ബ്ലാക്ക് ഫംഗസിന് കാരണം കൊവിഡ് രോഗികള്‍ക്ക് നല്‍കിയ ഓക്‌സിജനോ?

By Web TeamFirst Published May 29, 2021, 4:15 PM IST
Highlights

കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചപ്പോള്‍ രാജ്യത്ത് രൂക്ഷമായ ഓക്‌സിജന്‍ ദൗര്‍ലഭ്യം നേരിട്ടിരുന്നു. ഈ സാഹചര്യത്തില്‍ പലയിടങ്ങളിലും വ്യാവസായികാവശ്യങ്ങള്‍ക്ക് മാറ്റിവച്ച ഓക്‌സിജന്‍ രോഗികള്‍ക്ക് വേണ്ടി എടുത്തിരുന്നു

കൊവിഡ് 19 മഹാമാരിയുമായുള്ള പോരാട്ടത്തിനിടെ ആരോഗ്യമേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയും ജനങ്ങളെ സാരമായി ആശങ്കപ്പെടുത്തുകയുമാണ് കൊവിഡ് മുക്തരായവരില്‍ വ്യാപകമാകുന്ന ബ്ലാക്ക് ഫംഗസ് ബാധ. 

ചീഞ്ഞ ജൈവിക പദാര്‍ത്ഥങ്ങളില്‍ മണ്ണിലുമെല്ലാം കാണപ്പെടുന്ന ഫംഗസ് പ്രത്യേക സാഹചര്യത്തില്‍ മനുഷ്യരിലേക്ക് കയറിപ്പറ്റുകയാണ്. തുടര്‍ന്ന് ഇത് മുഖമടക്കമുള്ള ഭാഗങ്ങളില്‍ ആക്രമണം നടത്തുന്നു. പരിക്ക് പറ്റിയത് പോലുള്ള കലകളോ അടയാളങ്ങളോ ആയി ഫംഗസ് ബാധ പ്രകടമാകുന്നു. നീര്, അസഹ്യമായ വേദന എന്നിവയെല്ലാം ഇതിന്റെ ഭാഗമായി അനുഭവപ്പെടാം. 

ആദ്യഘട്ടത്തില്‍ അത്രമാത്രം അപകടകാരിയായ രോഗമല്ലെന്ന് കണക്കാക്കിയിരുന്നെങ്കിലും പിന്നീട് ബ്ലാക്ക് ഫംഗസ് ബാധ മൂലം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് ഇതിന്റെ ഗൗരവം ഏവരും മനസിലാക്കിയത്. കൊവിഡിനും മുമ്പ് തന്നെ ബ്ലാക്ക് ഫംഗസ് ബാധ എന്ന രോഗം ഇവിടെയുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് കൊവിഡ് കാലത്ത് ഇത് വ്യാപകമായത് എന്ന അന്വേഷണം ഇതിന് ശേഷം മാത്രമാണ് വിദഗ്ധര്‍ തുടങ്ങിയത്. 

കൊവിഡ് രോഗികള്‍ക്ക് രോഗത്തിന്റെ വിഷമതകള്‍ ലഘൂകരിക്കാന്‍ നല്‍കുന്ന സ്റ്റിറോയ്ഡുകളുടെ ഉപയോഗം മുതല്‍ പ്രമേഹരോഗം വരെ ബ്ലാക്ക് ഫംഗസ് ബാധയ്ക്ക് കാരണമാകുന്നതായി ആരോഗ്യവിദഗ്ധര്‍ കണ്ടെത്തി. എന്നാല്‍ കൃത്യമായി കാരണം എന്ന നിലയ്ക്ക് ഒന്നിനെതിരെ വിരല്‍ ചൂണ്ടാന്‍ ഇതുവരെ മെഡിക്കല്‍ ലോകത്തിന് കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. 

ഇതിനിടെ കൊവിഡ് രോഗികള്‍ക്ക് നല്‍കിവന്ന 'ഇന്‍ഡസ്ട്രിയല്‍' ഓക്‌സിജനും ബ്ലാക്ക് ഫംഗസ് ബാധയ്ക്ക് പ്രധാന കാരണമായി എന്ന അഭ്യൂഹങ്ങളും സജീവമായി നില്‍ക്കുകയാണ്. മെഡിക്കല്‍ ഓക്‌സിജനില്‍ നിന്ന് വ്യത്യസ്തമാണ് 'ഇന്‍ഡസ്ട്രിയല്‍' ഓക്‌സിജന്‍. ഇത് വ്യാവസായികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതാണ്. മെഡിക്കല്‍ ഓക്‌സിജനെന്നാല്‍ ആശുപത്രി ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കുന്നതും. 

കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചപ്പോള്‍ രാജ്യത്ത് രൂക്ഷമായ ഓക്‌സിജന്‍ ദൗര്‍ലഭ്യം നേരിട്ടിരുന്നു. ഈ സാഹചര്യത്തില്‍ പലയിടങ്ങളിലും വ്യാവസായികാവശ്യങ്ങള്‍ക്ക് മാറ്റിവച്ച ഓക്‌സിജന്‍ രോഗികള്‍ക്ക് വേണ്ടി എടുത്തിരുന്നു. മെഡിക്കല്‍ ഓക്‌സിജന്‍ ശുദ്ധീകരിക്കുന്നത് പോലെ ഒരിക്കലും ഇന്‍ഡസ്ട്രിയല്‍ ഓക്‌സിജന്‍ ശുദ്ധീകരിക്കപ്പെടുന്നില്ലെന്നും അതുകൊണ്ട് തന്നെ ഇത് രോഗികള്‍ക്ക് നല്‍കിയതാകാം ബ്ലാക്ക് ഫംഗസ് ബാധയ്ക്ക് കാരണമായതെന്നും പലരും വാദിക്കുന്നു. 

അതുപോലെ തന്നെ ഇന്‍ഡസ്ട്രിയല്‍ ഓക്‌സിജന്‍ അത്രമാത്രം സുരക്ഷിതമായി കൈകാര്യം ചെയ്യാത്തതിനാല്‍ തന്നെ ചോര്‍ച്ച സംഭവിക്കാമെന്നും അതും ബ്ലാക്ക് ഫംഗസിന് കാരണമായിട്ടുണ്ടാകാമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. പലപ്പോഴും ഇന്‍ഡസ്ട്രിയല്‍ ഓക്‌സിജന്‍ എത്തിച്ചിരുന്നത് വൃത്തിഹീനമായ രീതിയില്‍ ട്രക്കുകളിലും വാനുകളിലും ആയിരുന്നുവെന്നും ചോര്‍ച്ചയുണ്ടെങ്കില്‍ ഇത്തരം അന്തരീക്ഷത്തില്‍ ഓക്‌സിജന്‍ മലിനമായിക്കാണുമെന്നും വാദമുയരുന്നു. 

Also Read:- 'ആസ്‌പെര്‍ജിലോസിസ്' ഫംഗസ് ബാധ; ഗുജറാത്തില്‍ എട്ട് കേസുകള്‍...

എന്തായാലും ഈ വാദങ്ങള്‍ക്ക് ഇതുവരെയും ഔദ്യോഗികമായ പിന്തുണ എവിടെ നിന്നും ലഭിച്ചിട്ടില്ല. അതേസമയം ഇത്തരം വാദങ്ങളെല്ലാം വലിയ സംശയങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് ഇപ്പോഴും സജീവമായി തുടരുകയും ചെയ്യുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!