Asianet News MalayalamAsianet News Malayalam

Covid 19 : വാക്സിനെടുത്തവരില്‍ കൊവിഡ് ലക്ഷണങ്ങള്‍ മാറുമോ? സാധാരണമായ 5 ലക്ഷണങ്ങള്‍...

വാക്സിനെടുത്തവരിലാണെങ്കില്‍ കാണപ്പെടുന്ന കൊവിഡ് ലക്ഷണങ്ങളെ ചൊല്ലിയും ഏറെ സംശയങ്ങളും ആശയക്കുഴപ്പങ്ങളും ആളുകളിലുണ്ടാകാറുണ്ട്. വലിയ രീതിയിലുള്ള മാറ്റങ്ങളൊന്നും വാക്സിൻ സ്വീകരിച്ചവരിലും അല്ലാത്തവരിലും കൊവിഡ് ലക്ഷണങ്ങളില്‍ കാണാറില്ലെന്നതാണ് സത്യം.

most common covid symptoms among vaccinated people
Author
First Published Oct 23, 2022, 6:22 PM IST

കൊവിഡ് 19മായുള്ള പോരാട്ടത്തില്‍ തന്നെയാണ് നാമിപ്പോഴും. ഏറെ ആശ്വാസവുമായി കൊവിഡ് വാക്സനെത്തിയെങ്കിലും ജനിതകവ്യതിയാനം സംഭവിച്ച വൈറസ് വകഭേദങ്ങള്‍ വ്യാപകമായ രീതിയില്‍ കൊവിഡ് വ്യാപനം നടത്തുന്നത് വെല്ലുവിളി സൃഷ്ടിച്ചുകൊണ്ടിരിക്കുക തന്നെയാണ്.

ഇപ്പോള്‍ ഒമിക്രോണിന്‍റെ വകഭേദങ്ങളും ഉപവകഭേദങ്ങളുമാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ക്ക് കാരണമാകുന്നത്. വാക്സിനില്‍ നിന്ന് നാം ആര്‍ജ്ജിച്ചെടുക്കുന്ന പ്രതിരോധത്തെയും, മുമ്പ് രോഗം ബാധിക്കുന്നത് വഴി നമ്മളില്‍ സ്വാഭാവികമായി ഉണ്ടാകുന്ന പ്രതിരോധത്തെയുമെല്ലാം തകര്‍ത്ത് ശരീരത്തിനകത്തേക്ക് പ്രവേശിക്കാൻ ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങള്‍ക്ക് സാധിക്കും. 

ഇതിനിടെ വാക്സിൻ സ്വീകരിച്ചിട്ട് ഫലമില്ലെന്ന തരത്തിലുള്ള പ്രചാരണങ്ങളും ഏറെ വന്നിരുന്നു. ഇതിനെതിരെ പലപ്പോഴായി ലോകാരോഗ്യ സംഘടനയില്‍ നിന്നടക്കമുള്ള വിദഗ്ധര്‍ അവബോധം നടത്തുകയും ചെയ്തിരുന്നു. വാക്സിനെടുത്താല്‍ രോഗം ബാധിക്കാതിരിക്കുകയല്ല, മറിച്ച് രോഗതീവ്രത വലിയ രീതിയില്‍ കുറയുകയാണ് ചെയ്യുന്നത്. 

വാക്സിനെടുത്തവരിലാണെങ്കില്‍ കാണപ്പെടുന്ന കൊവിഡ് ലക്ഷണങ്ങളെ ചൊല്ലിയും ഏറെ സംശയങ്ങളും ആശയക്കുഴപ്പങ്ങളും ആളുകളിലുണ്ടാകാറുണ്ട്. വലിയ രീതിയിലുള്ള മാറ്റങ്ങളൊന്നും വാക്സിൻ സ്വീകരിച്ചവരിലും അല്ലാത്തവരിലും കൊവിഡ് ലക്ഷണങ്ങളില്‍ കാണാറില്ലെന്നതാണ് സത്യം. ഏതായാലും വാക്സിനെടുത്തവരില്‍ ഏറ്റവുമധികമായി കാണപ്പെടുന്ന അ‍ഞ്ച് കൊവിഡ് ലക്ഷണങ്ങള്‍ മനസിലാക്കാം...

ഒന്ന്...

തൊണ്ടവേദനയാണ് ഇതില്‍ ഒരു ലക്ഷണം. തൊണ്ടയില്‍ വേദന, അസ്വസ്ഥത, ചൊറിച്ചില്‍ എന്നിവ അനുഭവപ്പെടാം. ഉമിനീരോ ഭക്ഷണമോ ഇറക്കുമ്പോള്‍ ഈ പ്രയാസങ്ങള്‍ കൂടാം. സംസാരിക്കാനും ബുദ്ധിമുട്ട് നേരിടാം. ചെറിയ രീതിയില്‍ പൊള്ളുന്നത് പോലുള്ള അനുഭവവും ഉണ്ടാകാം. 

രണ്ട്...

ജലദോഷം അഥവാ മൂക്കൊലിപ്പും വാക്സിനെടുത്തവരില്‍ കൊവിഡ് ലക്ഷണമായി വരാവുന്നതാണ്. കൊവിഡ് ബാധയുടെ ആദ്യ ദിവസങ്ങളില്‍ മുഴുവനായും മൂക്കൊലിപ്പും ഇതോടനുബന്ധിച്ചുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാം. ആവി കൊള്ളുന്നത് ഈ ഘട്ടത്തില്‍ നല്ലരീതിയില്‍ ആശ്വാസം നല്‍കും. 

മൂന്ന്... 

അലര്‍ജിയിലുണ്ടാകുന്നതിന് സമാനമായി മൂക്കടപ്പും വാക്സിനെടുത്തവരില്‍ കാണുന്ന കൊവിഡ് ലക്ഷണം തന്നെയാണ്. മൂക്കടയുന്നത് മൂലം ശ്വാസതടസവും, ഉറക്കപ്രശ്നവും നേരിടാം. ഡോക്ടറുടെ നിര്‍ദേശപ്രകാരം നേസല്‍ ഡ്രോപ്സ് ഉപയോഗിക്കുന്നത് ആശ്വാസം നല്‍കാം. 

നാല്...

തുടര്‍ച്ചയായ ചുമയും വാക്സിനെടുത്തവരില്‍ ഏറ്റവുമധികം കാണപ്പെടുന്ന കൊവിഡ് ലക്ഷണമാണ്. ഇത് രോഗിയെ കടുത്ത തളര്‍ച്ചയിലേക്ക് നയിക്കാം. ചുമയ്ക്ക് ആശ്വാസം തേടാൻ സാധാരണഗതിയില്‍ വീട്ടില്‍ ആശ്രയിക്കുന്ന മാര്‍ഗങ്ങളെല്ലാം അവലംബിക്കാം. 

അഞ്ച്...

വാക്സിൻ സ്വീകരിച്ചവരില്‍ കാണപ്പെടുന്ന മറ്റൊരു കൊവിഡ് ലക്ഷണമാണ് തലവേദന. ജലദോഷം, ചുമ, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ക്കൊപ്പം തന്നെ രോഗിക്ക് തലവേദനയും അനുഭവപ്പെടാം. തലവേദനയ്ക്കുള്ള മരുന്നുകളും ഡോക്ടറുടെ നിര്‍ദേശപ്രകാരം തന്നെ കഴിക്കാം. 

Also Read:- പുതിയ ഒമിക്രോണ്‍ വകഭേദം പുതിയ കൊവിഡ് തരംഗത്തിനും കാരണമാകാം'

Latest Videos
Follow Us:
Download App:
  • android
  • ios