ദിവസത്തില്‍ മൂന്നോ നാലോ മണിക്കൂര്‍ മാത്രം ഉറങ്ങിയാല്‍ നിങ്ങള്‍ക്ക് സംഭവിക്കുന്നത്...

By Web TeamFirst Published Apr 25, 2019, 8:00 PM IST
Highlights

ദിവസത്തില്‍ മൂന്നോ നാലോ മണിക്കൂര്‍ മാത്രമെല്ലാം ഉറങ്ങിയാല്‍ നമുക്കെന്താണ് സംഭവിക്കുന്നത്? യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഫ്‌ളോറിഡയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ ഈ വിഷയത്തില്‍ ഒരു പഠനം നടത്തി
 

പലരും പഠനത്തിന്റെ ഭാഗമായോ, ജോലിയുടെ ഭാഗമായോ എല്ലാം രാത്രിസമയങ്ങളില്‍ ഉറക്കമൊഴിവാക്കാറുണ്ട്. ഇത് പതിയെ ശീലമാക്കുന്നവരുടെ എണ്ണവും ഒട്ടും കുറവല്ല. അങ്ങനെ ദിവസത്തില്‍ മൂന്നോ നാലോ മണിക്കൂര്‍ മാത്രമെല്ലാം ഉറങ്ങിയാല്‍ നമുക്കെന്താണ് സംഭവിക്കുന്നത്?

യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഫ്‌ളോറിഡയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ ഈ വിഷയത്തില്‍ ഒരു പഠനം നടത്തി. കുറവ് സമയം ഉറങ്ങുന്നവരുടെ ദിനചര്യകള്‍ മുഴുവന്‍ പ്രശ്‌നത്തിലായിരിക്കുമെന്ന് അവര്‍ കണ്ടെത്തി. ഇതോടൊപ്പം തന്നെ ഉറക്കക്കുറവ് ആദ്യം ബാധിക്കുക, ജോലിയെ ആണെന്നും ഇവര്‍ കണ്ടെത്തിയിരിക്കുന്നു.

സ്ഥിരമായി കുറഞ്ഞ സമയം മാത്രം ഉറങ്ങുമ്പോള്‍ അത് ജോലിയിലുള്ള കഴിവിനെ ബാധിക്കുന്നു, 'പ്രൊഡക്റ്റിവിറ്റി' കുറയുന്നു. ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. എപ്പോഴും ഉറങ്ങിവീഴാനുള്ള പ്രവണതയുമായിട്ടായിരിക്കും ഇത്തരക്കാര്‍ ദിവസം മുഴുവന്‍ നടക്കുക. ഒരു വിഷയത്തിലും മുഴുവന്‍ ശ്രദ്ധ നല്‍കുവാനോ അതില്‍ ആഴത്തില്‍ മുഴുകുവാനോ കഴിയാത്ത രീതിയില്‍ മനസും ശരീരവും ക്ഷീണത്തിലായിരിക്കും.

ക്രമേണ പലതരത്തിലുള്ള ശാരീരിക-മാനസിക പ്രശ്‌നങ്ങളിലേക്ക് ഈ ശീലം നമ്മെയെത്തിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. അവധിദിവസങ്ങളുടെ തലേന്ന് ഉറക്കം നീട്ടിവയ്ക്കുന്ന പതിവ് പോലും ആരോഗ്യകരമല്ലെന്നാണ് ഇവര്‍ പറയുന്നത്. അത്രയും പ്രധാനമാണ് മനുഷ്യജീവിതത്തില്‍ ഉറക്കമെന്ന് ഈ ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു.

click me!