
നിത്യജീവിതത്തില്‍ നാം നേരിടുന്ന പല ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഇക്കൂട്ടത്തിലൊന്നാണ് ഉദരരോഗങ്ങള്‍ അല്ലെങ്കില്‍ വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍. ഗ്യാസ്, അസിഡിറ്റി, നെഞ്ചെരിച്ചില്‍, മലബന്ധം എന്നിവയെല്ലാമാണ് ഇതില്‍ ഏറ്റവുമധികം പേര്‍ നേരിടുന്ന പ്രശ്നങ്ങള്‍.
ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ പതിവാണെങ്കില്‍ അത് ജിഇആര്‍ഡി (ഗ്യാസ്ട്രോ ഈസോഫാഗല്‍ റിഫ്ലക്സ് ഡിസീസ്) എന്ന രോഗമാകാൻ സാധ്യതയുണ്ട്. ഇത് അത്ര ഗൗരവതരമായൊരു രോഗമല്ല. നേരത്തെ സൂചിപ്പിച്ചത് പോലെ തന്നെ ദഹനമില്ലായ്മ, വയറ്റിലെ ദഹനരസം മുകളിലേക്ക് തികട്ടിവരല്‍, ഗ്യാസ്, നെഞ്ചെരിച്ചില്‍, ഓക്കാനം വരിക തുടങ്ങിയ പ്രയാസങ്ങള്‍ പതിവാകുന്നു എന്ന് മാത്രം.
ഇത് ചികിത്സയിലൂടെയും ജീവിതരീതികള്‍- പ്രധാനമായും ഭക്ഷണം മെച്ചപ്പെടുത്തുന്നതിലൂടെയുമെല്ലാം പരിഹരിക്കാൻ സാധ്യമാണ്. എന്നാല്‍ വയറ്റിലെ ക്യാൻസര്‍ രോഗത്തിനും ഇതേ ലക്ഷണങ്ങള്‍ കാണിക്കാമെന്നും അതിനാല്‍ തന്നെ ഈ രണ്ട് പ്രശ്നങ്ങളെയും തിരിച്ചറിയാൻ സാധിക്കില്ലെന്നും ആശങ്കപ്പെടുന്നവര്‍ ധാരാളമാണ്.
ഒരു പരിധി വരെ ഈ ആശങ്കയ്ക്ക് സ്ഥാനവുമുണ്ട്. വയറ്റിലെ ക്യാൻസര്‍ ലക്ഷണങ്ങളില്‍ പലതും ജിഇആര്‍ഡി ലക്ഷണങ്ങളോട് സമാനത പുലര്‍ത്തുന്നവയാണ്. എങ്കിലും ക്യാൻസറിനെ മറ്റ് രീതികളില്‍ തിരിച്ചറിയാൻ സാധിക്കും. ഇതെങ്ങനെയെന്ന് പറയാം.
അതിന് മുമ്പായി ആദ്യം മനസിലാക്കേണ്ടുന്ന കാര്യം ജിഇആര്‍ഡി ആണെങ്കില്‍ പോലും നാം കൃത്യമായ ചികിത്സ തേടേണ്ടതുണ്ട്. ഒരുവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും വച്ചുകൊണ്ടിരിക്കുന്നത്. അസാധാരണമായി ദിവസങ്ങളോ ആഴ്ചകളോ തുടരുന്ന ആരോഗ്യപ്രശ്നങ്ങള്‍ അവ എന്തായാലും പരിശോധനയിലൂടെ കണ്ടെത്തുക. ഗൗരവമുള്ളതല്ലെങ്കില്‍ പ്രശ്നമില്ല, എന്നാല്‍ ഗൗരവമുള്ളതാണെങ്കില്‍ തീര്‍ച്ചയായും വൈകാതെ തന്നെ ചികിത്സ തേടാമല്ലോ.
പ്രത്യേകിച്ച് ക്യാൻസറില്‍ ഏറ്റവും വലിയ തിരിച്ചടിയുണ്ടാക്കുന്നത് സമയബന്ധിതമായി രോഗം കണ്ടെത്താൻ കഴിയാത്തതും ചികിത്സ വൈകുന്നതുമാണ്.
ഇനി വയറ്റിലെ ക്യാൻസറിന്‍റെ കാര്യത്തിലേക്ക് തന്നെ തിരിച്ചുവരാം, ജിഇആര്‍ഡിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ രണ്ട് ലക്ഷണങ്ങള്‍ വയറ്റിലെ ക്യാൻസറില്‍ വ്യത്യസ്തമായി കാണാം. ഇവയാണ് ഏറെ ശ്രദ്ധിക്കേണ്ടത്. ഒന്ന് പതിവായ വിശപ്പില്ലായ്മയും, രണ്ട് അസാധാരണമായ രീതിയില്‍ ശരീരഭാരം കുറയുന്നതും. ശരീരഭാരം ഇടയ്ക്കിടെ നോക്കേണ്ടതുണ്ട്. ശരീരഭാരത്തില്‍ അസാധാരണമായ വ്യത്യാസങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ കാണുന്നത് പലപ്പോഴും ഗൗരവമുള്ള രോഗങ്ങളുണ്ടാകുമ്പോഴാണ്.
വയറ്റിലെ ക്യാൻസര്‍ എന്തുകൊണ്ടാണ് പിടിപെടുന്നത് എന്നതിന് ഇപ്പോഴും വ്യക്തമായൊരു ഉത്തരമില്ല. എങ്കിലും ചില കാര്യങ്ങള്‍ ഇതിലേക്ക് വ്യക്തിയെ ക്രമേണ നയിക്കാം. പുകയില ഉപയോഗം, ഉപ്പ് കാര്യമായി അടങ്ങിയ ഭക്ഷണങ്ങള്‍ സ്ഥിരമായോ അമിതമായോ ഉപയോഗിക്കുക (അച്ചാര്‍ അടക്കം), അമിതവണ്ണം, മദ്യപാനം എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടുന്ന ഘടകങ്ങളാണ്. ഇവയെല്ലാം ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കുന്നുവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ജഇആര്‍ഡിയാണെങ്കില്‍ ലളിതമായ മരുന്നുകള്‍ കൊണ്ടോ ജീവിതരീതിയിലെ മാറ്റങ്ങള്‍ കൊണ്ടോ തന്നെ മറികടക്കാവുന്നതാണ്. അതല്ലെങ്കില്‍ ചില കേസുകളില്‍ സര്‍ജറിയും ചെയ്യാറുണ്ട്.
Also Read:- പ്രോസ്റ്റേറ്റ് ക്യാൻസറിന്‍റെ അസാധാരണ ലക്ഷണത്തെ കുറിച്ച് പങ്കിട്ട് അനുഭവസ്ഥൻ