
ചൂട് കൂടുമ്പോൾ നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. അതിലൊന്നാണ് ചൂട് കുരു. കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂട് കുരുക്കൾ വേനൽക്കാലത്ത് ഉണ്ടാകാറുണ്ട്. ശരീരത്തിൻ്റെ ചില ഭാഗങ്ങളിൽ വിയർപ്പ് ഗ്രന്ഥിക്ക് തടസമുണ്ടാകുമ്പോഴാണ് ഇത്തരം ചൂട് കുരുക്കൾ ഉണ്ടാകുന്നത്. ചൂടുകുരുവിൽ നിന്ന് ആശ്വാസം നേടാൻ വീട്ടിലുണ്ട് ആറ് പരിഹാരങ്ങൾ...
കറ്റാർവാഴ ജെൽ
കറ്റാർവാഴയിൽ അലോസിൻ, അസെമാനൻ തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ശക്തമായ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ചർമ്മത്തിൽ ജലാംശം നൽകുന്നതിനും ചുവപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. ചൊറിച്ചിൽ, പൊള്ളൽ എന്നിവയിൽ നിന്ന് ഉടനടി ആശ്വാസം ലഭിക്കാൻ കറ്റാർവാഴ ജെൽ ഒരു ദിവസം രണ്ടോ മൂന്നോ തവണ ചർമ്മത്തിൽ പുരട്ടുക.
കോൾഡ് കംപ്രസ്
ചൊറിച്ചിൽ, വീക്കം എന്നിവയിൽ നിന്ന് നിന്നും കോൾഡ് കംപ്രസ് ആശ്വാസം നൽകുന്നു. നനഞ്ഞ തുണി അല്ലെങ്കിൽ ഐസ് പായ്ക്ക് ഒരു തൂവാലയിൽ ശരിയായി പൊതിഞ്ഞ് 20 മിനിറ്റ് നേരം മസാജ് ചെയ്യുകയാണ് വേണ്ടതെന്ന് യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് വ്യക്തമാക്കുന്നു.
ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ ചർമ്മത്തിന്റെ pH (ഹൈഡ്രജന്റെ സാധ്യത) സന്തുലിതമാക്കുകയും ആന്റി-ഇൻഫ്ലമേറ്ററി, ആന്റിസെപ്റ്റിക് ഗുണങ്ങൾ ഉള്ളതുമാണ്. ഇത് ചൊറിച്ചിൽ ഒഴിവാക്കുക ചെയ്യുന്നു. അൽപം ബേക്കിംഗ് സോഡ വെള്ളത്തിൽ യോജിപ്പിക്കുക. ശേഷം ആ പേസ്റ്റ് 10 മിനിറ്റ് നേരം ചർമ്മത്തിൽ പുരട്ടുക.
ആര്യവേപ്പ്
ആര്യവേപ്പ് തിണർപ്പുകളിലെ അണുബാധ തടയാനും വീക്കവും ചുവപ്പും കുറയ്ക്കാനും സഹായിക്കും. ഒരു പാത്രം വെള്ളത്തിൽ വേപ്പില തിളപ്പിക്കുക. അത് തണുക്കാൻ കാത്തിരിക്കുക. തണുത്ത ശേഷം കുളിക്കുക. അല്ലെങ്കിൽ ആ വെള്ളത്തിൽ ഒരു കോട്ടൺ തുണി ഉപയോഗിച്ച് ചർമ്മത്തിൽ തുടച്ച് എടുക്കുക.
മുൾട്ടാണി മിട്ടി
ചൂട് മൂലം ഉണ്ടാകുന്ന തിണർപ്പിന് ഫലപ്രദമായ മാർഗമാണ് മുൾട്ടാണി മിട്ടി. ഇത് വെള്ളത്തിൽ കലർത്തി പേസ്റ്റ് ഉണ്ടാക്കി ചൊറിച്ചിൽ ഉള്ള ഭാഗങ്ങളിൽ പുരട്ടുക. ഉണങ്ങിയ ശേഷം കഴുകിക്കളയുക.
വെള്ളരിക്ക
വെള്ളരിക്കയിൽ ജലാംശം കൂടുതലായി അടങ്ങിയിട്ടുണ്ടെന്നതു മാത്രമല്ല, വിറ്റാമിൻ സിയും ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് ഇതിന് തീവ്രമായ ജലാംശം നൽകുകയും ശരീരത്തെ തണുപ്പിക്കുകയും ചെയ്യുന്നത്. ചുണങ്ങിൽ വെള്ളരിക്ക കഷ്ണങ്ങൾ വയ്ക്കുക അല്ലെങ്കിൽ ഒരു കോട്ടൺ പാഡ് ഉപയോഗിച്ച് വെള്ളരിക്ക നീര് പുരട്ടുക.