
ശരീരത്തിന്‍റെ ഏത് ഭാഗത്താണെങ്കിലും അനുഭവപ്പെടുന്ന വേദനയ്ക്കോ അസ്വസ്ഥതകള്‍ക്കോ മറ്റ് പ്രയാസങ്ങള്‍ക്കോ പിന്നില്‍ വ്യക്തമായ കാരണങ്ങള്‍ കാണും. പ്രത്യേകിച്ച് പതിവായ പ്രശ്നങ്ങളാണെങ്കില്‍ തീര്‍ച്ചയായും ഇത് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതുണ്ട്.
ഇത്തരത്തില്‍ വയറ്റിലോ നടുവിന്‍റെ ഒരു ഭാഗത്തോ പെട്ടെന്ന് അനുഭവപ്പെടുന്ന അസഹ്യമായ വേദന, അത് എന്തിന്‍റെ ലക്ഷണമാകാമെന്നാണ് ഇനി പങ്കുവയ്ക്കുന്നത്. വയറുവേദനയാണെങ്കിലും നടുവേദനയാണെങ്കിലും പല കാരണം മൂലമുണ്ടാകാം. എന്നാല്‍ പെടുന്നനെ, കൊളുത്തിവലിക്കും പോലുള്ള വേദന വരുന്നത് മിക്കവാറും മൂത്രത്തില്‍ കല്ലിന്‍റെ ലക്ഷണമാണ്.
മൂത്രത്തില്‍ കല്ല്- അഥവാ കിഡ്‍നി സ്റ്റോണിനെ കുറിച്ച് ഏവര്‍ക്കും അറിയാം. വൃക്കയിലോ മൂത്രനാളിയിലോ എല്ലാം ചെറിയ ക്രിസ്റ്റലുകള്‍ വന്ന് അടിയുന്നതാണ് മൂത്രത്തില്‍ കല്ല്. ശരീരത്തില്‍ നിന്ന് പുറന്തള്ളപ്പെടാതെ കിടക്കുന്ന ധാതുക്കളാണ് ഇത്തരത്തില്‍ ക്രിസ്റ്റലുകളായി വരുന്നത്.
ചിലരില്‍ മൂത്രത്തില്‍ കല്ല് ചെറിയ രീതിയിലാകാം. അങ്ങനെയെങ്കില്‍ ഇത് കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടാക്കില്ല. അതേസമയം മറ്റ് ചിലരില്‍ ഈ കല്ലുകളുടെ വലുപ്പം തന്നെ പ്രശ്നമായി വരാം. ഒപ്പം തന്നെ ഇവ അകത്ത് ചലിച്ചുകൊണ്ടിരിക്കുക കൂടി ചെയ്താല്‍ ഇത് കടുത്ത വേദനയിലേക്കും നയിക്കാം.
മൂത്രത്തില്‍ കല്ലിന് ചില സന്ദര്‍ഭങ്ങളില്‍ ലക്ഷണങ്ങളൊന്നും കാണണമെന്നില്ല. എന്നാല്‍ ഇതിന് ചില ലക്ഷണങ്ങള്‍ പ്രകടമായി വരികയും ചെയ്യാം. അവയെ കുറിച്ച് കൂടി വിശദമായി മനസിലാക്കാം...
1. അടിവയറ്റിലെ വേദന ഇതിലൊരു ലക്ഷണമാണ്. പെട്ടെന്നായിരിക്കും ഇത്തരത്തില്‍ അടിവയറ്റില്‍ വേദനയനുഭവപ്പെടുന്നത്. ശരീരത്തിന്‍റെ മുകള്‍ഭാഗത്ത് ഏതെങ്കിലും ഒരു വശത്തും വേദന വരാം. അതല്ലെങ്കില്‍ നടുവിലെ ഒരു ഭാഗത്തും ആകാം ഈ വേദന.
2. മൂത്രമൊഴിക്കുമ്പോള്‍ എരിച്ചിലും വേദനയും അനുഭവപ്പെടുന്നതും മൂത്രത്തില്‍ കല്ലിന്‍റെ ലക്ഷണമാകാം. ഈ ലക്ഷണം കണ്ടാല്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ട് വേണ്ട പരിശോധന നടത്തേണ്ടതുണ്ട്.
3. മൂത്രത്തില്‍ നിറവ്യത്യാസം വരികയാണെങ്കില്‍ ഇതും ശ്രദ്ധിക്കണം. ഇതും മൂത്രത്തില്‍ കല്ലിന്‍റെ ലക്ഷണമായി വരാം. പിങ്ക്, ബ്രൗണ്‍, റെഡ് നിറങ്ങള്‍ കലര്‍ന്നുകാണുകയാണെങ്കിലാണ് മൂത്രത്തില്‍ കല്ല് സൂചനയുണ്ടാകുന്നത്.
4. ഇടയ്ക്കിടെ ഛര്‍ദ്ദിയും ഓക്കാനവും ഉണ്ടാകുന്നതും മൂത്രത്തില്‍ കല്ല് ലക്ഷണമായി വരാറുണ്ട്. ഇങ്ങനെ കാണുകയാണെങ്കിലും ആശുപത്രിയില്‍ പോയി വേണ്ട പരിശോധന നടത്തുന്നതാണ് ഉചിതം.
5. ഇടയ്ക്ക് പെട്ടെന്ന് പനി വരുന്നതും മൂത്രത്തില്‍ കല്ല് ലക്ഷണമായി വരാറുണ്ട്. ഇങ്ങനെ കണ്ടാലും ആശുപത്രിയില്‍ പോവുക.
മേല്‍പ്പറഞ്ഞ ലക്ഷണങ്ങളെല്ലാം തന്നെ മൂത്രത്തില്‍ കല്ലിലേക്ക് മാത്രം വിരല്‍ചൂണ്ടുന്നത് ആകണമെന്നില്ല. അതിനാല്‍ ഈ ലക്ഷണങ്ങള്‍ കാണുന്നപക്ഷം ആശുപത്രിയിലെത്തി വേണ്ട പരിശോധന നടത്തി എന്താണ് പ്രശ്നമെന്ന് സ്ഥിരീകരിക്കുകയാണ് വേണ്ടത്.
Also Read:- മുടി വളരാനും 'എക്സര്‍സൈസ്'?; മുടിയുടെ കാര്യത്തില്‍ ആശങ്കയുള്ളവര്‍ അറിയാൻ....
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam