
വേനൽക്കാലത്ത് മുഖക്കുരു കൂടുന്നത് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്. മുഖക്കുരു പ്രശ്നങ്ങൾ സാധാരണേതിനേക്കാൾ 56% കൂടുതലായി ഉണ്ടാകുന്നത് വേനൽക്കാല ദിനങ്ങളിലാണെന്ന് ജേണൽ ഓഫ് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
വേനൽക്കാല ദിനങ്ങളിലെ അമിതമായ ചൂടേറിയ കാലാവസ്ഥ കൂടുതൽ വിയർക്കാൻ ഇടയാക്കും. ഈ സാഹചര്യത്തിൽ നിർജ്ജീവ ചർമ്മ കോശങ്ങളോടൊപ്പം അഴുക്കും പൊടിയും ചർമത്തിൽ അടിഞ്ഞുകൂടുന്നത് ചർമ്മത്തിൻ്റെ സ്വാഭാവിക സെബം ഉൽപ്പാദനത്തെ തടസ്സപ്പെടുത്തുന്നതിന് കാരണമായി മാറും. ഇതാണ് മുഖക്കുരുവിന് കാരണമായി മാറുന്നത്. വേനൽക്കാലത്തെ മുഖക്കുരു കുറയ്ക്കുന്നതിന് പരീക്ഷിക്കേണ്ട ചില പൊടിക്കെെകൾ..
ഒന്ന്
മുഖക്കുരു ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് ഏറ്റവും മികച്ചതാണ് വെള്ളരിക്ക ഓട്സ് ഫേസ് മാസ്ക്. 1 കപ്പ് വെള്ളരിക്ക, 1 കപ്പ് ഓട്സ് എന്നിവ ചേർത്ത് യോജിപ്പിക്കുക. ഈ മിശ്രിതം 1 ടീസ്പൂൺ തൈരിൽ കലർത്തി മുഖത്ത് പുരട്ടുക. 30 മിനിറ്റോളം ഇത് മുഖത്തിടുക. ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.
രണ്ട്
കറ്റാർവാഴയാണ് മറ്റൊരു പ്രതിവിധി. ഇതിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ വിവിധ ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നു. അൽപം കറ്റാർവാഴ ജെൽ നാരങ്ങ നീര് ചേർത്ത് മുഖത്ത് മസാജ് ചെയ്യുക. 20 മിനുട്ട് നേരം മുഖത്ത് ഇട്ടേക്കുക. ശേഷം കഴുകി കളയുക.
മൂന്ന്
ഗ്രീൻ ടീയുടെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ മുഖക്കുരു അകറ്റും. മുഖക്കുരുവുമായി ബന്ധപ്പെട്ട ചുവപ്പും പാടും കുറയ്ക്കാൻ ഇത് സഹായിക്കും. കൂടാതെ മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാനും ഇത് സഹായിക്കും. ഒരു സ്പ്രേ ബോട്ടിലിൽ ഗ്രീൻ ടീ വെള്ളം ചേർത്ത ശേഷം മുഖത്ത് സ്പ്രേ ചെയ്യുക. ഇത് മുഖക്കുരു തടയാൻ സഹായിക്കും.
നാല്
മഞ്ഞൾ മുഖക്കുരുവിന് ഒരു പ്രകൃതിദത്ത പരിഹാരമാണ്. അതിന്റെ ആന്റി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരു തടയുന്നു. ചുവപ്പ്, മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകൾ എന്നിവ കുറയ്ക്കാൻ ഇത് സഹായിക്കും. രണ്ട് സ്പൂൺ മഞ്ഞൾ പൊടിയും അൽപം തെെരും യോജിപ്പിച്ച് മുഖത്തിടുക.