
കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധികളെ ഇപ്പോഴും പൂര്‍ണമായി തരണം ചെയ്യാൻ നമുക്കായിട്ടില്ല. ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങള്‍ രോഗവ്യാപനം തുടരുക തന്നെയാണ്. വാക്സിൻ ആശ്വാസം പകരുന്നുണ്ടെങ്കിലും വ്യത്യസ്തമായ വൈറസ് വകഭേദങ്ങള്‍ വാക്സിനെ പോലും ചെറുത്ത് തോല്‍പിച്ചാണ് ശരീരത്തിനകത്തെത്തുന്നത്. എങ്കിലും രോഗതീവ്രത കുറയ്ക്കുന്നതിന് വാക്സിൻ വലിയ രീതിയില്‍ സഹായകമാകുന്നുണ്ട്.
രോഗതീവ്രത കുറയുന്നത് കൊണ്ട് രോഗം ബാധിക്കപ്പെടുന്ന സമയത്ത് മാത്രമല്ല, ഇതിന് ശേഷവും ആശ്വാസം ലഭിക്കാം, അതെങ്ങനെയെന്നല്ലേ? വിശദമാക്കാം.
കൊവിഡ് 19 ബാധിക്കപ്പെട്ട ഒരു വിഭാഗം പേരില്‍ രോഗസമയത്ത് കാണുന്ന പല ആരോഗ്യപ്രശ്നങ്ങളും പിന്നീട് രോഗമുക്തി നേടിയ ശേഷവും ഏറെ നാളത്തേക്ക് നീണ്ടുനില്‍ക്കുന്നുണ്ട്. ലോംഗ് കൊവിഡ് എന്നാണിതിനെ ഡോക്ടര്‍മാര്‍ വിശേഷിപ്പിക്കുന്നത്. അധികവും രോഗം തീവ്രമായി ബാധിച്ചവരിലാണ് ലോംഗ് കൊവിഡും വലിയ തോതിലുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്.
ക്ഷീണം, ശ്വാസതടസം, മണവും രുചിയും നഷ്ടപ്പെടുന്ന അവസ്ഥ, ചിന്താശേഷിയിലും ഓര്‍മ്മശക്തിയിലും വരുന്ന കുറവ് എന്നിങ്ങനെ പല പ്രശ്നങ്ങളും ലോംഗ് കൊവിഡില്‍ കാണാം. ഇതില്‍ മിക്കവരെയും ബാധിക്കുന്ന പ്രശ്നം ക്ഷീണമാണ്. നിത്യജീവിതത്തില്‍ നാം നേരത്തെ സുഖകരമായി ചെയ്തുപോന്നിരുന്ന കാര്യങ്ങളൊന്നും ചെയ്യാൻ സാധിക്കാതെ വരുന്ന വിധം ക്ഷീണം അലട്ടുന്നവരുണ്ട്. ഇവര്‍ക്ക് ഇതിനെ മറികടക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
കൊവിഡ് ബാധയ്ക്ക് ശേഷം തളര്‍ച്ചയുണ്ടെങ്കില്‍ നിങ്ങള്‍ ആവശ്യത്തിന് വിശ്രമം ഉറപ്പാക്കുകയാണ് ആദ്യം വേണ്ടത്. പുറത്തുനിന്ന് ശരീരത്തിലെത്തുന്ന രോഗകാരിയെ ആക്രമിച്ച് കീഴടക്കുന്നതിന്‍റെ ഭാഗമായാണ് ഈ തളര്‍ച്ചയുണ്ടാകുന്നത്. ഭാരപ്പെട്ട ജോലികളൊഴിവാക്കി വിശ്രമിക്കുകയും പോഷകാഹാരം കഴിക്കുകയും ചെയ്യുന്നതിലൂടെ ഈ ക്ഷീണത്തെ മറികടക്കാൻ സാധിക്കും.
രണ്ട്...
കൊവിഡിന് ശേഷം കടുത്ത വ്യായാമങ്ങളിലേക്ക് പെട്ടെന്ന് കടക്കുന്നത് അത്ര നല്ലതല്ല. പ്രത്യേകിച്ച് ലോംഗ് കൊവിഡുള്ളവര്‍. ബ്രീത്തിംഗ് എക്സര്‍സൈസ്, യോഗ എന്നിവയെല്ലാം പതിവാക്കുന്നത് കൊവിഡാനന്തര ക്ഷീണത്തെ മറികടക്കാൻ സഹായിക്കും.
മൂന്ന്...
അയേണ്‍ കാര്യമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നതും ക്ഷീണമകറ്റാൻ സഹായിക്കും. പയറുവര്‍ഗങ്ങള്‍, സോയബീൻസ്, ചീര, ഓട്ട്മീല്‍സ്, ക്വിനോവ, വിവിധ വിത്തുള്‍ എന്നിവയെല്ലാം ഇതിനായി കഴിക്കാവുന്നതാണ്.
നാല്...
ഉറക്കത്തിനും ഈ ഘട്ടത്തില്‍ വലിയ പ്രാധാന്യം നല്‍കുക. രാത്രിയില്‍ നിര്‍ബന്ധമായും എട്ട് മണിക്കൂര്‍ തുടര്‍ച്ചയായി ഉറങ്ങുക. സുഖകരമായ ഉറക്കവും കൊവിഡ് അനുബന്ധ പ്രശ്നങ്ങളെ ലഘൂകരിക്കാൻ സഹായിക്കും. ആകെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നല്ല ഉറക്കം സഹായിക്കും.
Also Read:- വാക്സിനെടുത്തവരില്‍ കൊവിഡ് ലക്ഷണങ്ങള്‍ മാറുമോ? സാധാരണമായ 5 ലക്ഷണങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam