
നിങ്ങളുടെ കുട്ടിക്ക് ഓട്ടിസം ഉണ്ടെന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് അവരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളും നേരിടുന്ന ആശയവിനിമയ പ്രശ്നങ്ങളുമൊക്കെയാകാം. എന്നാൽ, ആ പരിമിതികൾക്കപ്പുറം നിങ്ങളുടെ കുട്ടിയിൽ ഒളിഞ്ഞിരിക്കുന്ന ചില അത്ഭുത കഴിവുകളുണ്ട് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതെ, ഓട്ടിസം അഥവാ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്നത് ഒരിക്കലും ഒരു അവസാന വാക്കല്ല.
ശരിയായ പിന്തുണയും സ്നേഹവും ലഭിച്ചാൽ അവരുടെ ഉള്ളിലെ സവിശേഷമായ കഴിവുകളെ കണ്ടെത്താനും വളർത്താനും നമുക്ക് കഴിയും. ഓട്ടിസത്തെ ഒരു രോഗമായി കാണാതെ തലച്ചോറിന്റെ വികാസത്തിലെ മറ്റൊരു അവസ്ഥയായി മനസ്സിലാക്കുകയാണ് നാം ആദ്യം ചെയ്യേണ്ടത്.
പരിമിതികൾക്കപ്പുറത്തെ സാധ്യതകൾ
മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കാനോ സാമൂഹികമായി ഇടപെടാനോ അവർക്ക് ബുദ്ധിമുട്ടുണ്ടാകാം. ഒരേ കാര്യങ്ങൾ തന്നെ ആവർത്തിച്ച് ചെയ്യുന്നതും കണ്ടേക്കാം. എന്നാൽ ഓരോ കുട്ടിക്കും അവരുടേതായ തനത് കഴിവുകളുള്ളതുപോലെ തന്നെ ഓട്ടിസം കുട്ടികൾക്കും പ്രത്യേക കഴിവുകൾ ഉണ്ടാകും.
വളരെ കുറച്ച് മാത്രം സംസാരിക്കുന്ന, ആളുകളുമായി ഇടപെടാൻ മടിക്കുന്ന, പെട്ടെന്നുള്ള മാറ്റങ്ങൾ ഉൾക്കൊള്ളാൻ പ്രയാസപ്പെടുന്ന കുട്ടികൾക്ക് പോലും അതിശയകരമായ ഓർമ്മശക്തിയോ സംഗീതവാസനയോ യുക്തിപരമായ ചിന്താശേഷിയോ ഉണ്ടാകാം. പക്ഷെ, ഈ കഴിവുകൾ സാധാരണ കുട്ടികളെപ്പോലെ ഒറ്റനോട്ടത്തിൽ പ്രകടമാകണമെന്നില്ല എന്ന് മാത്രം. കുട്ടിയുടെ പെരുമാറ്റത്തിനപ്പുറം അവരുടെ ഊർജ്ജവും ജിജ്ഞാസയും എവിടെയാണ് എന്ന് കണ്ടെത്തുകയാണ് പ്രധാനം. കളികളിലോ, ആവർത്തിച്ചുള്ള പ്രവൃത്തികളിലോ, അവർക്ക് ഏറെ പ്രിയപ്പെട്ട വിഷയങ്ങളിലോ ആയിരിക്കും ഈ കഴിവുകൾ പലപ്പോഴും ഒളിഞ്ഞുകിടക്കുന്നത്.
കഴിവുകൾ കാണാതെ പോകുന്നത് എന്തുകൊണ്ടാകാം?
പലപ്പോഴും മാതാപിതാക്കൾ എന്ന നിലയിൽ നമ്മുടെ ശ്രദ്ധ മുഴുവനും കുട്ടി നേരിടുന്ന ബുദ്ധിമുട്ടുകളിലായിരിക്കും. സംസാരിക്കാനുള്ള പ്രയാസങ്ങൾ, സെൻസറി പ്രശ്നങ്ങൾ, സാമൂഹികമായ വ്യത്യാസങ്ങൾ എന്നിവയിൽ മാത്രം നാം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, അവരുടെ സ്വാഭാവിക കഴിവുകളെ നാം അറിയാതെ അവഗണിക്കുകയാണ്. ഒരുപക്ഷെ നിങ്ങളുടെ കുട്ടി അസാധാരണമായ കൃത്യതയോടെ വസ്തുക്കൾ നിരത്തിവെക്കുന്നത് കണ്ടിട്ടുണ്ടാകും, അല്ലെങ്കിൽ മുൻകാല അനുഭവങ്ങളിൽ നിന്നുള്ള ചെറിയ വിശദാംശങ്ങൾ പോലും അവർ കൃത്യമായി ഓർത്തെടുക്കുന്നുണ്ടാകും. എന്തെങ്കിലും ഒരു സാധനം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കാൻ മണിക്കൂറുകൾ അവർ ചിലവഴിച്ചേക്കാം. പുറമെ നിന്ന് നോക്കുമ്പോൾ ഇതൊക്കെ വെറും ആവർത്തന സ്വഭാവമായി തോന്നാമെങ്കിലും, വലിയൊരു വൈദഗ്ധ്യത്തിന്റെ ആദ്യകാല ലക്ഷണങ്ങളാകാം അവ.
മറഞ്ഞിരിക്കുന്ന കഴിവുകൾ തിരിച്ചറിയാം
ഓട്ടിസം കുട്ടികളിൽ പല രൂപങ്ങളിലാണ് അവരുടെ പ്രതിഭ പുറത്തുവരുന്നത്. സ്ഥലങ്ങൾ, ദിനചര്യകൾ, അല്ലെങ്കിൽ കാഴ്ചയിൽ കണ്ട കാര്യങ്ങൾ എന്നിവ കൃത്യമായി ഓർമ്മിച്ചെടുക്കുന്നതിൽ ഇവർക്ക് അസാമാന്യമായ കഴിവുണ്ടാകാം. അതുപോലെ തന്നെ ആകൃതികൾ, സംഖ്യകൾ, ശബ്ദങ്ങൾ എന്നിവയിലെ പാറ്റേണുകൾ തിരിച്ചറിയാനും ഇവർ മിടുക്കരായിരിക്കും. അവർക്ക് താല്പര്യമുള്ള വിഷയങ്ങളിൽ വളരെ ആഴത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവർക്ക് കഴിയും. സംഗീതത്തോടുള്ള പ്രത്യേക താത്പര്യം, താളബോധം, വരയ്ക്കാനും നിർമ്മിക്കാനുമുള്ള കഴിവ്, യുക്തിപരമായ പ്രശ്നപരിഹാര ശേഷി, വളരെ നേരത്തെ തന്നെ വായിക്കാനും എണ്ണാനും തുടങ്ങുക എന്നിവയൊക്കെ ഇതിന്റെ സൂചനകളാണ്.
ഇതിൽ എടുത്തു പറയേണ്ട ഒന്നാണ് ഓട്ടിസം ബാധിച്ച ചില കുട്ടികളിൽ അപൂർവ്വമായി കാണുന്ന 'സാവന്റ്' കഴിവുകൾ. അതായത്, ചില പ്രത്യേക മേഖലകളിൽ അവരുടെ പ്രായത്തിലുള്ള മറ്റ് കുട്ടികളെക്കാൾ വളരെ മികച്ച പ്രകടനം അവർ കാഴ്ചവെക്കും. ആശയവിനിമയത്തിൽ വളരെ പിന്നിലാണെങ്കിലും ഇത്തരം മേഖലകളിൽ അവർ പ്രതിഭകളായിരിക്കും. തലച്ചോറിന് എങ്ങനെയാണ് ഇത്തരം പരിമിതമായ മേഖലകളിൽ വലിയ ശക്തി വികസിപ്പിച്ചെടുക്കാൻ കഴിയുക എന്നതിന്റെ മികച്ച ഉദാഹരണമാണിത്. എന്നാൽ എല്ലാ ഓട്ടിസം കുട്ടികൾക്കും ഇത്തരം സാവന്റ് കഴിവുകൾ ഉണ്ടാകണമെന്നില്ല, അതല്ല നമ്മുടെ ലക്ഷ്യവും. പകരം, കുട്ടികൾ നിശബ്ദരായാലും, സംസാരത്തിൽ പിന്നിലായാലും അവരുടെ യഥാർത്ഥ ശക്തി എന്താണെന്ന് ശ്രദ്ധയോടെ തിരിച്ചറിയുക എന്നതാണ് പ്രധാനം.
കുട്ടിയെ അറിയാൻ കുറച്ച് സമയം നൽകാം
ഈ കഴിവുകൾ കണ്ടെത്താനുള്ള ഏറ്റവും മികച്ച മാർഗ്ഗം കാലക്രമേണ അവരെ സൂക്ഷ്മമായി നിരീക്ഷിക്കുക എന്നത് മാത്രമാണ്. നിങ്ങളുടെ കുട്ടി ഏത് കാര്യത്തിലേക്കാണ് വീണ്ടും വീണ്ടും പോകാൻ ഇഷ്ടപ്പെടുന്നത് എന്ന് ശ്രദ്ധിക്കുക. അവരെ ശാന്തരാക്കുന്നതും ആവേശഭരിതരാക്കുന്നതും എന്താണ്? യാതൊരു സമ്മർദ്ദവുമില്ലാതെ അവർ ഏത് കാര്യത്തിലാണ് കൂടുതൽ സ്ഥിരോത്സാഹം കാണിക്കുന്നത്? ഏത് കാര്യങ്ങൾ ചെയ്യുമ്പോഴാണ് അവർ കൂടുതൽ ഉണർവ്വോടെയിരിക്കുന്നത്? അവരുടെ പ്രായത്തിനനുസരിച്ച് പ്രതീക്ഷിച്ചതിലും നന്നായി അവർ എന്താണ് ചെയ്യുന്നത്? ഇത്തരം കാര്യങ്ങൾ സ്വയം ചോദിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക. വീട്ടിൽ മാത്രമല്ല, തിരക്കേറിയ ക്ലാസ് മുറിയിലും മറ്റ് സാഹചര്യങ്ങളിലും അവരെ നിരീക്ഷിക്കുന്നത് ഗുണം ചെയ്യും.
താല്പര്യങ്ങളെ വളർച്ചയിലേക്കുള്ള പാലമാക്കാം
ട്രെയിനുകൾ, ഭൂപടങ്ങൾ, മൃഗങ്ങൾ, അക്കങ്ങൾ, കഥാപാത്രങ്ങൾ എന്നിങ്ങനെ അവർക്ക് പ്രത്യേക താല്പര്യമുള്ള വിഷയങ്ങൾ അവരുടെ കഴിവുകളിലേക്കുള്ള ഏറ്റവും വലിയ വഴികാട്ടിയാണ്. ഇതൊക്കെ ലളിതമായ ഒരു ഇഷ്ടം മാത്രമായി തോന്നാമെങ്കിലും ആഴത്തിലുള്ള പഠന ശേഷിയുടെ ലക്ഷണങ്ങളാണ് അത്. ഉദാഹരണത്തിന് വാഹനങ്ങളെ വല്ലാതെ ഇഷ്ടപ്പെടുന്ന ഒരു കുട്ടിക്ക് ആ ഇഷ്ടത്തിലൂടെ തന്നെ എണ്ണാനും പുതിയ വാക്കുകൾ പഠിക്കാനും ഓർമ്മശക്തി വർദ്ധിപ്പിക്കാനും കഥകൾ പറയാനും കഴിയും. മുതിർന്നവർ കുട്ടിയുടെ ഇത്തരം താല്പര്യങ്ങളെ പഠനത്തിലേക്കുള്ള ഒരു തുടക്കമായി മാറ്റുമ്പോൾ കാര്യങ്ങൾ എളുപ്പവും സന്തോഷകരവുമായിത്തീരും.
മാതാപിതാക്കൾക്ക് എന്ത് ചെയ്യാനാകും?
ഈ കഴിവുകൾ കണ്ടെത്തുന്നത് പോലെ തന്നെ പ്രധാനമാണ് അവർക്ക് പരിശീലനത്തിന് വേണ്ട സുരക്ഷിതമായ ഇടം നൽകുക എന്നതും. ബ്ലോക്കുകൾ വെച്ചുള്ള കളികൾ, വരയ്ക്കൽ, സംഗീതം, പസിലുകൾ തുടങ്ങി സ്വതന്ത്രമായി അവർക്ക് ഇടപെടാൻ കഴിയുന്ന കാര്യങ്ങൾ നൽകുക. അവർ നേടിയെടുക്കുന്ന വലിയ ഫലങ്ങളെ മാത്രമല്ല അതിനായുള്ള അവരുടെ ശ്രമങ്ങളെയും ശ്രദ്ധയെയും പ്രശംസിക്കുക. അവർക്കറിയാവുന്ന കാര്യങ്ങൾ നിങ്ങളോട് പങ്കുവെക്കാൻ അവർക്ക് കൂടുതൽ സമയം നൽകണം. ഇന്ദ്രിയങ്ങളെ അമിതമായി സമ്മർദ്ദത്തിലാക്കുന്ന സാഹചര്യങ്ങൾ കുറച്ചാൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. അതുപോലെ തന്നെ, അവരുടെ മികച്ച കഴിവുകൾ മറയ്ക്കുന്ന രീതിയിൽ അവരെ നിർബന്ധിച്ച് കാര്യങ്ങൾ ചെയ്യിപ്പിക്കരുത്. അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഒരിക്കലും നിങ്ങളുടെ കുട്ടിയെ മറ്റ് സാധാരണ കുട്ടികളുമായി താരതമ്യം ചെയ്യരുത് എന്നതാണ്. ഒരുപക്ഷെ നിങ്ങളുടെ കുട്ടി ഒരു കാര്യത്തിൽ അല്പം പിന്നിലാണെങ്കിലും മറ്റൊരു കാര്യത്തിൽ വളരെ മുന്നിലായിരിക്കാം എന്ന് എപ്പോഴും ഓർക്കുക.
എപ്പോഴാണ് വിദഗ്ധരുടെ സഹായം തേടേണ്ടത്?
കുട്ടിയുടെ ഈ അസാധാരണ കഴിവുകളോ, ശക്തമായ താല്പര്യങ്ങളോ അല്ലെങ്കിൽ പഠന വ്യത്യാസങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ പ്രൊഫഷണൽ സഹായം തേടാവുന്നതാണ്. കുട്ടികളുടെ മനശാസ്ത്രജ്ഞർ, ഓട്ടിസം വിദഗ്ധരായ റീഹാബിലിറ്റേഷൻ പ്രൊഫഷണലുകൾ, പീഡിയാട്രീഷ്യന്മാർ, അല്ലെങ്കിൽ ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററുകൾ എന്നിവരുമായി ബന്ധപ്പെടാം.
കുട്ടിയുടെ ബുദ്ധിമുട്ടുകൾ മാത്രമല്ല, അവരുടെ ശക്തി, മുൻഗണനകൾ, പഠനരീതികൾ എന്നിവ കൃത്യമായി വിലയിരുത്താൻ ഇത് സഹായിക്കും. കുടുംബങ്ങൾക്ക് യാഥാർത്ഥ്യബോധമുള്ള ലക്ഷ്യങ്ങൾ സൃഷ്ടിക്കാൻ ഇത്തരം വിദഗ്ധോപദേശങ്ങൾ വഴിയൊരുക്കും. ഓട്ടിസം കുട്ടികളുടെ കഴിവുകൾ മറ്റുള്ളവരെപ്പോലെ സാധാരണ രീതിയിൽ പ്രത്യക്ഷപ്പെട്ടെന്ന് വരില്ല. എന്നാൽ അത് അർത്ഥവത്തായതും പരിപോഷിപ്പിക്കേണ്ടതുമാണ്. ആ ശക്തിയെ നിങ്ങൾ എത്രയും വേഗം തിരിച്ചറിയുന്നുവോ അത്രയും കൂടുതൽ അവസരങ്ങൾ അവർക്ക് ലഭിക്കുകയും വലിയ ആത്മവിശ്വാസത്തോടെ അവർക്ക് വളരാൻ കഴിയുകയും ചെയ്യും.
ലേഖനം തയ്യാറാക്കിയത്:
ജിംസൺ ഇ.ആർ
സൈക്കോളജിസ്റ്റ് & സ്പെഷ്യൽ എഡ്യൂക്കേറ്റർ (മേധാവി, ആസ്റ്റർ എൻറിച്ച് ചൈൽഡ് ഡെവലെപ്മെന്റ് സെന്റർ)
ആസ്റ്റർ മിംസ് കോട്ടക്കൽ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam