ങളെല്ലാം ബ്രെയിന്‍ ഫോഗിന്റെ ഭാഗമായി വരാം.
ചില സന്ദര്‍ഭങ്ങളില്‍ കുറഞ്ഞ കാലത്തേക്ക് ഓര്‍മ്മകള്‍ ഇല്ലാതായിപ്പോകുന്ന അവസ്ഥ വരെ ബ്രെയിന്‍ ഫോഗുള്ളവരിലുണ്ടാകാം.
നാല്...
ഒരേസമയം പല കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവ് മനുഷ്യനുണ്ട്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഇത് ചെയ്യാന്‍ കഴിയാതിരിക്കാം. പ്രത്യേകിച്ച് തലച്ചോറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടുന്ന സാഹചര്യങ്ങളില്‍. ബ്രെയിന്‍ ഫോഗിന്റെ കാര്യത്തിലും സ്ഥിതി സമാനം തന്നെ. അതായത്, കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാന്‍ സാധിക്കാത്തത് മൂലം തന്നെ ഒരേസമയം പലതും ചെയ്യുകയെന്നത് അസാധ്യമായി വരാം. ചെയ്താല്‍ തന്നെ പിഴവുകളോ അപകടങ്ങളോ തുടര്‍ച്ചയായി സംഭവിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam