ഒരു കിഡ്നി മാത്രമായി ജീവിക്കാൻ സാധിക്കുമോ? തെറ്റിദ്ധാരണകളും വാസ്തവങ്ങളും തിരിച്ചറിയാം

Published : Jul 02, 2026, 04:45 PM IST
kidney diseases

Synopsis

അവയവദാനത്തെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന ചില തെറ്റായ ധാരണകൾ കാരണം പലരും ഇതിന് മുന്നോട്ട് വരാൻ മടിക്കുന്നു.

വൃക്കരോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം ദിവസം കൂടുംതോറും വർദ്ധിച്ചുവരികയാണ്. വൃക്കകൾ തകരാറിലാകുമ്പോൾ ഡയാലിസിസ് വഴി ജീവൻ നിലനിർത്താമെങ്കിലും, വിജയകരമായ ഒരു വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയാണ് രോഗിക്ക് മികച്ച ദീർഘകാല ആരോഗ്യവും മെച്ചപ്പെട്ട ജീവിതസാഹചര്യവും സമ്മാനിക്കുന്നത്. എന്നിരുന്നാലും അവയവദാനത്തെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന ചില തെറ്റായ ധാരണകൾ കാരണം പലരും ഇതിന് മുന്നോട്ട് വരാൻ മടിക്കുന്നു. ഒരു വൃക്ക മാത്രമായി ജീവിക്കുന്നതിനെക്കുറിച്ചുള്ള ചില തെറ്റായ ധാരണകളും അതിനു പിന്നിലെ വസ്തുതകളും എന്തൊക്കെയാണെന്ന് അറിയാം.

ഒരു കിഡ്നി മാത്രമായാൽ സാധാരണ ജീവിതം സാധ്യമാണോ?

വസ്തുത: ഒരു വൃക്ക ദാനം ചെയ്തതുകൊണ്ട് ഒരാളുടെ ജീവിതരീതിക്ക് യാതൊരുവിധ കോട്ടവും വരില്ല എന്നതാണ് യാഥാർത്ഥ്യം. ആരോഗ്യവാനായ ഒരാൾക്ക് ഒരു കിഡ്നി മാത്രമായി തികച്ചും സാധാരണ ജീവിതം നയിക്കാൻ സാധിക്കും. നമ്മുടെ ശരീരത്തിലെ ഒരു കിഡ്നി മാറ്റിക്കഴിഞ്ഞാൽ, അവശേഷിക്കുന്ന കിഡ്നി രണ്ട് കിഡ്നിയുടെയും ജോലി ഒറ്റയ്ക്ക് ചെയ്യാൻ പാകത്തിൽ പരുവപ്പെടുന്നു. ശസ്ത്രക്രിയയ്ക്ക് മുൻപുള്ള കൃത്യമായ പരിശോധനകളും, അതിനുശേഷമുള്ള പതിവ് ഹെൽത്ത് ചെക്കപ്പുകളും ഉണ്ടെങ്കിൽ ദാതാവിന് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ദീർഘകാലം ജീവിക്കാൻ കഴിയും.

കിഡ്നി ദാനം ചെയ്യുന്നത് സുരക്ഷിതമാണോ?

വസ്തുത: മികച്ച പരിചയസമ്പന്നതയുള്ള ട്രാൻസ്പ്ലാന്റ് സെന്ററുകളിൽ വെച്ച് നടത്തുന്ന വൃക്കദാനം പൂർണ്ണമായും സുരക്ഷിതമാണ്. അവയവം ദാനം ചെയ്യുന്നതിന് മുൻപ് ദാതാവിന് ശാരീരികവും മാനസികവുമായ വിപുലമായ പരിശോധനകൾ നടത്താറുണ്ട്. അവർ എല്ലാ രീതിയിലും യോഗ്യരാണെന്ന് ഉറപ്പുവരുത്തിയ ശേഷമേ സർജറി നടത്തുകയുള്ളൂ. ആധുനിക മെഡിക്കൽ സാങ്കേതികവിദ്യകൾ വന്നതോടെ സർജറിക്ക് ശേഷമുള്ള സുഖംപ്രാപിക്കൽ കൂടുതൽ എളുപ്പവും സുരക്ഷിതവുമായി മാറിയിട്ടുണ്ട്.

ആർക്കും കിഡ്നി ദാനം ചെയ്യാൻ സാധിക്കുമോ?

വസ്തുത: ഇന്ത്യയിൽ അവയവദാനം കർശനമായ നിയമങ്ങളാൽ നിയന്ത്രിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. ട്രാൻസ്പ്ലാന്റേഷൻ ഓഫ് ഹ്യൂമൻ ഓർഗൻസ് ആൻഡ് ടിഷ്യൂസ് ആക്ട്' (THOTA) പ്രകാരമാണ് രാജ്യത്ത് അവയവദാനം നടക്കുന്നത്. ഇത് തികച്ചും സുതാര്യമായ പ്രക്രിയയാണ്. വിശദമായ മെഡിക്കൽ-സൈക്കോളജിക്കൽ പരിശോധനകൾക്ക് ശേഷം 18 വയസ്സിന് മുകളിലുള്ള ഏതൊരു ആരോഗ്യവാനായ വ്യക്തിക്കും അവയവം ദാനം ചെയ്യാവുന്നതാണ്. മാതാപിതാക്കൾ, സഹോദരങ്ങൾ, മക്കൾ, പങ്കാളി, മുത്തശ്ശൻ, മുത്തശ്ശി, പേരക്കുട്ടികൾ എന്നിവർക്ക് നിയമപരമായി നേരിട്ട് അവയവം നൽകാം.

അവയവദാനത്തിന് ശേഷം തുടർചെക്കപ്പുകൾ ആവശ്യമുണ്ടോ?

വസ്തുത: അവയവ ദാനം ചെയ്ത വ്യക്തികൾ പൊതുവെ ആരോഗ്യവാന്മാരായിരിക്കുമെങ്കിലും കൃത്യമായ ഫോളോ-അപ്പുകൾ ആവശ്യമാണ്. ശരീരഭാരം നിയന്ത്രിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കുക, കൃത്യമായി വ്യായാമം ചെയ്യുക, പുകവലി പൂർണ്ണമായും ഒഴിവാക്കുക എന്നിവ ദീർഘകാലാടിസ്ഥാനത്തിൽ ശേഷിക്കുന്ന കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കാൻ അനിവാര്യമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉറങ്ങുന്നതിനിടെ മുഖത്ത് വവ്വാൽ വന്നിരുന്നു, മുറിവുകളോ പരിക്കുകളോ ഇല്ല, 11കാരൻ പേവിഷ ബാധയേറ്റ് മരിച്ചു
അകാലനര മാറ്റാൻ ഇതാ സിമ്പിൾ ടിപ്സ്