'ബ്രിട്ടീഷ് ജേണല്‍ ഓഫ് ഒഫ്താല്‍മോളജി' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനം സംബന്ധിച്ച വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. മുമ്പ് ചില ചെറുപഠനങ്ങള്‍ കൂടി സമാനമായ നിരീക്ഷണം പങ്കുവച്ചിട്ടുണ്ട് 

കണ്ണിന്റെ ആരോഗ്യം പല രീതിയിലാണ് പ്രതികൂലമായി ബാധിക്കപ്പെടാറ്. പ്രധാനമായും പ്രായാധിക്യം മൂലമുളള വിഷതകളാണ് കണ്ണിന്റെ ആരോഗ്യത്തെ തകര്‍ക്കാറ്. ഇതിന് പുറമെ തിമിരം പോലുള്ള അസുഖങ്ങള്‍, പ്രമേഹത്തെ തുടര്‍ന്നുണ്ടാകുന്ന കണ്ണ് രോഗങ്ങള്‍ എന്നിങ്ങനെ പോകുന്നു സാധാരണഗതിയില്‍ കണ്ണിനെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍.

കണ്ണിന്റെ ആരോഗ്യം ദോഷകരമായി ബാധിക്കപ്പെടുന്നത് ക്രമേണ കാഴ്ചാശക്തി ഭാഗികമായോ പൂര്‍ണമായോ ഇല്ലാതാകാന്‍ ഇടയാക്കും. അതുപോലെ തലവേദന, തലകറക്കം പോലുള്ള പ്രശ്‌നങ്ങളിലേക്കും ഇത് നയിച്ചേക്കാം. 

എന്നാല്‍ കണ്ണിനെ ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ പില്‍ക്കാലത്ത് മറവിരോഗത്തിലേക്ക് (ഡിമെന്‍ഷ്യ) കൂടി നയിച്ചേക്കാമെന്നാണ് പുതിയൊരു പഠനം പറയുന്നത്. 'ബ്രിട്ടീഷ് ജേണല്‍ ഓഫ് ഒഫ്താല്‍മോളജി' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനം സംബന്ധിച്ച വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. 

മുമ്പ് ചില ചെറുപഠനങ്ങള്‍ കൂടി സമാനമായ നിരീക്ഷണം പങ്കുവച്ചിട്ടുണ്ട്. കണ്ണിനെ ബാധിക്കുന്ന അസുഖങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പലരീതിയില്‍ ബാധിക്കാമെന്നായിരുന്നു ഈ പഠനറിപ്പോര്‍ട്ടുകള്‍ പങ്കുവച്ചിരുന്ന നിഗമനം. ഇതുമായി ചേര്‍ത്തുവായിക്കാവുന്നത് തന്നെയാണ് പുതിയ പഠനറിപ്പോര്‍ട്ടും. 

മറവിരോഗം നമുക്കറിയാം, തലച്ചോറിനെ ബാധിക്കുന്ന അസുഖമാണ്. തലച്ചോറിലെ കോശങ്ങള്‍ ചുരുങ്ങിപ്പോവുകയോ, നശിച്ചുപോവുകയോ ചെയ്ത് ഓര്‍മ്മകള്‍ പതിയെ ഇല്ലാതായിപ്പോകുന്ന അവസ്ഥയാണ് മറവിരോഗത്തിലുണ്ടാകുന്നത്. കണ്ണിലെ രോഗങ്ങളല്ല ഇതിലേക്ക് നയിക്കുന്നത്. ഡിമെന്‍ഷ്യ അല്ലെങ്കില്‍ അല്‍ഷിമേഴ്‌സ് പോലുള്ള മറവിരോഗങ്ങള്‍ക്ക് പിന്നില്‍ നിരവധി കാരണങ്ങള്‍ ഗവേഷകലോകം നിരത്തുന്നുണ്ട്. എന്നാല്‍ ഇവയുടെ കൃത്യമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ ഇപ്പോഴും ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടുമില്ല. 

കണ്ണിലെ രോഗങ്ങള്‍ അവയിലേക്ക് നയിക്കുന്ന ഒരു കാരണമായേക്കാം എന്ന് മാത്രമാണ് പുതിയ പഠനറിപ്പോര്‍ട്ട്. ഇത് പ്രായാധിക്യം മൂലം കണ്ണിന്റെ ആരോഗ്യത്തിനേല്‍ക്കുന്ന പ്രശ്‌നങ്ങളോ, പ്രമേഹത്തെയോ മറ്റേതെങ്കിലും അസുഖങ്ങളെയോ തുടര്‍ന്ന് കണ്ണിനെ ബാധിക്കുന്ന പ്രശ്‌നങ്ങളോ, തിമിരം പോലുള്ള കണ്ണ് രോഗങ്ങളോ എല്ലാം ആകാമെന്ന് പഠനം വിശദമാക്കുന്നു. 

അമ്പത്തിയഞ്ചിനും എഴുപത്തിമൂന്നിനും ഇടയ്ക്ക് പ്രായം വരുന്ന പന്ത്രണ്ടായിരത്തിലധികം പേരെ വര്‍ഷങ്ങളോളം നിരീക്ഷച്ചും പരിശോധിച്ചുമാണ് ഗവേഷകര്‍ ഈ നിഗമനത്തിലേക്ക് എത്തിയിരിക്കുന്നതത്രേ. പ്രായാധിക്യത്താലുണ്ടാകുന്ന കണ്ണ് രോഗം 26 ശതമാനവും, പ്രമേഹത്താലുണ്ടാകുന്ന കണ്ണ് രോഗം 61 ശതമാനവും, തിമിരം മൂലം 11 ശതമാനവും ആണ് ഡിമെന്‍ഷ്യക്കുള്ള അധികസാധ്യതയായി പഠനം ചൂണ്ടിക്കാട്ടുന്നത്. 

കണ്ണിലെ പ്രശ്‌നങ്ങള്‍ക്കൊപ്പം ഹൃദ്രോഗം, പക്ഷാഘാതം, ഉയര്‍ന്ന ബിപി, പ്രമേഹം, വിഷാദരോഗം എന്നിങ്ങനെയുള്ള അസുഖങ്ങള്‍ കൂടിയുള്ളവരാണെങ്കില്‍ മറവിരോഗത്തിനുള്ള സാധ്യത വീണ്ടും അധികരിക്കുമെന്നും പഠനം പറയുന്നു.

Also Read:- കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona