രോഗം വരുമോ എന്ന ആശങ്ക എപ്പോഴുമുള്ള വ്യക്തിയാണോ നിങ്ങള്‍?

By Priya VargheseFirst Published Aug 23, 2020, 1:30 PM IST
Highlights

ശാരീരികരോഗങ്ങളെപ്പറ്റിയുള്ള ഉൽകണ്ഠയാണ് ലക്ഷണങ്ങള്‍ എങ്കിലും ഇത് പൂർ‌ണ്ണമായും ഒരു മാനസിക പ്രശ്നമാണ്. അതുകൊണ്ടുതന്നെ മന:ശാസ്ത്ര ചികിത്സയാണ് ഈ അവസ്ഥ തരണംചെയ്യാന്‍ ആവശ്യം.

മുപ്പത്തിനാല് വയസുള്ള ഒരു വ്യക്തി. രണ്ടുമാസം മുമ്പുള്ള ജോലിയില്‍ പ്രമോഷന്‍ കിട്ടുകയും അധിക ഉത്തരവാദിത്വങ്ങളിലേക്ക് പോകുകയും ചെയ്തു. അതിന്റെ ഭാഗമായി അധിക സമയം ജോലിയില്‍ ശ്രദ്ധിക്കേണ്ടതായി വന്നപ്പോള്‍ ഉറക്കം സാധാരണ നിലയില്‍ നിന്നും കുറഞ്ഞു. 

ജോലിയുടെ ടെൻഷന്‍ കൊണ്ട് രണ്ടു ദിവസം ശരിയായി ഉറങ്ങാന്‍ കഴിയാതെ വന്നു. പിന്നീടുള്ള ദിവസങ്ങള്‍ വിട്ടുമാറാത്ത തലവേദന അനുഭവപ്പെടാന്‍ തുടങ്ങി. അടുത്തുള്ള ഒരാശുപത്രിയില്‍ പോയി മരുന്നുവാങ്ങി കഴിച്ചെങ്കിലും തലവേദന മാറാതെ വന്നു. പിന്നീടുള്ള ദിവസങ്ങള്‍ പല ആശുപത്രികളിലായി ചികിത്സ തേടിയെങ്കിലും ടെസ്റ്റുകളില്‍ ഒന്നും ഒരു കുഴപ്പങ്ങളും കണ്ടെത്താന്‍ കഴിഞ്ഞില്ല.

അങ്ങനെ രോഗലക്ഷണങ്ങള്‍ ഗൂഗിളില്‍ തിരയാന്‍ തുടങ്ങി. പിന്നീട് ഗൂഗിളില്‍ ഏതു രോഗത്തെപ്പറ്റി വായിച്ചാലും തനിക്കാ രോഗം ഉണ്ടോ എന്ന സംശയമായി. അങ്ങനെ മാനസികമായി വല്ലാതെ തളർന്നു. മാറാതെ നിൽക്കുന്ന രോഗമുണ്ടോ എന്ന ഭയത്തിന് കാരണം വീടിന്റെ വാസ്തുവിലുള്ള പ്രശ്നമാണെന്നും ആരോ കൂടോത്രം ചെയ്തതായേക്കാമെന്നും ഒക്കെ പല ബന്ധുക്കളും പല അഭിപ്രായങ്ങളും പറഞ്ഞു. 

അങ്ങനെ വാസ്തു ദോഷങ്ങള്‍ അകറ്റാന്‍ ലോണ്‍ എടുത്ത് വീടിന്റെ നിർമ്മാണരീതിയില്‍ മാറ്റം വരുത്തി. മറ്റു പരിഹാര ക്രിയകള്‍ എല്ലാം ചെയ്തു എങ്കിലും തലവേദനയ്ക്കും രോഗങ്ങള്‍ ഉണ്ടോ എന്ന തോന്നലിനും മാറ്റമൊന്നും വന്നില്ല. ഒടുവില്‍ ഒരു സുഹൃത്ത് പറഞ്ഞതു പ്രകാരം ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ സമീപിച്ചു. സ്വന്തം ചിന്തകളും അതുകൊണ്ടുണ്ടാവുന്ന മാനസിക സമ്മർദ്ദവുമാണ് ഈ അവസ്ഥയ്ക്കു കാരണമെന്ന് മനസ്സിലാകാന്‍ ചികിത്സയിലൂടെ കഴിഞ്ഞു.

ഈ ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുക...

1.    രോഗം വരുമോ എന്ന ആശങ്ക എപ്പോഴുമുള്ള വ്യക്തിയാണോ നിങ്ങള്‍?
2.    എന്തെങ്കിലും വലിയ രോഗങ്ങള്‍ വന്നാലോ എന്ന് സങ്കൽപ്പിച്ച് മനസ്സ് അസ്വസ്ഥമാകാറുണ്ടോ?
3.    ചെറിയ തലവേദനയോ ക്ഷീണമോ അനുഭവപ്പെട്ടാല്‍ അങ്ങേയറ്റം ഭയപ്പെടാറുണ്ടോ?
4.    നിരവധി ചികിത്സ തേടിയിട്ടുണ്ട് എങ്കിലും രോഗമൊന്നും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലേ?
5.    എല്ലാ ടെസ്റ്റുകളും നെഗറ്റീവ് ആണെങ്കിലും പിന്നെയും എന്തെങ്കിലും രോഗം വരുമോ എന്ന പേടി മനസ്സില്‍ നിന്നും മാറുന്നില്ലേ?
6.    രോഗ ലക്ഷണങ്ങള്‍ കൂടിയാലോ എന്ന പേടിയില്‍ മുമ്പ് ചെയ്തിരുന്ന എല്ലാ പ്രവർത്തികളില്‍ നിന്നും പിന്മാറുന്ന അവസ്ഥയുണ്ടോ?
7.    കാര്യമായ ലക്ഷണം ഇല്ല ചെറിയ ലക്ഷണങ്ങള്‍ മാത്രമാണ് എങ്കില്‍ കൂടി അതെല്ലാം മരണകാരണമായേക്കാമോ എന്ന ഭയമാണോ മനസ്സില്‍?
8.    രോഗം ചികിത്സിച്ച് ഭേദമാക്കുക എന്നതിലും എന്തെല്ലാം രോഗങ്ങള്‍ ഉണ്ടെന്നു കണ്ടെത്തുക എന്നതിനാണോ അമിത പ്രാധാന്യം കൊടുക്കുന്നത്?

'Hypochondriasis' അഥവാ രോഗം ഉണ്ടോ/ വരുമോ എന്ന ഭയമാണ് മേൽപറഞ്ഞ അവസ്ഥയ്ക്ക് കാരണം. ഇതു ടെൻഷൻ കൊണ്ടുണ്ടാവുന്ന ഒരു മാനസിക പ്രശ്നമാണ്. ശാരീരികരോഗങ്ങളെപ്പറ്റിയുള്ള ഉൽകണ്ഠയാണ് ലക്ഷണങ്ങള്‍ എങ്കിലും ഇത് പൂർ‌ണ്ണമായും ഒരു മാനസിക പ്രശ്നമാണ്. അതുകൊണ്ടുതന്നെ മന:ശാസ്ത്ര ചികിത്സയാണ് ഈ അവസ്ഥ തരണംചെയ്യാന്‍ ആവശ്യം.

മന:ശാസ്ത്ര ചികിത്സ...

ടെൻഷന്‍ കുറയ്ക്കാന്‍ സഹായകരമായ റിലാക്സേഷന്‍ ട്രയിനിങ്ങ്, ചിന്തകളിലും പ്രവർത്തികളിലും വ്യത്യാസം വരുത്തിയെടുക്കാന്‍ സഹായിക്കുന്ന Cognitive Behaviour Therapy (CBT), അകാരണ ഭയങ്ങള്‍ ഇല്ലാതെയാക്കാന്‍ Systematic Desensitization എന്നീ മന:ശാസ്ത്ര ചികിത്സകളാണ് പരിഹാര മാർ​ഗങ്ങൾ. ക്ഷമയും ചികിത്സയോടുള്ള പ്രതിബദ്ധതയും ഉള്ളവരില്‍ പൂർണമായും മാറ്റിയെടുക്കാന്‍ കഴിയുന്ന ഒരവസ്ഥയാണിത്. ഒരു ദിവസം ഒരു മണിക്കൂര്‍ സെഷന്‍, അങ്ങനെ ടെൻഷനും ഭയവും ഇല്ലാതെമനസ്സു ശാന്തമാകുന്നതുവരെയാണ് ചികിത്സ നീണ്ടുനിൽക്കുക. ഇനിയും എപ്പോഴെങ്കിലും ടെൻഷന്‍ അനുഭവപ്പെട്ടാല്‍ എങ്ങനെ അതിനെ നേരിടാം എന്നതുകൂടി ചികിത്സയിലൂടെ പഠിച്ചെടുക്കാന്‍ കഴിയും.

എഴുതിയത്:

പ്രിയ വർ​ഗീസ് (M.Phil, MSP)
കണ്‍സൾട്ടന്റ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
പുഷ്പഗിരി മെഡിക്കല്‍ കോളേജ് (CDC)
PH: 8281933323
Telephone consultation only

click me!