Latest Videos

നിലയ്ക്കാത്ത ചുമയും ശ്വാസ തടസവും, കൊച്ചിയിൽ 7 മാസം പ്രായമുള്ള ആൺകുട്ടിയുടെ ശ്വാസകോശത്തിൽ കണ്ടത് എൽഇഡി ബൾബ്

By Elsa Tresa JoseFirst Published Oct 2, 2023, 10:05 AM IST
Highlights

ഒന്നര സെന്റി മീറ്ററോളം നീളമുള്ള ചുവന്ന നിറത്തിലുള്ള എല്‍ഇഡി ബള്‍ബാണ് പുറത്തെടുത്തത്

കൊച്ചി: നിലയ്ക്കാത്ത ചുമയും ശ്വാസതടസവും പനിക്കും ചികിത്സ തേടിയെത്തിയ എഴുമാസം പ്രായമുള്ള ആണ്‍കുട്ടിയുടെ ശ്വാസകോശത്തില്‍ നിന്ന് പുറത്തെടുത്തത് ഒന്നര സെന്‍റി മീറ്ററോളം വലുപ്പമുള്ള എല്‍ഇഡി ബള്‍ബ്. കോട്ടയം സ്വദേശിയായ ഏഴ് മാസം പ്രായമുള്ള കുഞ്ഞിന് ചുമയും ശ്വാസതടസവും ദിവസങ്ങളായി മാറാതെ വന്നതോടെയാണ് രക്ഷിതാക്കള്‍ കോട്ടയത്തെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടുന്നത്.

മരുന്നുകള്‍ കഴിച്ചിട്ടും ബുദ്ധിമുട്ടുകള്‍ കുറയാതെ വന്നതോടെ എക്സ് റേ പരിശോധനയിലാണ് ശ്വാസകോശത്തില്‍ അന്യവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ രക്ഷിതാക്കള്‍ കൊച്ചി അമൃത ആശുപത്രിയിലെത്തുകയായിരുന്നു. ബ്രോങ്കോസ്കോപി പരിശോധനയിലാണ് വലത്തേ ശ്വാസകോശത്തിന്റെ താഴെ ഇരുമ്പ് പോലുള്ള വസ്തു തറച്ച് നില്‍ക്കുന്നതായി കണ്ടെത്തിയത്. രക്തവും മറ്റും മറച്ച നിലയിലായിരുന്നതിനാല്‍ ഇത് എല്‍ഇഡി ബള്‍ബ് ആണെന്ന് ആദ്യം വ്യക്തമായിരുന്നില്ല. പുറത്തെടുത്ത് പരിശോധിക്കുമ്പോഴാണ് ശ്വാസകോശത്തില്‍ കുടുങ്ങിയത് എല്‍ഇഡി ബള്‌‍ബാണെന്ന് വ്യക്തമാവുന്നത്.

ഒന്നര സെന്റി മീറ്ററോളം നീളമുള്ള ചുവന്ന നിറത്തിലുള്ള എല്‍ഇഡി ബള്‍ബാണ് പുറത്തെടുത്തത്. കൊച്ചി അമൃത ആശുപത്രിയിലെ ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി വിഭാഗം മേധാവി ഡോ ടിങ്കു ജോസഫിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് മെഡിക്കല്‍ പ്രൊസീജ്യര്‍ ചെയ്തത്. അനസ്തീഷ്യ വിഭാഗത്തിസെ ഡോ. തുഷാര, ഡോ. ശ്രീരാജ് എന്നിവര്‍ സംഘത്തിനൊപ്പമുണ്ടായിരുന്നു. കുട്ടികള്‍ കളിപ്പാട്ടങ്ങളിലേയും മറ്റും ചെറിയ വസ്തുക്കള്‍ അകത്ത് ചെന്ന നിലയില്‍ ചികിത്സയില്‍ എത്താറുണ്ടെങ്കിലും ഇത്തരമൊരു അവസ്ഥയില്‍ ഏഴ് മാസം പ്രായമുള്ള കുട്ടി ചികിത്സാ സഹായം തേടിയെത്തുന്നത് ആദ്യമായാണ് എന്നാണ് ഡോ. ടിങ്കു ജോസഫ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വിശദമാക്കിയത്.

വിപണിയില്‍ ലഭ്യമായിട്ടുള്ള പല കളിപ്പാട്ടങ്ങളിലും എല്‍ഇഡി ബള്‍ബ് പോലുള്ള ഇപ്പോള്‍ സാധാരണയായി കാണാറുണ്ട്. ഇവ കുട്ടികള്‍ അശ്രദ്ധമായി ഉപയോഗിക്കുമ്പോള്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടര്‍ വിശദമാക്കുന്നു. ശ്വാസകോശത്തിന് ഉള്ളിലേക്ക് കടന്നതിലാണ് വലിയ അപകടം ഒഴിവായതെന്നും ഡോക്ടര്‍ പറയുന്നത്. ശ്വാസ നാളിയിലോ മറ്റോ എല്‍ഇഡി ബള്‍ബ് കുടുങ്ങിയിരുന്നുവെങ്കില്‍ ശ്വാസ തടസം നേരിട്ട് ജീവഹാനിക്ക് വരെയുള്ള സാധ്യതകളുണ്ടെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. കുട്ടികള്‍ക്ക് ഇത്തരം വസ്തുക്കള്‍ നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കുന്നതും ഇത്തരം സ്തുക്കളുടെ ഉപയോഗ പൂര്‍ണമായും മുതിര്‍ന്നവരുടെ മേല്‍നോട്ടത്തിലാവണം എന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!