യഥേഷ്ടം വൈറ്റമിൻ ഗുളികകള്‍ വാങ്ങി കഴിക്കുന്ന ശീലം അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധരെല്ലാം ഒരുപോലെ ചൂണ്ടിക്കാട്ടുന്നത്. ഇതിന്‍റെ ചില ദോഷവശങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ദൈനംദിനജീവിതത്തില്‍ ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് പല ഘടകങ്ങളും ആവശ്യമായി വരാറുണ്ട്. ഇക്കൂട്ടത്തിലൊന്നാണ് വിവിധ വൈറ്റമിനുകളും. ഇവ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഘടകങ്ങളാണെന്ന് തന്നെ പറയാം. അധികവും ഭക്ഷണത്തിലൂടെ തന്നെയാണ് നമുക്കാവശ്യമായ വൈറ്റമിനുകള്‍ നാം കണ്ടെത്തുന്നത്. 

എന്നാല്‍ സമഗ്രമായ അഥവാ 'ബാലൻസ്ഡ്' ആയ ഭക്ഷണരീതിയല്ല നമ്മുടേതെങ്കില്‍ അത് വൈറ്റമിനുകളടക്കം പല അവശ്യഘടകങ്ങളും ശരീരത്തില്‍ ആവശ്യത്തിന് ഇല്ലാതിരിക്കുന്ന അവസ്ഥയിലേക്ക് നയിക്കാം. ഇത് ആരോഗ്യത്തെ പലരീതിയില്‍ ബാധിക്കുകയും ചെയ്യാം. ഇങ്ങനെ വരാതിരിക്കാൻ ധാരാളം പേര്‍ ഇന്ന് മെഡിക്കല്‍ സ്റ്റോറുകളില്‍ പോയി വൈറ്റമിൻ ഗുളികകള്‍ വാങ്ങി കഴിക്കാറുണ്ട്. 

എന്നാലിങ്ങനെ യഥേഷ്ടം വൈറ്റമിൻ ഗുളികകള്‍ വാങ്ങി കഴിക്കുന്ന ശീലം അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധരെല്ലാം ഒരുപോലെ ചൂണ്ടിക്കാട്ടുന്നത്. ഇതിന്‍റെ ചില ദോഷവശങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

മള്‍ട്ടിവൈറ്റമിൻ ഗുളികകള്‍ അധികമെത്തുമ്പോള്‍ വൈറ്റമിൻ-എ, വൈറ്റമിൻ-ഡി, വൈറ്റമിൻ- ഇ, വൈറ്റമിൻ- കെ എന്നിങ്ങനെയുള്ള വൈറ്റമിനുകള്‍ (ഫാറ്റ് സൊല്യൂബിള്‍ വൈറ്റമിനുകള്‍) ശരീരത്തില്‍ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. ഇത് തലകറക്കം, ചര്‍മ്മത്തില്‍ വ്യത്യാസം, ഓക്കാനം എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ക്കും ഗുരുതരമാകുന്ന കേസുകളില്‍ കരള്‍ പോലുള്ള ചില അവയവങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കുകയും എല്ല് വേദനയ്ക്ക് കാരണമാവുകയും ചെയ്യാം. 

രണ്ട്...

മള്‍ട്ടിവൈറ്റമിനുകള്‍ അധികമാകുമ്പോള്‍ അത് ദഹനപ്രശ്നങ്ങളിലേക്കും നയിക്കാം. ചില വൈറ്റമിനുകളുടെയും ധാതുക്കളുടെയും അളവ് കൂടുന്നതോടെയാണ് ഇങ്ങനെ സംഭവിക്കുന്നത്. വയറിളക്കം, വയറുവേദന, ഓക്കാനം എല്ലാം ഇങ്ങനെ വരാം.

മൂന്ന്...

കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തില്‍ കല്ല് വരുന്നതിലേക്കും വൈറ്റമിനുകള്‍ അമിതമാകുന്നത് നയിക്കും. വൈറ്റമിൻ-സി, വൈറ്റമിൻ-ഡി എന്നിവ അമിതമാകുന്നത് ചിലരില്‍ മൂത്രത്തില്‍ കല്ലിന് കാരണമാകാം. 

നാല്...

വൈറ്റമിനുകള്‍ അമിതമായി ശരീരത്തിലെത്തുമ്പോള്‍ അത് നമ്മള്‍ കഴിക്കുന്ന ചില മരുന്നുകളുമായി പ്രവര്‍ത്തിച്ച് പ്രശ്നങ്ങളുണ്ടാക്കാനും സാധ്യതയുണ്ട്. അതിനാല്‍ തന്നെ വൈറ്റമിൻ ഗുളികകള്‍ എടുക്കുമ്പോഴും അതിനൊപ്പം മറ്റ് മരുന്നുകള്‍ ഏതെങ്കിലും എടുക്കുമ്പോഴും ഡോക്ടറുടെ നിര്‍ദേശം കൃത്യമായും തേടേണ്ടതാണ്. 

അ‍ഞ്ച്...

ഏതെങ്കിലുമൊരു വൈറ്റമിൻ കൂടുതലാകുന്നത് 'ഹൈപ്പ്ര്‍വൈറ്റമിനോസിസ്' എന്ന അവസ്ഥയ്ക്കും കാരണമാകാറുണ്ട്. ഇത് പിന്നീട് പല ആരോഗ്യപ്രശ്നങ്ങളിലേക്കും നമ്മെ നയിക്കാം. ഉദാഹരണത്തിന് വൈറ്റമിൻ ബി6 കൂടുന്നത് ചില ന്യൂറോളജിക്കല്‍ പ്രശ്നത്തിലേക്ക് നയിക്കാം.

ആറ്...

വൈറ്റമിൻ- ഇ ഡോസ് കൂടുന്നത് രക്തം കട്ട പിടിക്കുന്നതിലേക്ക് നയിക്കാവുന്നതാണ്. ഇത് പിന്നീട് ബ്ലീഡിംഗ് സംബന്ധമായ പ്രശ്നങ്ങള്‍ക്കിടയാക്കാം. ഇത് ചിലരില്‍ വലിയ സങ്കീര്‍ണതകളും സൃഷ്ടിക്കും. 

Also Read:- വിട്ടുമാറാത്ത ഒച്ചയടപ്പ് ക്യാൻസര്‍ ലക്ഷണമാണോ? ഈ പേടി നിങ്ങളെ അലട്ടാറുണ്ടോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യബില്‍ കാണാം:-

youtubevideo