
തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ അവാര്‍ഡ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്കാണ് (കാസ്പ്) നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ അവാര്‍ഡ് ലഭിച്ചത്. പബ്ലിക് ഹെല്‍ത്ത് എക്‌സലന്‍സ് അവാര്‍ഡാണ് ലഭിച്ചിരിക്കുന്നത്. ജൂലൈ 27ന് ഡല്‍ഹിയില്‍ വച്ച് നടക്കുന്ന നാഷണല്‍ ഹെല്‍ത്ത്‌ടെക് ഇന്നവേഷന്‍ കോണ്‍ക്ലേവില്‍ അവാര്‍ഡ് സമ്മാനിക്കും.
ഏറ്റവുമധികം സൗജന്യ ചികിത്സ നല്‍കുന്ന കേരളത്തിന് കിട്ടുന്ന മറ്റൊരു അംഗീകാരമാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്കൃഷ്ഠാ പുരസ്‌കാരവും സംസ്ഥാനത്തിന് ലഭിച്ചിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാസ്പ് വഴി 3200 കോടിയുടെ സൗജന്യ ചികിത്സയാണ് സംസ്ഥാനം നല്‍കിയത്. കഴിഞ്ഞ ഒറ്റവര്‍ഷം ആറര ലക്ഷത്തോളം ആള്‍ക്കാര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനായി.
സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി (എസ്എച്ച്എ) വഴിയാണ് കാസ്പ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിലൂടെ സേവനം നല്‍കുന്നതിനായി 612 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെ എംപാനല്‍ ചെയ്തിട്ടുണ്ട്. സ്വകാര്യ ആശുപത്രികളെ കൂടി പങ്കെടുപ്പിച്ച് എസ്എച്ച്എ മികച്ച ഏകോപനമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ചികിത്സാ ധനസഹായത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ താങ്ങായത് 14 ലക്ഷത്തോളം കുടുംബങ്ങള്‍ക്കാണ്. ചികിത്സാ ആനുകൂല്യത്തിനായി ആയിരം കോടിയോളം രൂപയാണ് ഈ കാലയളവില്‍ ചെലവഴിച്ചത്.ഡയാലിസിസിനായി 1.4 ലക്ഷം പേര്‍ക്കായി 13 കോടി രൂപയുടെയും ഹൃദയ ചികിത്സയ്ക്കായി 37427 പേര്‍ക്ക് 181 കോടി രൂപയുടെയും ധനസഹായം നല്‍കി. ക്യാന്‍സര്‍ ചികിത്സയ്ക്കായി 69842 ഗുണഭോക്താക്കള്‍ക്ക് 84 കോടി രൂപയും വൃക്കരോഗ ചികിത്സയ്ക്കായി 7707 ഗുണഭോക്താക്കള്‍ക്കായി 15 കോടി രൂപയുമാണ് ധനസഹായം അനുവദിച്ചത്. കോവിഡ് രോഗബാധിതരായ 3600 ഓളം പേര്‍ക്കാണ് ചികിത്സാ ധനസഹായ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam