
'ട്യൂബര്‍ക്കുലോസിസ്' അഥവാ ക്ഷയരോഗത്തെ കുറിച്ച് മിക്കവരും കേട്ടിരിക്കും. അടിസ്ഥാനപരമായി ഇത് ശ്വാസകോശത്തെ ബാധിക്കുന്നൊരു രോഗമാണ്. ബാക്ടീരിയയാണ് രോഗകാരി.
രോഗമുള്ളവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യാം. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ എല്ലാം രോഗമുള്ളവരില്‍ നിന്ന് സ്രവകണങ്ങള്‍ പുറത്തെത്തുന്നതിലൂടെയാണ് ക്ഷയം പകരുന്നത്. ഇത്തരത്തില്‍ എളുപ്പത്തില്‍ പകരും എന്നതിനാലാണ് ഈ രോഗം മനുഷ്യന് ഭീഷണിയാകുന്നത്. പലരും തങ്ങള്‍ക്ക് രോഗബാധയുള്ളത് തിരിച്ചറിയുക പോലുമില്ല. അതേസമയം രോഗലക്ഷണങ്ങളോ, അനുബന്ധപ്രശ്നങ്ങളോ നിത്യജീവിതത്തില്‍ അവരെ അലട്ടുകയും ചെയ്യുന്നുണ്ടാകാം.
ഇന്ത്യയില്‍ ക്ഷയരോഗം ഏറെ പേരില്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ വന്നിട്ടുള്ളതാണ്. ഇപ്പോഴിതാ ലോകാരോഗ്യ സംഘടന പുറത്തിറക്കിയൊരു റിപ്പോര്‍ട്ടാണ് ഏറെ ശ്രദ്ധേയമാകുന്നത്.
ലോകത്തില്‍ വച്ചേറ്റവുമധികം ക്ഷയരോഗികളുള്ളത് ഇന്ത്യയിലാണെന്നാണ് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നത്. 2022ലെ കണക്കാണ് വന്നിട്ടുള്ളത്. ലോകത്ത് ആകെയുള്ള ക്ഷയരോഗികളുടെ എണ്ണത്തില്‍ 27 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളതാണ്.
ആകെ 28.2 ലക്ഷം കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതില്‍ 3,42,000 പേര്‍ രോഗം മൂലം മരിച്ചു. ഇതില്‍ നിന്ന് എത്രത്തോളം ഗൗരവമുള്ളതാണ് ക്ഷയരോഗമെന്നത് വ്യക്തമാകുന്നതാണ്.
ഇന്ത്യ കഴിഞ്ഞാല്‍ ഇന്തോനേഷ്യ, ചൈന, ഫിലിപ്പീൻസ്, പാക്കിസ്ഥാൻ, നൈജീരിയ എന്നീ രാജ്യങ്ങളാണ് യഥാക്രമം ക്ഷയരോഗത്തിന്‍റെ കാര്യത്തില്‍ മുന്നിലെത്തിയിട്ടുള്ളത്.
ക്ഷയരോഗത്തിന് ഓരോ ഘട്ടത്തിലും ലക്ഷണങ്ങള്‍ വ്യത്യാസപ്പെട്ട് വരാം. അണുബാധയുണ്ടായി ആദ്യഘട്ടത്തില്‍ മിക്കവരിലും കാര്യമായ ലക്ഷണങ്ങളുണ്ടാകില്ല. എങ്കിലും ചെറിയ പനി, ക്ഷീണം, ചുമ പോലുള്ള പ്രശ്നങ്ങളെല്ലാം ചിലരില്‍ കാണാം. രോഗം മൂര്‍ച്ഛിക്കുമ്പോഴാകട്ടെ ചുമ, ചുമയ്ക്കുമ്പോള്‍ കഫത്തില്‍ രക്തം, നെഞ്ചുവേദന, പനി, കുളിര്, വിശപ്പില്ലായ്മ, ക്ഷീണം, അസ്വസ്ഥത എന്നിങ്ങനെയുള്ള പല ലക്ഷണങ്ങളും കാണാം.
Also Read:-വൈറ്റമിൻ ഗുളിക വെറുതെയങ്ങ് വാങ്ങി കഴിക്കരുത്; കാരണം അറിയൂ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam