
നിത്യജീവിതത്തില്‍ നാം നേരിടാറുള്ള അനവധി ആരോഗ്യപ്രശ്‌നങ്ങളുണ്ട് ( Health Issues). ഇവയില്‍ മിക്കതും നമ്മുടെ ജീവിതരീതിയുടെയോ ( Lifestyle Mistakes ) നാം ജീവിക്കുന്ന ചുറ്റുപാടുകളുടെയോ എല്ലാം ഭാഗമായാണ് ഉണ്ടാകുന്നത്. അത്തരത്തില്‍ അന്തരീക്ഷ മലിനീകരണം (Air Pollution ) സൃഷ്ടിക്കുന്ന പ്രധാനപ്പെട്ട ഒരു ആരോഗ്യപ്രശ്‌നമാണ് കണ്ണുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍.
എപ്പോഴും ചുമ, ശ്വാസംമുട്ടല്‍, നെഞ്ചില്‍ അസ്വസ്ഥത, അലര്‍ജി, തലവേദന തുടങ്ങിയ അസുഖങ്ങളെല്ലാം ഇങ്ങനെ അന്തരീക്ഷ മലിനീകരണം മൂലം പിടിപെടാറുണ്ട്. അവയ്‌ക്കൊപ്പം തന്നെ കണ്ണിനെ ബാധിക്കുന്ന പ്രശ്‌നങ്ങളുമുണ്ട്. എപ്പോഴും കണ്ണില്‍ നീറ്റല്‍, കണ്ണില്‍ വെള്ളം നിറഞ്ഞ് ഒഴുകിക്കൊണ്ടിരിക്കുക, കണ്ണില്‍ ചൊറിച്ചില്‍, എരിച്ചില്‍, കണ്ണ് വരണ്ടുപോകുന്ന അവസ്ഥ, കണ്ണില്‍ ചുവപ്പ് നിറം പടരുന്നത് തുടങ്ങിയവയെല്ലാം അന്തരീക്ഷ മലിനീകരണത്തിന്റെ ഭാഗമായി സംഭവിക്കാം.
ഇവയെല്ലാം നിസാരമായ പ്രശ്‌നങ്ങളല്ലേ, എന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. ക്രമേണ കാഴ്ചയെ തന്നെ പ്രതികൂലമായി ബാധിക്കാന്‍ തക്ക വീര്യമുള്ള പ്രശ്‌നങ്ങളാണിവ.
ഇന്ന് രാജ്യത്തെ പല നഗരങ്ങളിലും ജീവിക്കുന്നവര്‍ ഈ പ്രശ്‌നങ്ങളിലൂടെ നിത്യേന കടന്നുപോകുന്നുണ്ട്. എന്നാല്‍ മിക്കപ്പോഴും ഇത് തിരിച്ചറിയുന്നില്ല എന്ന് മാത്രം. അല്ലെങ്കില്‍ ഇത്തരം പ്രശ്‌നങ്ങളുമായി അറിയാതെ തന്നെ സമരസപ്പെട്ട് പോകുന്നവരും ഉണ്ട്.
എന്തായാലും വലിയൊരു നഗരത്തിലാണ് നിങ്ങള്‍ താമസിക്കുന്നതെങ്കില്‍, കണ്ണില്‍ മേല്‍പ്പറഞ്ഞ പോലുള്ള വിഷമതകള്‍ നേരിടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഇക്കാര്യം ശ്രദ്ധിക്കുക. സമയബന്ധിതമായി ചികിത്സ തേടാനും മറ്റ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കൃത്യമായി പിന്തുടരാനും കരുതുക.
ഇനി ഇങ്ങനെ കണ്ണില്‍ അസ്വസ്ഥത പതിവാണെങ്കില്‍ ചെയ്യാവുന്ന ചില കാര്യങ്ങള്‍ കൂടി അറിയൂ.
ഒന്ന്...
കണ്ണ് പ്രശ്‌നത്തിലായിരിക്കുമ്പോള്‍ അതിന് കൂടുതല്‍ സമ്മര്‍ദ്ദം വീണ്ടും നല്‍കാതിരിക്കേണ്ടതുണ്ട്. ഇതിനായി സ്‌ക്രീന്‍ സമയം പരമാവധി കുറയ്ക്കുക. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് എന്നിങ്ങനെയുള്ളവയുടെയെല്ലാം ഉപയോഗം പരിമിതപ്പെടുത്താം.
രണ്ട്...
കണ്ണ് എരിച്ചിലും നീറ്റലും തോന്നിയാല്‍ വെള്ളമെടുത്ത് കണ്ണില്‍ ഇടവിട്ട് തളിക്കാം. ഇത് വിഷമതകളെ ലഘൂകരിക്കാന്‍ സഹായിക്കും.
മൂന്ന്...
ദീവസം മുഴുവന്‍ ശരീരത്തില്‍ ജലാംശം നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. അതായത്, വെള്ളം കുടിക്കുന്ന കാര്യത്തില്‍ യാതൊരുവിധ മടയും കാട്ടരുതെന്ന് സാരം. ഇതും കണ്ണിലെ വിഷമതകള്‍ ലഘൂകരിക്കാന്‍ സഹായിക്കും.
നാല്...
ഏത് അസുഖങ്ങള്‍ക്കുമുള്ള ഒരു പ്രധാന ചികിത്സ തന്നെയാണ് നമ്മുടെ ഡയറ്റ്. നാം എന്താണ് കഴിക്കുന്നത് എന്നതിനെ അപേക്ഷിച്ചാണ് നമ്മുടെ ആരോഗ്യം മുന്നോട്ടുപോവുക.
അതിനാല്‍ തന്നെ ആരോഗ്യകരവും സമ്പൂര്‍ണവുമായ ഒരു ഡയറ്റ് പിന്തുടരുക.
അഞ്ച്...
കണ്ണില്‍ കാര്യമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നപക്ഷം കണ്ണില്‍ മേക്കപ്പ് ഉപയോഗിക്കാതിരിക്കുക. മറ്റ് ഉത്പന്നങ്ങളേതും ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഉപയോഗിക്കുക. കണ്ണിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ കാത്തിരിക്കാതെ തന്നെ ഡോക്ടറെ കാണുന്നതാണ് ഉത്തമം.
Also Read:- 'കണ്ണിനെ ബാധിക്കുന്ന ചില അസുഖങ്ങള്‍ പിന്നീടുണ്ടാക്കുന്ന പ്രശ്‌നം'
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam