
ശ്വാസകോശത്തെ ബാധിക്കുന്ന ആസ്ത്മ രോഗത്തെ കുറിച്ച് ഏവര്‍ക്കുമറിയാം. ആസ്ത്മയുള്ളവരെ സംബന്ധിച്ച് ശ്വാസതടസം അടക്കമുള്ള ഇതിന്‍റെ അനുബന്ധപ്രശ്നങ്ങള്‍ക്കൊപ്പം തന്നെ മറ്റ് അണുബാധകള്‍ക്കുള്ള സാധ്യതകളും കൂടുതലാണ്. വൈരല്‍,ബാക്ടീരിയല്‍ അണുബാധകളെല്ലാം ഇത്തരത്തില്‍ പിടിപെടാം.
ആസ്ത്മയും കാലാവസ്ഥയും തമ്മില്‍ ബന്ധപ്പെട്ടാണ് കിടക്കുന്നത്. അതായത് ചില കാലാവസ്ഥകളില്‍ ആസ്ത്മയുടെ ബുദ്ധിമുട്ടുകള്‍ കൂടാം. ഇത് നിത്യജീവിതത്തില്‍ വലിയ പ്രയാസങ്ങളാണ് രോഗികള്‍ക്ക് സൃഷ്ടിക്കുക. മഴക്കാലത്ത് ഇത്തരത്തില്‍ ആസ്ത്മയുടെ പ്രശ്നങ്ങള്‍ കൂടാം. അങ്ങനെയെങ്കില്‍ മഴക്കാലത്ത് ആസ്ത്മ- അനുബന്ധ പ്രശ്നങ്ങള്‍ ലഘൂകരിക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
പുറത്ത് തണുപ്പും നനവുമുള്ള അന്തരീക്ഷമായിരിക്കുമല്ലോ മഴക്കാലത്ത്. അതിനാല്‍ വീടിനകത്ത് കഴിയുന്നതും നനവും തണുപ്പുമില്ലാത്ത അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുക. ഇത് ആസ്ത്മ - അനുബന്ധ പ്രയാസങ്ങളകറ്റും.
രണ്ട്...
ആസ്ത്മ- അനുബന്ധ പ്രശ്നങ്ങളുണ്ടാക്കുന്നതിന് പൊടി വലിയ രീതിയില്‍ കാരണമാകുമെന്നതിനാല്‍ എപ്പോഴും പൊടിയില്ലാത്ത അന്തരീക്ഷത്തില്‍ തുടരാൻ ശ്രമിക്കണം. അതുപോലെ ചുറ്റുപാട് വൃത്തിയാക്കിയിടാനും ശ്രമിക്കണം.
മൂന്ന്...
മഴക്കാലത്ത് കഴിയുന്നതും ആസ്ത്മ രോഗികളുള്ള വീടുകളാണെങ്കില് ജനാലകളും വാതിലുകളും അടച്ചിടുന്നതാണ് നല്ലത്. കാരണം മഴയത്ത് അലര്‍ജൻസ് (അലര്‍ജിയുണ്ടാക്കുന്ന സൂക്ഷ്മാണുക്കളോ പദാര്‍ത്ഥങ്ങളോ) അകത്തെത്താം. ഇത് രോഗിക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കാം.
നാല്...
മഴക്കാലത്ത് ആര്‍ദ്രത കുറയ്ക്കാൻ സഹായിക്കുന്ന 'ഡീഹ്യുമഡിഫയര്‍' ഉപയോഗിക്കുന്നതും ആസ്ത്മ കുറയ്ക്കാൻ സഹായിക്കും.
അഞ്ച്...
മഴക്കാലത്ത് പൂപ്പല്‍ ഉണ്ടാകുന്നത് വളരെ എളുപ്പമായിരിക്കും. ശ്രദ്ധിച്ചില്ലെങ്കില്‍ വീട്ടിനകത്തും നമ്മുടെ കണ്ണെത്താത്ത സ്ഥലങ്ങളില്‍ പൂപ്പലുണ്ടാകാം. പൂപ്പലാകട്ടെ, ആസ്ത്മ അധികരിക്കുന്നതിന് കാരണമാകുന്നതാണ്. അതിനാല്‍ ഇക്കാര്യവും പ്രത്യേകം ശ്രദ്ധിക്കുക. വീടിന് ചുറ്റുപാടുകളിലും പൂപ്പലുണ്ടാകാൻ സാധ്യതകളുണ്ടെങ്കില്‍ അത് കണ്ടെത്തി പരിഹരിക്കണം. വെള്ളം കെട്ടിനില്‍ക്കുന്നത് തടയല്‍ തന്നെ ഇതിന് പ്രധാനമായും ചെയ്യേണ്ടത്.
Also Read:- അറിയാം രക്തവാതത്തിന്‍റെ ലക്ഷണങ്ങള്‍; രക്തവാതം വരാതിരിക്കാൻ ചെയ്യേണ്ടത്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-