
ചിലര്‍ക്ക് ചില സാധനങ്ങളോട്, അത് ഭക്ഷ്യയോഗ്യമല്ലാത്തതും ആകാം വല്ലാത്തൊരു കൊതി തോന്നുന്നത് ശ്രദ്ധിച്ചിട്ടില്ലേ? നിങ്ങള്‍ക്ക് തന്നെ ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിരുന്നിരിക്കാം. ഉദാഹരണത്തിന് ചോക്ക് കാണുമ്പോള്‍ അതൊന്ന് എടുത്ത് കടിക്കാൻ തോന്നുക. ചോക്കിന്‍റെ മണം ഒരു തരം ഉന്മാദം അനുഭവപ്പെടുത്തുക. ഇങ്ങനെയുള്ള കൊതികള്‍ക്ക് പിന്നില്‍ ശരിക്കും കാരണങ്ങളുണ്ട്. എന്നാലിത് മിക്കവര്‍ക്കും അറിയില്ല എന്നതാണ് സത്യം
ഇങ്ങനെയുള്ള ഏതാനും കൊതികളെ കുറിച്ചും അവയ്ക്ക് പിന്നിലുള്ള കാരണങ്ങളെ കുറിച്ചുമാണിപ്പോള്‍ പങ്കുവയ്ക്കുന്നത്.
ഐഡ്സ് ടീ...
നല്ല ചൂടുള്ള അന്തരീക്ഷത്തില്‍, വേനലിലൊക്കെ ഒരു ഐസ്ഡ് ടീ ആകാമെന്ന് തോന്നുന്നത് അസാധാരണമല്ല. എന്നാല്‍ ചൂടൊന്നുമില്ലാത്ത കാലാവസ്ഥയിലും ഐസ്ഡ് ടീ വേണമെന്ന് എപ്പോഴും തോന്നുന്നുവെങ്കില്‍ അത് അയേണിന്‍റെ കുറവ് മൂലമാകാം. ഇറച്ചി, ഇറച്ചി കഴിക്കാത്തവരാണെങ്കില്‍ ചീര, അതുപോലെ നട്ട്സ് എന്നിവയെല്ലാം കഴിച്ചാല്‍ ഈ പ്രശ്നം ഒഴിവാക്കാം.
അരി...
ചിലര്‍ പച്ചയ്ക്ക് അരിയെടുത്ത് കഴിക്കാറുണ്ട്. ഇത് ഫോളിക് ആസിഡ് കുറവ് മൂലമാകാം. ഒപ്പം തന്നെ അയേണ്‍ പോലുള്ള മറ്റ് ധാതുക്കളുടെ കുറവ്, സ്ട്രെസ് എന്നിങ്ങനെയുള്ള കാരണങ്ങളും വരാം. എന്തായാലും എല്ലാ പോഷകങ്ങളും ലഭ്യമാകും വിധത്തിലുള്ള സമഗ്രമായ ഡയറ്റ് പാലിക്കാനായാല്‍ ഈ പ്രശ്നം ഒഴിവാക്കാം.
ചോക്ലേറ്റ്...
മധുരപ്രിയരാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ചോക്ലേറ്റിനോട് കൊതി തോന്നാം. എന്നാല്‍ എപ്പോഴും ചോക്ലേറ്റ് വേണമെന്ന കൊതി തോന്നിക്കൊണ്ടേയിരിക്കുന്നത്. മഗ്നീഷ്യം കുറവായതിനാല്‍ ആകാം. നട്ട്സ്, സീഡ്സ്, പഴങ്ങള്‍ എന്നിവയെല്ലാം നല്ലതുപോലെ കഴിച്ചാല്‍ മഗ്നീഷ്യം വര്‍ധിപ്പിക്കാം. മഗ്നീഷ്യം കുറയുന്നത് ഒരുപാട് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്.
ചോക്ക്...
ചോക്ക് കാണുമ്പോള്‍ കൊതി തോന്നുന്നത്, അല്ലെങ്കില്‍ കഴിക്കാൻ തോന്നുന്നത് എല്ലാം കാത്സ്യം കുറവ് മൂലമാകാം. ഇത് പരിഹരിക്കാൻ കാത്സ്യം ലഭ്യത ഭക്ഷണങ്ങളിലൂടെ ഉറപ്പാക്കുക.
ഉപ്പടങ്ങിയ ചിപ്സ്- ഫ്രൈസ്...
പാക്കറ്റിലെല്ലാം വരുന്ന കാര്യമായി ഉപ്പ് അടങ്ങിയ ചിപ്സ്, ഫ്രൈസ് ഒക്കെ കഴിക്കാൻ എപ്പോഴും കൊതി തോന്നുന്നുവെങ്കില്‍ അത്, ഇലക്ട്രോലൈറ്റുകള്‍ ശരീരത്തില്‍ കുറയുന്നത് മൂലമാകാം. തക്കാളി, മീൻ ഒക്കെ ഇത് പരിഹരിക്കാൻ കഴിക്കാവുന്നതാണ്. അതുപോലെ ഭക്ഷണങ്ങളില്‍ അത്യാവശ്യം ഉപ്പ് ചേര്‍ത്തും കഴിക്കാം.
സോഡ...
എപ്പോഴും സോഡ കഴിക്കാൻ തോന്നുന്നുവെങ്കില്‍ അത് നിങ്ങളുടെ ഭക്ഷണക്രമത്തിലെ പോരായ്കകള്‍ സൂചിപ്പിക്കുന്നതാണെന്ന് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നു.
Also Read:- മുലയൂട്ടുന്ന അമ്മമാര്‍ കാപ്പി കുടിക്കാൻ പാടില്ലേ? ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഏതെല്ലാം?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-