രാവിലെകളില്‍ ശരീരഭാരം കൂടുതലായി കാണിക്കുന്നുവോ? അറിയാം 6 കാരണങ്ങള്‍...

By Web TeamFirst Published Apr 14, 2021, 11:37 PM IST
Highlights

രാവിലെകളില്‍ ശരീരഭാരം കൂടുതലായി കാണിക്കുന്നത് കണ്ട് പരിഭ്രമിക്കേണ്ടെന്നാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റായ പൂജ മഖിജ പറയുന്നത്. പല കാരണങ്ങള്‍ കൊണ്ടും ഇത് സംഭവിക്കാമെന്നും ഈ കാരണങ്ങള്‍ മനസിലാക്കി പരിഹരിച്ചാല്‍ ഭാരം കൂടുതലായി കാണിക്കില്ലെന്ന് മാത്രമല്ല, കുറവായി കാണാനും നമുക്ക് സാധിക്കുമെന്നാണ് പൂജ മഖിജ അവകാശപ്പെടുന്നത്

വണ്ണം കുറയ്ക്കാന്‍ ശ്രമം നടത്തുന്നവര്‍ സ്വാഭാവികമായും ശരീരഭാരം പതിവായി പരിശോധിക്കും. ഇതില്‍ ചിലരെങ്കിലും പരാതിപ്പെടാറുള്ള ഒരു പ്രശ്‌നമാണ് രാത്രിയില്‍ കാണിച്ച തൂക്കത്തെക്കാള്‍ രാവിലെ തൂക്കം കൂടുതലായി കാണിക്കുന്നുവെന്നത്. തീര്‍ത്തും നിരാശപ്പെടുത്തുന്നൊരു ഫലം കൂടിയാണിത്. അതിനാല്‍ തന്നെ പലരും ഇക്കാരണത്താല്‍ സമ്മര്‍ദ്ദത്തിലും ആകാറുണ്ട്. 

എന്നാല്‍ രാവിലെകളില്‍ ശരീരഭാരം കൂടുതലായി കാണിക്കുന്നത് കണ്ട് പരിഭ്രമിക്കേണ്ടെന്നാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റായ പൂജ മഖിജ പറയുന്നത്. പല കാരണങ്ങള്‍ കൊണ്ടും ഇത് സംഭവിക്കാമെന്നും ഈ കാരണങ്ങള്‍ മനസിലാക്കി പരിഹരിച്ചാല്‍ ഭാരം കൂടുതലായി കാണിക്കില്ലെന്ന് മാത്രമല്ല, കുറവായി കാണാനും നമുക്ക് സാധിക്കുമെന്നാണ് പൂജ മഖിജ അവകാശപ്പെടുന്നത്. 

അത്തരത്തില്‍ രാത്രിയില്‍ ശരീരഭാരം വര്‍ധിക്കുന്നതിന് പിന്നിലെ കാരണങ്ങളായി വരുന്ന ആറ് കാര്യങ്ങള്‍ ഏതെല്ലാമാണെന്ന് ഒന്ന് മനസിലാക്കിയാലോ! അതിന് ശേഷം ഈ പ്രശ്‌നങ്ങള്‍ തിരുത്തി മുന്നോട്ടുപോവുകയും ചെയ്യാം. 

ഒന്ന്...

രാത്രിയില്‍ മദ്യപിക്കുന്നവരില്‍ രാവിലേക്ക് തൂക്കക്കൂടുതല്‍ കാണാനുള്ള സാധ്യത കൂടുതലാണ്. മദ്യപിക്കുമ്പോള്‍ ശരീരത്തിലെ ജലാംശം നഷ്ടമാകുന്നു. അതിനാല്‍ ശരീരം വെള്ളം സൂക്ഷിച്ചുവയ്‌ക്കേണ്ട സാഹചര്യമുണ്ടാകുന്നു. അങ്ങനെയാണ് ഭാരക്കൂടുതല്‍ കാണിക്കുന്നത്. 

 

 

അതുപോലെ തന്നെ ആവശ്യത്തിന് വെള്ളം കുടിക്കാത്ത ദിവസമായിരുന്നു എങ്കില്‍ അപ്പോഴും ശരീരം രാത്രിയില്‍ വെള്ളം സൂക്ഷിച്ചുവയ്ക്കും. ഈ സാഹചര്യത്തിലും സമാനമായ അനുഭവമുണ്ടായേക്കാം. 

രണ്ട്...

ഉറക്കത്തിലെ പ്രശ്‌നങ്ങളും രാവിലെ തൂക്കക്കൂടുതല്‍ കാണിച്ചേക്കാം. ഉറക്കക്കുറവ്, സുഖകരമായ ഉറക്കം ലഭിക്കായ്ക, ഇടവിട്ട് ഉണരുന്ന അവസ്ഥ ഇതെല്ലാം ഭക്ഷണം കൂടുതലായി കഴിക്കാനിടയാക്കുന്നു. ഭക്ഷണം കൂടുതലാകുമ്പോള്‍ രാത്രിയില്‍ ശരീരം അതിനെ ദഹിപ്പിച്ചെടുക്കാനുള്ള ശ്രമം നടത്തുന്നത് ഭാഗികമായി മാത്രമാണ് വിജയിക്കുന്നത്. അതിനാല്‍ രാവിലെ തൂക്കക്കൂടുതല്‍ കാണിച്ചേക്കാം. 

മൂന്ന്...

മാനസിക സമ്മര്‍ദ്ദങ്ങള്‍ അമിതമായി അനുഭവിച്ച പകലിന് ശേഷം ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴും ശരീരഭാരം കൂടുന്നതായി കണ്ടേക്കാം. സമ്മര്‍ദ്ദങ്ങളുടെ ഭാഗമായി 'കോര്‍ട്ടിസോള്‍' ഹോര്‍മോണ്‍ കൂടുകയും ഇത് കൊഴുപ്പ് ശരീരത്തില്‍ സൂക്ഷിച്ചുവയ്ക്കപ്പെടാന്‍ ഇടയാക്കുകയും ചെയ്യുന്നു. അതിനാലാണ് ഭാരക്കൂടുതല്‍ ഉണ്ടാകുന്നത്. 

നാല്...

സ്ത്രീകളാണെങ്കില്‍ ആര്‍ത്തവത്തിന് മുമ്പുള്ള ദിവസങ്ങളില്‍, ചിലരില്‍ പിഎംഎസ് അഥവാ 'പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം' വരാറുണ്ട്. ഇത്തരക്കാരിലും രാത്രിയില്‍ ഭാരം വര്‍ധിക്കുന്ന അവസ്ഥയുണ്ടായേക്കാം. 

അഞ്ച്...

ഏതെങ്കിലും അസുഖങ്ങള്‍ക്കോ ആരോഗ്യപ്രശ്‌നങ്ങള്‍ക്കോ വേണ്ടി കഴിക്കുന്ന ചില മരുന്നുകളും ശരീരഭാരം എളുപ്പത്തില്‍ കൂടുതലായി കാണിക്കാന്‍ കാരണമാകാറുണ്ട്. 

 

 

പ്രധാനമായും വിശപ്പ് വര്‍ധിപ്പിച്ച് ഭക്ഷണം അമിതമാക്കി, അത് ദഹനപ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കുന്നതോടെയാണ് മരുന്നുകള്‍ ശരീരഭാരം വര്‍ധിപ്പിക്കാന്‍ സാഹചര്യമുണ്ടാക്കുന്നത്. 

ആറ്...

സമയം വൈകി അത്താഴം കഴിക്കുന്നതും രാവിലെകളില്‍ ശരീരഭാരം കൂടിയതായി കാണിക്കാന്‍ കാരണമാകാറുണ്ട്. വൈകി കഴിക്കുമ്പോള്‍ അതിനനുസരിച്ച് സമയമെടുത്താണ് ഭക്ഷണം ദഹിക്കുന്നത്. കഴിച്ച് അധികം വൈകാതെ തന്നെ കിടക്കുമ്പോള്‍ അത്രയും ഭക്ഷണം ദഹിക്കാന്‍ ബാക്കി കിടക്കും. അതിനാലാണ് ഭാരക്കൂടുതല്‍ കാണിക്കുന്നത്. 

വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരും ആരോഗ്യകരമായ ജീവിതരീതി അവലംബിക്കുന്നവരും തീര്‍ച്ചയായും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കൂട്ടത്തില്‍ പരിഹരിക്കാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോവുക. മറ്റുള്ളവയെ ലഘൂകരിക്കാന്‍ ചെയ്യാനാകുന്നത് ചെയ്യാം.

Also Read:- ഭാരം കുറയ്ക്കാൻ ഏറ്റവും മികച്ചത് ഏതാണ്, വാഴപ്പഴമോ മാമ്പഴമോ...?

click me!