നായയുടെ കടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത് എന്ത്? നിങ്ങളറിഞ്ഞിരിക്കേണ്ട ചിലത്...

By Web TeamFirst Published Sep 29, 2022, 3:23 PM IST
Highlights

റാബീസ് വൈറസ് എന്ന ഒരു വൈറസ് ആണ് ഇവിടെ പ്രശ്നക്കാരൻ. മനുഷ്യരില്‍ പേവിഷബാധ വരുന്നത് രോഗാണുക്കൾ ഉള്ള മൃഗങ്ങളുടെ തുപ്പൽ വഴി ആണ്. കടിക്കുമ്പോഴോ, മുറിവിലൂടെയോ എല്ലാമിത് പകരാം. വൈറസ് ശരീത്തിലെത്തിക്കഴിഞ്ഞാല്‍ അത് കാര്യമായും ബാധിക്കുന്നത് തലച്ചോറിനെയാണ്.

സമീപകാലത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടൊരു പ്രശ്നമായിരുന്നു തെരുവുനായ ആക്രമണം. ഇക്കൂട്ടത്തില്‍ പേവിഷബാധയുള്ള നായ്ക്കളുടെ ആക്രമണത്തില്‍ മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ചര്‍ച്ചകള്‍ കുറെക്കൂടി ഗൗരവത്തിലായി. ഈ സാഹചര്യത്തില്‍ പേവിഷബാധയെ കുറിച്ച് അല്‍പം വിശദമായി തന്നെ മനസിലാക്കിയാലോ?

റാബീസ് വൈറസ് എന്ന ഒരു വൈറസ് ആണ് ഇവിടെ പ്രശ്നക്കാരൻ. മനുഷ്യരില്‍ പേവിഷബാധ വരുന്നത് രോഗാണുക്കൾ ഉള്ള മൃഗങ്ങളുടെ തുപ്പൽ വഴി ആണ്. കടിക്കുമ്പോഴോ, മുറിവിലൂടെയോ എല്ലാമിത് പകരാം. വൈറസ് ശരീത്തിലെത്തിക്കഴിഞ്ഞാല്‍ അത് കാര്യമായും ബാധിക്കുന്നത് തലച്ചോറിനെയാണ്. മുറിവിൽ നിന്ന് രോഗാണുക്കൾ നാഡികൾ വഴി തലച്ചോറിൽ എത്തുമ്പോള്‍ ആണ് രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നത്. രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയാൽ പിന്നെ അസുഖം ചികിത്സിച്ച് ഭേദമാക്കുക വളരെ ബുദ്ധിമുട്ടാണ്. ലോകത്താകമാനം വളരെ കുറച്ച് പേര്‍ മാത്രമാണ് ഈ ഘട്ടത്തിന് ശേഷം രക്ഷപെട്ടിട്ടുള്ളൂ.

ഏതൊക്കെ മൃഗങ്ങൾക്ക് റാബീസ് പരത്താൻ പറ്റും? 

പട്ടിയാണ് ഇക്കാര്യത്തില്‍ പ്രധാന വില്ലൻ. 90 ശതമാനം ആളുകൾക്കും അസുഖം പകരുന്നത് പട്ടിയിൽ നിന്നാണ്. പട്ടി കഴിഞ്ഞാല്‍ പൂച്ച, മറ്റ് വളർത്തുമൃഗങ്ങൾ, വന്യജീവികൾ ഒക്കെ അസുഖം പരത്താൻ കഴിവുള്ളവരാണ്.

അസുഖം എങ്ങനെയൊക്കെ പകരാം? 

പ്രധാനമായും മൃഗങ്ങളുടെ കടിയേല്‍ക്കുന്നതിലൂടെയാണ് റാബീസ് പകരുന്നത്. ഇവയുടെ പല്ലുകൊണ്ട് തൊലിയിൽ പോറൽ ഉണ്ടായാലും ശ്രദ്ധിക്കണം. മുറിവുള്ള തൊലിയിൽ ഇവ നക്കുക, ചുണ്ടിലോ നാക്കിലോ വായിലോ നക്കുക എന്നിവ വഴിയും രോഗം പകരും.

കടിയേറ്റാല്‍ എന്തുചെയ്യണം? 

വളര്‍ത്തുനായ്ക്കള്‍ അല്ലാത്ത നായ്ക്കള്‍ കടിച്ചാല്‍ സാധിക്കുന്നത് പോലെ മുറിവ് രൂക്ഷമാകും മുമ്പ് രക്ഷപ്പെടാൻ ശ്രമിക്കണം. വീണ്ടും കടിയേൽക്കാതെ നോക്കുകയും വേണം. കഴിയുമെങ്കില്‍ മൃഗത്തെ എവിടെങ്കിലും പൂട്ടിയിടുകയും നിരീക്ഷിക്കുകയും ചെയ്യുക.

കടിയേറ്റ ഭാഗം നന്നായി ഒഴുകുന്ന ടാപ്പ് വെള്ളത്തിൽ 10-15 മിനിറ്റ് കഴുകുക. ഇതിന് സോപ്പോ ഡിറ്റർജന്‍റോ ഉപയോഗിക്കം. മുഖത്തോ വിരലുകളിലോ ഉള്ള കടി ഗുരുതരമാകാൻ സാധ്യതയുണ്ട്. നാഡികളിലൂടെ വൈറസുകൾ വേഗത്തില്‍ തലച്ചോറിലേക്ക് പകരാൻ സാധ്യത ഉള്ളതിനാൽ ആണിത്. അതുകൊണ്ട് തന്നെ കാലതാമസം ഇല്ലാതെ ചികിത്സ നല്‍കണം.

മുറിവിന് ചികിത്സ...
 
പേവിഷബാധ പ്രതിരോധത്തിൽ വളരെ പ്രധാനമാണ് മുറിവിന് ശരിയായ ചികിത്സ കൊടുക്കുക എന്നത്. കടിയേറ്റ ഭാഗം ഒഴുകുന്ന വെള്ളത്തിൽ 10 -15 മിനിറ്റ് കഴുകുന്നതാണ് ഇതിലെ പ്രധാന ഭാഗം. ഇതിന് ടാപ്പ് വെള്ളം ഉപയോഗിച്ചാൽ മതിയാകും. സോപ്പോ മറ്റ് ഡിറ്റർജെന്‍റുകളോ ഉപയോഗിക്കാൻ പ്രത്യേകം ഓര്‍മ്മിക്കുക. മുറിവിൽ പിടിച്ചിരിക്കുന്ന വൈറസുകളെ നീക്കം ചെയ്യുകയാണ് കഴുകുന്നതിന്‍റെ ലക്ഷ്യം.

വെറും കൈകൊണ്ട് മുറിവിൽ സ്പർശിക്കുന്നത് ഒഴിവാക്കണം. കയ്യിൽ മുറിവുകൾ ഉണ്ടെങ്കിൽ വിഷബാധ ഇതിലൂടെയും പകരുമെന്നിതിനാലാണിത്. മുറിവിൽ മുളകുപൊടി, എണ്ണ, കാപ്പിപ്പൊടി തുടങ്ങി വീട്ടില്‍ ഉള്ള എല്ലാ സാധനങ്ങളും പുരട്ടുന്ന ശീലം നമ്മുടെ നാട്ടിൻപുറങ്ങളിൽ ഉണ്ട്. അങ്ങനെ ചെയ്യുന്നതുകൊണ്ടു പ്രത്യേകിച്ച് ഗുണങ്ങൾ ഒന്നുമില്ല. എന്നുമാത്രമല്ല ചിലപ്പോൾ മുറിവ് പഴുക്കാനും സാധ്യതയുണ്ട്.

പ്രതിരോധ കുത്തിവയ്പ്...

നായയുടെ കടിയേറ്റ ദിവസം തന്നെ കുത്തിവയ്പെടുക്കുക. മസിലിൽ എടുക്കുന്ന കുത്തിവയ്പും തൊലിപ്പുറത്ത് എടുക്കുന്ന കുത്തിവയ്പും. രണ്ടുതരത്തിൽ ഉള്ള കുത്തിവയ്പുകൾ ഉണ്ട്. രണ്ടിനും ഒരേ ഫലം തന്നെയാണുള്ളത്. എന്തായാലും കുത്തിവയ്പെടു്കാൻ വൈകിക്കാതിരിക്കുക. ഒപ്പം തന്നെ മുറിവ് കഴുകുന്നത് അടക്കമുള്ള പ്രാഥമിക കാര്യങ്ങളും വിട്ടുപോകാതെ ചെയ്യുക.

ലേഖനം തയ്യാറാക്കിയത് : ഡോ. ലാസിമ സിദ്ധീഖ്
ഡോ. ബേസില്‍സ് ഹോമിയോ ഹോസ്പിറ്റല്‍
പാണ്ടിക്കാട്, മലപ്പുറം

Also Read:- വളർത്തുനായ്ക്കളുമായി നടക്കാനിറങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ...

click me!