Blood Pressure | നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന ഈ മസാലകള്‍ ദോഷമോ?

Web Desk   | others
Published : Nov 10, 2021, 07:00 PM IST
Blood Pressure | നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന ഈ മസാലകള്‍ ദോഷമോ?

Synopsis

നിത്യവും നാം ഭക്ഷണത്തില്‍ ചേര്‍ക്കാനുപയോഗിക്കുന്ന ഇലകളും മസാലകളും ആരോഗ്യത്തിന് ദോഷകരമാണെന്ന തരത്തിലുള്ള ധാരാളം പ്രചാരണങ്ങള്‍ കേള്‍ക്കാന്‍ സാധിക്കും. എന്താണ് ഇതിലെ യാഥാര്‍ത്ഥ്യമെന്ന് പലപ്പോഴും നമുക്ക് അറിയാന്‍ കഴിയുകയുമില്ല

ഇന്ത്യന്‍ ഭക്ഷണങ്ങളുടെ ഏറ്റവും വലിയ പ്രത്യേകതയാണ് ഇലകളും സ്‌പൈസുകളും (Herbs and Spices). കറിവേപ്പില ചേര്‍ക്കാതെ നാം തയ്യാറാക്കുന്ന എത്ര കറികളുണ്ട്? അതുപോലെ മസാല ചേര്‍ക്കാതെ തയ്യാറാക്കുന്ന എത്ര കറികളുണ്ട്? ആലോചിച്ചാല്‍ തന്നെ ഇവയെല്ലാം നമ്മുടെ ഭക്ഷണ സംസ്‌കാരത്തില്‍ (Food Culture)  എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് മനസിലാകും. 

എന്നാല്‍ ഇത്തരത്തില്‍ നിത്യവും നാം ഭക്ഷണത്തില്‍ ചേര്‍ക്കാനുപയോഗിക്കുന്ന ഇലകളും മസാലകളും ആരോഗ്യത്തിന് ദോഷകരമാണെന്ന തരത്തിലുള്ള ധാരാളം പ്രചാരണങ്ങള്‍ കേള്‍ക്കാന്‍ സാധിക്കും. എന്താണ് ഇതിലെ യാഥാര്‍ത്ഥ്യമെന്ന് പലപ്പോഴും നമുക്ക് അറിയാന്‍ കഴിയുകയുമില്ല. എന്തായാലും ഏത് ചേരുവയും അമിതമായി ഉപയോഗിക്കുന്നത് ശരീരത്തിന് ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ദോഷം ചെയ്‌തേക്കാം. 

അതേസമയം മിതമായ അളവില്‍, 'ബാലന്‍സ്ഡ്' ഡയറ്റിന്റെ ഭാഗമായി ഇങ്ങനെയുള്ള ഇലകളും മസാലകളുമെല്ലാം കഴിക്കുന്നത് ശരീരത്തിന് പ്രതികൂലമായി വരുമെന്ന വാദം ശരിയല്ലെന്ന് തന്നെ പറയാം. എന്ന് മാത്രമല്ല, ഇവയെല്ലാം കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രണത്തിലാക്കി വയ്ക്കാന്‍ സഹായിക്കുമെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്. 

രക്തസമ്മര്‍ദ്ദത്തെ ( ബിപി) വരുതിയിലാക്കാന്‍ സഹായിക്കുന്നതോടെ ഹൃദയാരോഗ്യത്തെ കരുതലോടെ കാത്തുസൂക്ഷിക്കാനും ഇവ സഹായിക്കുന്നുവെന്ന് പഠനം പറയുന്നു. 'പെന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി', 'ടെക്‌സാസ് യൂണിവേഴ്‌സിറ്റി' എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. 

 

 

ശരാശരി അമേരിക്കക്കാര്‍ നിത്യവും കഴിക്കുന്ന ഭക്ഷണങ്ങള്‍ക്കൊപ്പം തന്നെ ഇലകളും സ്‌പൈസും കൂടി ഉള്‍പ്പെടുത്തി ഒരു സംഘം ആളുകളുടെ ഡയറ്റ് ചിട്ടപ്പെടുത്തി നോക്കിയ ശേഷമാണ് ഗവേഷകര്‍ തങ്ങളുടെ നിഗമനങ്ങളിലേക്കെത്തിയിരിക്കുന്നത്. ഒട്ടും ഇലകളും സ്‌പൈസും ഉപയോഗിക്കാത്തൊരു വിഭാഗം, അല്‍പം ഉപയോഗിക്കുന്നവര്‍, മോശമല്ലാത്ത അളവില്‍ ഉപയോഗിക്കുന്നവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗത്തെയാണ് ഗവേഷകര്‍ പഠനത്തിനായി എടുത്തത്. 

ഇതില്‍ സ്‌പൈസ് നന്നായി ഉപയോഗിക്കുന്നവരില്‍ ബിപി നിയന്ത്രണത്തിലാകുന്നുവെന്ന് ഇവര്‍ കണ്ടെത്തുകയായിരുന്നു. അതുവഴി ഹൃദയം നേരിടുന്ന വെല്ലുവിളികളും കുറയുന്നതായും ഗവേഷകര്‍ വ്യക്തമാക്കുന്നു. ദിവസത്തില്‍ 6.5 മില്ലിഗ്രാം അല്ലെങ്കില്‍ 1.3 ടീസ്പൂണ്‍ ഇലകളും സ്‌പൈസുകളും ഡയറ്റിലുള്‍പ്പെടുത്തുന്നത് ബിപി 'നോര്‍മല്‍' ആയി സൂക്ഷിക്കാന്‍ സഹായിക്കുമെന്നും പഠനം നിര്‍ദേശിക്കുന്നു. 

'ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ വേണ്ടി ഡയറ്റില്‍ വരുത്താവുന്ന മാറ്റങ്ങളായി ഇവയെ കാണാന്‍ സാധിക്കാവുന്നതാണ്. സാധാരണഗതിയില്‍ ഉപ്പിന്റെ ഉപയോഗം കുറയ്ക്കാനാണ് ബിപിയുള്ളവരോട് ഡോക്ടര്‍മാര്‍ പറയുക. അങ്ങനെയെങ്കില്‍ ഉപ്പ് കുറയ്ക്കുന്നതിനൊപ്പം തന്നെ ഇത്തരത്തിലുള്ള ഇലകളും സ്‌പൈസുകളും ഡയറ്റിലുള്‍പ്പെടുത്താനും നിര്‍ദേശിക്കാമല്ലോ...'- പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ ക്രിസ് എതേര്‍ട്ടണ്‍ പറയുന്നു. 

 


'ന്യൂട്രീഷ്യനിസ്റ്റുകള്‍ എന്ന നിലയ്ക്ക് ഭക്ഷണം ആരോഗ്യത്തെ എത്തരത്തിലെല്ലാം സ്വാധീനിക്കുന്നു എന്ന് അറിയാന്‍ ഞങ്ങള്‍ക്കെപ്പോഴും ആകാംക്ഷയുണ്ട്. ഈ പഠനം തുടങ്ങുമ്പോഴും അതുണ്ടായിരുന്നു. എങ്ങനെയാണ് ഹെര്‍ബുകളും സ്‌പൈസുകളും ഹൃദയാരോഗ്യത്തെ സ്വാധീനിക്കുന്നത് എന്നത് അറിയാനായിരുന്നു ഏറെയും താല്‍പര്യം. എന്തായാലും അതൊരു നല്ലരീതിയിലാണെന്നത് തിരിച്ചറിയുന്നതില്‍ സന്തോഷം...' -പഠനത്തില്‍ പങ്കാളിയായ പ്രൊഫസര്‍ ക്രിസ്റ്റീന പീറ്റേഴ്‌സണ്‍ പറയുന്നു. 

Also Read:- വ്യായാമം അമിതമായാല്‍ അത് ഹൃദയത്തെ ദോഷകരമായി ബാധിക്കുമോ?

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ
ടോയ്‌ലറ്റ് പേപ്പര്‍ പതിവായി ഉപയോ​ഗിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കൂ