നമ്മള്‍ അറിഞ്ഞോ അറിയാതെയോ ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ ഇടപെടല്‍ നടത്തുന്ന ഘടകങ്ങളാണ് ഡയറ്റും ലൈഫ്‌സ്റ്റൈലുമെല്ലാം. അതുപോലെ തന്നെ മറ്റ് ആരോഗ്യസ്ഥിതികള്‍, അസുഖങ്ങള്‍ എല്ലാം തന്നെ ഹൃദയാരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. സവിശേഷമായും ജീവിതശൈലീ രോഗങ്ങളാണ് ഇക്കൂട്ടത്തില്‍ വരുന്നത്

ഹൃദയാരോഗ്യം നമ്മെ സംബന്ധിച്ച് എത്രമാത്രം പ്രധാനമാണെന്നത് സുവ്യക്തമാണ്. ഹൃദയത്തെ സുരക്ഷിതമാക്കി നിര്‍ത്തേണ്ടത് അത്രയും അടിസ്ഥാനപരമായ ആവശ്യമാണ്. ഇതിന് ചില കാര്യങ്ങള്‍ പ്രത്യേകമായി ശ്രദ്ധിച്ചേ മതിയാകൂ. 

നമ്മള്‍ അറിഞ്ഞോ അറിയാതെയോ ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ ഇടപെടല്‍ നടത്തുന്ന ഘടകങ്ങളാണ് ഡയറ്റും ലൈഫ്‌സ്റ്റൈലുമെല്ലാം. അതുപോലെ തന്നെ മറ്റ് ആരോഗ്യസ്ഥിതികള്‍, അസുഖങ്ങള്‍ എല്ലാം തന്നെ ഹൃദയാരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. സവിശേഷമായും ജീവിതശൈലീ രോഗങ്ങളാണ് ഇക്കൂട്ടത്തില്‍ വരുന്നത്. ഇതില്‍ തന്നെ ബിപി (രക്തസമ്മര്‍ദ്ദം) ആണെങ്കില്‍ ഹൃദയവുമായി വളരെയധികം ബന്ധപ്പെട്ടാണ് ഇരിക്കുന്നത്. 

രക്തസമ്മര്‍ദ്ദമുള്ളവരില്‍ അത് പെടുന്നനെ ഉയരുന്നത് ഹൃദയത്തെ അപടപ്പെടുത്താന്‍ സാധ്യതകള്‍ കൂട്ടുന്നുണ്ട്. ഇത്തരത്തില്‍ ഹൃദയത്തെ പ്രശ്‌നത്തിലാക്കാന്‍ സാധ്യതയുള്ള ചില ഘടകങ്ങള്‍ ശ്രദ്ധിക്കുന്നത് ഏറെ ഗുണകരമാണ്. അങ്ങനെയുള്ള അഞ്ച് കാര്യങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ഡയറ്റില്‍ ശ്രദ്ധിക്കേണ്ട ഒന്നാണ് ആദ്യമേ സൂചിപ്പിക്കുന്നത്. 

ഹൃദയാരോഗ്യത്തിന് അവശ്യം വേണ്ട ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണം, ഇലക്കറികള്‍, ധാന്യങ്ങള്‍, ഒലിവ് ഓയില്‍, മസ്റ്റാര്‍ഡ് ഓയില്‍, നട്ട്‌സ്, സീഡ്‌സ് എന്നിവയെല്ലാം കഴിക്കുക. 

രണ്ട്...

ശരീരത്തില്‍ ആവശ്യത്തിന് ജലാംശമുണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത നമുക്കെല്ലാം അറിയാം. ഹൃദയസുരക്ഷയ്ക്കും വെള്ളം ഉറപ്പ് വരുത്തേണ്ടതുണ്ട്. അതിനാല്‍ ദിവസവും കുടിക്കാനുള്ള വെള്ളം അളവ് വച്ച് തന്നെ കുടിക്കുക. അതില്‍ കൂടിയാലും കുറയാതിരിക്കാന്‍ കരുതുക. അതുപോലെ വെള്ളം ഒരുമിച്ച് കുടിക്കുന്നതിന് പകരം അല്‍പാല്‍പമായി കുടിക്കാനും ശ്രദ്ധിക്കുക. 

മൂന്ന്...

ബിപി, അഥവാ രക്തസമ്മര്‍ദ്ദത്തെ കുറിച്ച് നമ്മള്‍ ആദ്യമേ സൂചിപ്പിച്ചതാണ്. ഹൃദയത്തെ പ്രശ്‌നത്തിലാക്കുന്ന മറ്റൊരു വില്ലന്‍ തന്നെയാണ് ബിപി. അതിനാല്‍ ബിപി ഉള്ളവര്‍ എപ്പോഴും അത് നിയന്ത്രണത്തില്‍ തന്നെയാണെന്ന് ഉറപ്പിക്കേണ്ടതുണ്ട്. ഉപകരണമുണ്ടെങ്കില്‍ ഇത് വീട്ടില്‍ തന്നെ പരിശോധിച്ച് ഉറപ്പുവരുത്താന്‍ സാധിക്കുന്നതാണ്. ബിപിയില്‍ വ്യത്യാസം വരുന്നുണ്ട് എങ്കില്‍ അത് സൂക്ഷ്മതയോടെ നിരീക്ഷിച്ച് ചികിത്സ തേടേണ്ട ഘട്ടമെത്തിയാല്‍ വൈകാതെ തന്നെ ചികിത്സ തേടുക. 

നാല്...

രക്തസമ്മര്‍ദ്ദത്തില്‍ പെടുന്നനെ വ്യതിയാനങ്ങള്‍ വരുന്നതിന് കാരണമാകുന്ന ഒരു പ്രധാന ഘടകമാണ് മാനസിക സമ്മര്‍ദ്ദം. 

വ്യക്തിജീവിതത്തില്‍ നിന്നോ, സമൂഹത്തില്‍ നിന്നോ, തൊഴിലിടത്തില്‍ നിന്നോ എല്ലാം സമ്മര്‍ദ്ദങ്ങളുണ്ടാകാം. പക്ഷേ ഇതിനെ മറികടക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. ബിപിയില്‍ മാറ്റം വരുത്തുന്നു എന്നാല്‍ ഹൃദയത്തെയും അപകടത്തിലാക്കുന്നു എന്നത് തന്നെയാണ് സാരം. അതിനാല്‍ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള മാര്‍ഗങ്ങള്‍ തീര്‍ച്ചയായും തേടുക. 

അഞ്ച്...

വ്യായാമമില്ലാതെ ജീവിക്കുന്നത് ശാരീരികാരോഗ്യത്തെയും മാനസികാരോഗ്യത്തെയും ഒരുപോലെ ബാധിക്കുന്നതാണ്. ജീവിതശൈലീരോഗങ്ങളിലേക്ക് വ്യക്തികളെ നയിക്കുന്ന പ്രധാന ഘടകം കൂടിയാണ് വ്യായാമമില്ലായ്മ. ജീവിതശൈലീരോഗങ്ങളാണെങ്കില്‍ ആദ്യമേ സൂചിപ്പിച്ചത് പോലെ ഹൃദയത്തെ അപകടപ്പെടുത്തുകയും ചെയ്യുന്നു. അതിനാല്‍ തന്നെ ഹൃദയത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെങ്കില്‍ വ്യായാമവും ശീലിക്കുക.

Also Read:- ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...