ബിപി കൂടുമ്പോള്‍ മൂക്കില്‍ നിന്ന് രക്തസ്രാവം? ബിപി നിയന്ത്രണത്തിലാക്കാന്‍ അഞ്ച് ലൈഫ്‌സ്റ്റൈല്‍ ടിപ്‌സ്

By Web TeamFirst Published Aug 18, 2021, 4:12 PM IST
Highlights

ജീവിതശൈലീരോഗങ്ങളുള്ളവര്‍ ഭക്ഷണകാര്യങ്ങളില്‍ ഏറെ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ബിപിയുടെ കാര്യത്തിലും സാഹചര്യം സമാനം തന്നെ. സമയത്തിന് കഴിക്കുക, നല്ല ഭക്ഷണം തെരഞ്ഞെടുക്കുക, 'ബാലന്‍സ്ഡ്' ആയ ഡയറ്റ് പാലിക്കുക

ബിപി (ബ്ലഡ് പ്രഷര്‍) അഥവാ രക്തസമ്മര്‍ദ്ദം അധികരിക്കുന്നത് ജീവന് തന്നെ ഭീഷണിയായേക്കാവുന്ന അത്രയും ഗൗരവമുള്ള അവസ്ഥയാണ്. ബിപിയുള്ളവരാണെങ്കില്‍ അത് നിയന്ത്രിച്ചുനിര്‍ത്താന്‍ ഭക്ഷണമടക്കമുള്ള ജീവിതരീതികളില്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തേണ്ടതുമുണ്ട്. 

ഇപ്പോള്‍ വീട്ടില്‍ വച്ചുതന്നെ ബിപി പരിശോധിച്ചറിയാനുള്ള സംവിധാനങ്ങള്‍ ലഭ്യമാണ്. അതിനുള്ള ഉപകരണം വാങ്ങി വീട്ടില്‍ സൂക്ഷിച്ചാല്‍ ബിപി ഇടവിട്ട് പരിശോധിച്ച് ഉറപ്പിക്കാവുന്നതുമാണ്. 

ഇനി, ബിപി കൂടിയാല്‍ അതെങ്ങനെ തിരിച്ചറിയാം? ചില ലക്ഷണങ്ങളിലൂടെ തന്നെ ഇത് മനസിലാക്കാവുന്നതാണ്. അത്തരത്തിലുള്ള പ്രധാനപ്പെട്ട ചില ലക്ഷണങ്ങള്‍:- 

-തലവേദന
-തളര്‍ച്ച
-മൂക്കില്‍ നിന്ന് രക്തസ്രാവം
-ശ്വാസതടസം

 

 

ബിപി അപടകരമാം വിധം ഉയര്‍ന്നുവരുന്നതിന്റെ സൂചനയായാണ് ഈ ലക്ഷണങ്ങളെല്ലാം തന്നെ പ്രകടമാകുന്നത്. ഇവ കാണുന്നപക്ഷം തന്നെ രോഗിയെ വൈദ്യസഹായത്തിന് വിധേയമാക്കേണ്ടതാണ്. അല്ലായെങ്കില്‍ ഹൃദയാഘാതമടക്കമുള്ള ഗുരുതര പ്രശ്‌നങ്ങളിലേക്ക് രോഗിയെത്തുകയും മരണം വരെ സംഭവിക്കുകയും ചെയ്യാം. 

ഇനി, ബിപി നിയന്ത്രണത്തിലാക്കാന്‍ സഹായിക്കുന്ന ചില ലൈഫ്‌സ്റ്റൈല്‍ ടിപ്‌സ് കൂടി പങ്കുവയ്ക്കാം.

ഒന്ന്...

യോഗസനങ്ങള്‍ പരിശീലിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാക്കാന്‍ സഹായിക്കും. വജ്രാസനം, മാലാസനം, താഡാസനം, വൃക്ഷാസനം എന്നിവയെല്ലാം ഇതിനായി പരിശീലിക്കാം. 

രണ്ട്...

ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നതും ബിപി അധികരിക്കാനുള്ള സാധ്യതയെ കുറയ്ക്കുന്നു. ദിവസത്തില്‍ 1500 മില്ലിഗ്രാമില്‍ അധികം ഉപ്പ് നല്ലതല്ലെന്ന് മനസിലാക്കുക. 

മൂന്ന്...

ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നതും രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കാം. 8 മുതല്‍ 10 ഗ്ലാസ് വെള്ളം വരെ മുതിര്‍ന്നവര്‍ കുടിക്കേണ്ടതുണ്ട്. 

നാല്...

ജോലിസംബന്ധമായോ, വീട്ടിലെ കാര്യങ്ങളെ ചൊല്ലിയോ മാനസിക സമ്മര്‍ദ്ദങ്ങള്‍ നേരിടാത്തവര്‍ ആരുമില്ല. എന്നാല്‍ 'സ്‌ട്രെസ്' കൂടുന്നത് ബിപി ഉയര്‍ത്താനിടയാക്കും. 

 

 

അതിനാല്‍ തന്നെ സമ്മര്‍ദ്ദങ്ങളെ വരുതിയിലാക്കാന്‍ പരിശീലിക്കേണ്ടത് നിര്‍ബന്ധമണ്. 

അഞ്ച്...

ജീവിതശൈലീരോഗങ്ങളുള്ളവര്‍ ഭക്ഷണകാര്യങ്ങളില്‍ ഏറെ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ബിപിയുടെ കാര്യത്തിലും സാഹചര്യം സമാനം തന്നെ. സമയത്തിന് കഴിക്കുക, നല്ല ഭക്ഷണം തെരഞ്ഞെടുക്കുക, 'ബാലന്‍സ്ഡ്' ആയ ഡയറ്റ് പാലിക്കുക. 

Also Read:- ബിപിയും ഹൃദയാരോഗ്യവും; ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍...

click me!