'റാനിറ്റിഡിന്‍' വിതരണം കേരളത്തില്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കും

Published : Oct 01, 2019, 08:59 PM IST
'റാനിറ്റിഡിന്‍' വിതരണം കേരളത്തില്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കും

Synopsis

അള്‍സര്‍ ഉള്‍പ്പെടെ ഉദരസംബന്ധമായ അസുഖങ്ങള്‍ക്ക് വ്യാപകമായ തോതില്‍ ഉപയോഗിച്ചുവരുന്ന മരുന്നാണ് 'റാനിറ്റിഡിന്‍'. അതിനാല്‍ത്തന്നെ ഇത് ക്യാന്‍സറിന് കാരണമാകുമെന്ന തരത്തിലുള്ള പ്രചാരണം ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കകളാണ് സൃഷ്ടിച്ചിട്ടുള്ളത്

വിഷാംശം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേരളത്തില്‍ താല്‍ക്കാലികമായി 'റാനിറ്റിഡിന്‍' എന്ന മരുന്നിന്റെ വിതരണം നിര്‍ത്തിവയ്ക്കാന്‍ തീരുമാനമായി. ക്യാന്‍സറിന് കാരണമായേക്കാവുന്ന ഘടകങ്ങള്‍ 'റാനിറ്റിഡിനി'ല്‍ കണ്ടെത്തിയെന്നായിരുന്നു പ്രചരിച്ചിരുന്ന വാര്‍ത്തകള്‍. 

അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് ഇതുസംബന്ധിച്ച പ്രസ്താവന ആദ്യമിറക്കിയത്. 'റാനിറ്റിഡിന്‍' മരുന്നിന്റെ ചില ബ്രാന്റുകളില്‍  എന്‍ ഡി എം എ (എന്‍-നൈട്രോസോ ഡൈമീതൈലമീന്‍) എന്ന പദാര്‍ത്ഥം കണ്ടെത്തിയെന്നായിരുന്നു ഇവരുടെ പ്രസ്താവന. ഇത് പിന്നീട് ക്യാന്‍സറിന് കാരണമാകുന്ന ഘടകമാണെന്ന് പലരും അഭിപ്രായപ്പെടുകയായിരുന്നു. 

അള്‍സര്‍ ഉള്‍പ്പെടെ ഉദരസംബന്ധമായ അസുഖങ്ങള്‍ക്ക് വ്യാപകമായ തോതില്‍ ഉപയോഗിച്ചുവരുന്ന മരുന്നാണ് 'റാനിറ്റിഡിന്‍'. അതിനാല്‍ത്തന്നെ ഇത് ക്യാന്‍സറിന് കാരണമാകുമെന്ന തരത്തിലുള്ള പ്രചാരണം ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കകളാണ് സൃഷ്ടിച്ചിട്ടുള്ളത്. 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത്തരത്തിലുള്ള ഒരു വെല്ലുവിളി 'റാനിറ്റിഡിന്‍' ഉയര്‍ത്തുന്നില്ലെന്ന വാദവുമായി ഒരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. മരുന്നിലല്ല, മറിച്ച് അതിന്റെ ഉത്പാദനപ്രക്രിയയ്ക്കിടെയാണ് എന്‍ ഡി എം എ കലരുന്നതെന്നും അത് വിപണിയില്‍ ലഭ്യമായിരിക്കുന്ന പല വ്യാവസായിക ഉത്പന്നങ്ങളിലും കലര്‍ന്നിട്ടുണ്ടെന്നുമാണ് ഇവരുടെ വാദം. 

വിവാദങ്ങള്‍ വലിയ തോതില്‍ കത്തിപ്പടര്‍ന്നിട്ടും 'റാനിറ്റിഡിന്‍' ഇന്ത്യയില്‍ നിരോധിച്ചില്ല. പകരം കൊല്‍ക്കത്തയിലെ കേന്ദ്ര ലാബില്‍ നിന്നുള്ള ഫലത്തിനായി കാത്തിരിക്കുകയാണ് അധികൃതര്‍. എന്തായാലും ഫലം വരുന്നത് വരെ കേരളത്തില്‍ താല്‍ക്കാലികമായി മരുന്നിന്റെ വിതരണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ രവി എസ് മേനോന്‍ അറിയിച്ചു.

PREV
click me!

Recommended Stories

കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ
കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ