പ്രതിരോധശേഷിയുള്ള പുതുതലമുറയ്ക്കായി സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് പ്രവർത്തനം തുടങ്ങി

By Web TeamFirst Published Feb 5, 2021, 10:00 PM IST
Highlights

ജനിച്ച ഉടൻ അമ്മയുടെ സമീപ്യം നഷ്ടപ്പെടുന്ന കുഞ്ഞുങ്ങൾ, രോഗാവസ്ഥ കാരണം അമ്മയ്ക്ക് മുലപ്പാൽ നൽകാൻ കഴിയാത്ത സാഹചര്യം. ഇത്തരം നവജാത ശിശുക്കൾക്കും മുലപ്പാൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുലപ്പാൽ ബാങ്കിന്‍റെ പ്രവർത്തനം

കൊച്ചി: സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തനം തുടങ്ങി. പലവിധ കാരണങ്ങളാൽ അമ്മയുടെ മുലപ്പാൽ ലഭ്യമല്ലാത്ത കുഞ്ഞുങ്ങൾക്കാകും മുലപ്പാൽ ബാങ്കിന്‍റെ സേവനം. പ്രതിരോധശേഷിയുള്ള തലമുറയെ വാർത്തെടുക്കാൻ ഇത്തരം സംവിധാനങ്ങൾ സഹായിക്കുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി കെ കെ ശൈലജ പറഞ്ഞു.

ജനിച്ച ഉടൻ അമ്മയുടെ സമീപ്യം നഷ്ടപ്പെടുന്ന കുഞ്ഞുങ്ങൾ, രോഗാവസ്ഥ കാരണം അമ്മയ്ക്ക് മുലപ്പാൽ നൽകാൻ കഴിയാത്ത സാഹചര്യം. ഇത്തരം നവജാത ശിശുക്കൾക്കും മുലപ്പാൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുലപ്പാൽ ബാങ്കിന്‍റെ പ്രവർത്തനം. വിദേശരാജ്യങ്ങളിൽ കണ്ട് വരുന്ന സംരംഭം ആദ്യമായാണ് സംസ്ഥാനത്ത് പ്രവര്‍ത്തനം തുടങ്ങുന്നത്. ആരോഗ്യമുള്ള അമ്മമാരിൽ നിന്ന് പരിശോധനകൾക്ക് ശേഷം ശേഖരിക്കുന്ന പാൽ 6 മാസം വരെ ബാങ്കിൽ സൂക്ഷിക്കാനാകും. ഭാവിയിൽ പാൽ ശേഖരിക്കുന്നതിനും, വിതരണത്തിനും സർക്കാർ സ്വകാര്യ ആശുപത്രികളുടെ ശൃംഖലയുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്.

ആദ്യഘട്ടത്തിൽ എറണാകുളം ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്ന കുട്ടികൾക്ക് മാത്രമാണ് മുലപ്പാൽ ലഭിക്കുക. വൈകാതെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലും ബാങ്ക് പ്രവർത്തനം തുടങ്ങും. ലോട്ടറി ക്ലബ്ബിന്റെയും ഐഎംഎയുടെയും സഹായത്തോടെയാണ് 45ലക്ഷം രൂപ ചെലവിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പദ്ധതി നടപ്പിലാക്കിയത്. നിലവിൽ മഹാരാഷ്ട്രയിലും, അസ്സമിലും മാത്രമാണ് രാജ്യത്ത് മുലപ്പാൽ ബാങ്ക് പ്രവ‍ർത്തിക്കുന്നത്.

click me!